മെൽബൺ: ദിശ തെറ്റിച്ച് കാറോടിച്ചതിനെ തുടർന്ന് ഗർഭിണിയുടെ കാറിൽ ഇടിക്കുകയും തുടർന്ന് മാസം തികയാതെ പിറന്ന കുഞ്ഞ് മരിക്കാനിടയാകുകയും ചെയ്ത സംഭവത്തിൽ മലയാളി യുവതി കുറ്റം സമ്മതിച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റ് എട്ടിന് ക്രാൻബോണിലെ സൗത്ത് ഗിപ്സ്ലാൻഡ് ഹൈവേയിൽ വച്ചായിരുന്നു അപകടം നടന്നത്. മലയാളിയായ ഡിംപിൾ തോമസ് ഓടിച്ചിരുന്ന കാറിടിച്ചാണ് ഗർഭിണിക്കും ഗർഭസ്ഥ ശിശുവിനും പരിക്കേൽക്കുന്നത്. പിന്നീട് ശിശു മരിക്കുകയും ചെയ്തു.

തോംസൺ റോഡിനു സമീപത്തുള്ള ഇന്റർ സെക്ഷനിലൂടെ കാറോടിച്ചു വരികയായിരുന്നു ഇരുപത്തഞ്ചുകാരിയായ ഗർഭിണി. കാർ പാർക്കിംഗിൽ നിന്നിറക്കവേ ഡിംപിളിന്റെ കാർ ഗർഭിണിയുടെ കാറിൽ വന്നിടിക്കുകയും ഗർഭിണിക്കു ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു. 28 ആഴ്ച ഗർഭിണിയായിരുന്ന യുവതിയെ ഉടൻ തന്നെ റോയൽ വിമൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്ലാസന്റയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ഇവരെ അടിയന്തിര ശസ്ത്രിക്രിയയ്ക്കു വിധേയമാക്കി കുഞ്ഞിനെ പുറത്തെടുത്തു. എന്നാൽ ഗർഭസ്ഥ ശിശുവിന്റെ ആന്തരികാവയവങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റതിനാൽ ശിശു ഏതാനും ദിവസങ്ങൾക്കു ശേഷം മരിക്കുകയായിരുന്നു.

ഡിംപിൾ ഓടിച്ചിരുന്ന കാർ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിലായിരുന്നു. ഇടത്തേക്കു മാത്രം തിരിയാൻ അനുവാദമുള്ള സ്ഥലത്ത് ഡിംപിൾ വലത്തേക്ക് കാർ തിരിക്കുകയായിരുന്നു. എന്നാൽ ഈ ജംഗ്ഷനിൽ വലത്തേക്കു തിരിയാൻ പാടില്ലായിരുന്നുവെന്ന് തനിക്കറിയില്ലായിരുന്നുവെന്ന് ഡിംപിൾ മെൽബൺ മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ചു. മരണകാരണമായ അപകടകരമായ ഡ്രൈവിംഗിനാണ് ഡിംപിളിനെതിരേ കേസെടുത്തിരിക്കുന്നത്.

വിചാരണയ്ക്കു ശേഷം ഡിംപിളിന് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. അടുത്ത വിചാരണ ജൂൺ 13ന് കൗണ്ടി കോടതിയിൽ നടക്കും. ഡിംപിളിനെതിരേ പ്രാഥമിക റിപ്പോർട്ടിൽ ചുമത്തിയിരുന്ന മറ്റു കുറ്റങ്ങൾ പ്രോസിക്യൂട്ടർമാർ പിൻവലിച്ചിട്ടുണ്ട്.