ലീഗൽ അഡൈ്വസറായ ആൻജെല ഗാർവിൻ എന്നും രാവിലെ 6.30ന് ഉണരും. തുടർന്ന് അവർ തന്റെ മുഖം ക്ലീൻസെസ് ചെയ്യുകയും പുരുഷന്മാർ ചെയ്യുന്നത് പോലെ ഷേവിങ് ജെൽ മുഖത്ത് പുരട്ടി ഷേവ് ചെയ്യുകയും ചെയ്യും. ഷേവ് ചെയ്താൽ മുടിയുടെ വളർച്ച കൂടുമെന്ന് പറഞ്ഞ് മുഖത്ത് രോമമുള്ള ചില സ്ത്രീകളെ ചിലർ ഭീഷണിപ്പെടുത്തുന്നത് കാണാം.

എന്നാൽ ഇത് തെറ്റിദ്ധാരണയാണെന്നാണ് തന്റെ എട്ട് വർഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിൽ ആൻജെല പറയുന്നത്. ഇത്രയും വർഷങ്ങൾക്കിടെ ആഴ്ചയിൽ മൂന്ന് തവണയെങ്കിലും താൻ മുഖം ഷേവ് ചെയ്യാറുണ്ടെന്നും അതിനെത്തുടർന്നുള്ള അമിത രോമവളർച്ച തനിക്കുണ്ടായിട്ടില്ലെന്നുമാണ് എസ്സെക്‌സിലെ 46കാരിയായ ആൻജെല സാക്ഷ്യപ്പെടുത്തുന്നത്. ഇത് തൊലിക്ക് ഗുണം ചെയ്യുമെന്നാണ് ഒരു സംഘം ത്വക് രോഗ വിഗദ്ധരും അഭിപ്രായപ്പെടുന്നത്. ലേസർ ട്രീറ്റ് മെന്റിനേക്കാളും വാക്‌സിംഗിനേക്കാളും ചെലവ് കുറഞ്ഞ ഈ രീതി തന്നെ അലോസരപ്പെടുത്തുന്നില്ലെന്നാണ് ആൻജെല പറയുന്നത്. ഇതിനെത്തുടർന്ന് മേക്കപ്പ് കൂടുതൽ അനായാസമായിത്തീരുന്നുണ്ടെന്നും അവർ പറയുന്നു. ഈ രീതിയിൽ ഷേവ് ചെയ്യുന്ന സ്ത്രീകളുടെ എണ്ണം വർധിച്ച് വരികയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

തൊലിക്ക് പ്രായമാകുന്നതിനെ ചെറുക്കാൻ സ്ത്രീകളിലെ മുഖക്ഷൗരം സഹായിക്കുമെന്നാണ് ലണ്ടനിൽ പ്രാക്ടീസ് ചെയ്യുന്ന ഏസ്‌തെറ്റിക് ക്ലിനിഷ്യനായ ഡോ. മൈക്കൽ പ്രാഗെർ പറയുന്നത്. ഇതിലൂടെ മുഖത്തെ ചുളിവുകൾ കുറയ്ക്കാമെന്നും ഡോക്ടർ പറയുന്നു. കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും ഇത് വഴിയൊരുക്കുന്നു. ഷേവ് ചെയ്താൽ രോമം ശക്തിയായി വളരുമെന്ന വാദത്തെ ഡോകർ പുച്ഛിച്ച് തള്ളുന്നു. രോമത്തിന്റെ വേരിന് മുകളിലുള്ള രോമങ്ങൾ നീക്കുന്നത് രോമവളർച്ചയെ ഒരു വിധത്തിലും സ്വാധീനിക്കില്ലെന്നാണ് ഡോ. പ്രാഗെർ പറയുന്നത്. മിക്ക പുരുഷന്മാരും ദിവസവും ഷേവ് ചെയ്യുന്നവരാണെന്നും അതിനാലാണ് 30നും 40നും മധ്യേയുള്ള പുരുഷന്മാരുടെ മുഖചർമം ആ പ്രായത്തിലുള്ള സ്ത്രീകളുടെ മുഖത്തേക്കാൾ മെച്ചപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

എലിസബത്ത് ടെയ്‌ലർ, മർലിൻ മൻട്രോ, ക്ലിയോപാട്ര തുടങ്ങിയ സൗന്ദര്യധാമങ്ങളെല്ലാം തങ്ങൾ മുഖം വടിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകളിലെ മുഖക്ഷൗരം വർധിച്ചതോടെ സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള ഷേവിങ് ഉൽപന്നങ്ങളുടെ വിപണിയും ഉയർന്ന് വന്നിട്ടുണ്ട്. വാക്‌സിംഗും ത്രെഡിംഗും വേദനയുളവാക്കുന്ന പ്രക്രിയകളാണെന്നും ഇലക്ട്രോലിസിസിന് സമയവും പണവും ഏറെ വേണ്ടിവരുന്നുണ്ടെന്നും ആൻജെല പറയുന്നു. അവയുമായി താരതമ്യപ്പെടുത്തുമ്പോൾ ഷെവിങ് സുഖകരമായ അനുഭവമാണെന്നും അവർ പറയുന്നു. ഇതിലൂടെ തനിക്ക് സ്വയംബോധവും ആത്മവിശ്വാസവുമുണ്ടാകുന്നുവെന്നും ആൻജെല പറയുന്നു.

ആൻജെലയെപ്പോലെ ഷേവ് ചെയ്യുന്ന സ്ത്രീകളേറെയുണ്ട്. ഹോവ് സ്വദേശിയായ 60കാരി ഗിൽ ജാമിസൻ അവരിലൊരാളാണ്. കഴിഞ്ഞ 40 വർഷമായി അവർ മുഖക്ഷൗരം ചെയ്യുന്നുണ്ട്. രണ്ട് ദിവസം കൂടുമ്പോൾ താൻ ഷേവ് ചെയ്യാറുണ്ടെങ്കിലും ഇത് ആളുകളോട് വെളിപ്പെടുത്താൻ താൽപര്യമില്ലെന്ന് അവർ വ്യക്തമാക്കി. ഷേവിംഗിന് ശേഷം തൊലി കൂടുതൽ മിനുസമുള്ളതും ഫ്രഷുമാകുന്നുവെന്നാണ് ഗിൽ സാക്ഷ്യപ്പെടുത്തുന്നത്. ആൻജെലയിൽ നിന്ന് വ്യത്യസ്തമായി ഡ്രൈ ഷേവാണിവർ ചെയ്യുന്നത്.

റെമിങ്ടൺസ് വെറ്റും ഡ്രൈ റേസറുമാണിതിന് ഉപയോഗിക്കുന്നത്. 83കാരിയായ തന്റ അമ്മയും ഷേവ് ചെയ്യാറുണ്ടെന്നാണ് ഗിൽ പറയുന്നത്. ഷേവ് ചെയ്യുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള മുറിവുകളെക്കുറിച്ചും അസ്വസ്ഥതകളെക്കുറിച്ചും ബോധവതികളാകണമെന്നാണ് ഏസ്‌തെറ്റിക് ഡോക്ടറായ ഡോ. ബാർബറ കുബിക്ക പറയുന്നത്. ഷേവിംഗിന് പല പാർശ്വഫലങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്നും അവർ പറയുന്നു. ഇതിന് പകരം ഫേഷ്യൽ ക്ലീൻസിങ് ബ്രഷോ, വീട്ടിൽ ഉപയോഗിക്കാവുന്ന ഡെർമ റോളർ ട്രീറ്റുമെന്റുകളോ ആണ് അവർ നിർദ്ദേശിക്കുന്നത്. ഹാംപ്‌ഷെയറിലെ 52കാരിയായ റീനി ഡാലി ഷേവിംഗിൽ പുതിയ ആളാണ്.

എന്നാൽ അതിനെ ഷേവിങ് എന്ന് വിളിക്കാൻ അവർ താൽപര്യപ്പെടുന്നില്ല. അതിനായി അവർ മൈക്രോ റേസറാണ് ഉപയോഗിക്കുന്നത്. ഷേവിംഗിനെപ്പറ്റി ചിന്തിക്കുമ്പോൾ പുരുഷന്മാർ ഉപയോഗിക്കുന്ന ഗില്ലെറ്റ് റേസർ ഉപയോഗിക്കുന്നതായിരിക്കും നിങ്ങൾ ഭാവനിയിൽ കാണുന്നതെന്നും അത് ഭയാനകവും സ്ത്രീകൾക്ക് യോജിക്കാത്തതുമാണെന്നും അവർ പറയുന്നു. താൻ ഷേവിംഗിന് ഉപയോഗിക്കുന്നത് ഇത്തരം ഉപകരണമല്ലെന്നും അവർ പറയുന്നു. ഏതായാലും മുഖം ഷേവ് ചെയ്ത് സുന്ദരികളാകുന്നവരുടെ എണ്ണം പെരുകിവരികയാണെന്നത് യാഥാർത്ഥ്യമാണ്.