ബീജിങ്: യുവതിയുടെ മൊബൈൽ ഫോൺ ഉപയോഗം ലേശം അതിരു കടന്നു കൊടുക്കേണ്ടി വന്നത് വലിയ വിലയും. ഒരാഴ്‌ച്ചയോളം തുടർച്ചയായി മൊബൈൽ ഫോൺ ഉപയോഗിച്ച യുവതിയുടെ കൈവിരലുകൾ ചലിപ്പിക്കാൻ കഴിയാത്ത വിധം സ്തംഭിച്ചെന്ന് റിപ്പോർട്ട്. ചൈനീസ് മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഹുനാൻ പ്രവിഷ്യയിലെ ചാംങ്ഷയിലാണ് സംഭവം. യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജോലിയിൽ നിന്നും ഒരാഴ്‌ച്ച അവധി എടുത്ത് വീട്ടിൽ വെറുതെ ഇരിക്കുന്ന സമയത്താണ് യുവതി ഫോണ് ദീർഘ നേരം ഉപയോഗിച്ചത്. പുറത്തുവരുന്ന വിവരം അനുസരിച്ച് യുവതി 20മണിക്കൂറിലധികം ഫോൺ ഉപയോഗിച്ചിരുന്നതായി സൂചന.ഉറങ്ങുമ്പോൾ മാത്രമാണ് യുവതി ഫോൺ കൈയിൽനിന്നും മാറ്റിയത്.

എന്നാൽ ദിവസങ്ങൾക്ക് ശേഷം യുവതിക്ക് വലതു കൈയിലെ വിരലുകൾ വേദനിക്കുകയും വിരലുകൾ ഫോൺ പിടിച്ച രീതിയിൽ ആകുകയും ചെയ്തു. വിരലുകൾ മടക്കാനോ അനക്കാനോ കഴിഞ്ഞിരുന്നില്ല. തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഒരോ രീതിയിൽ വിരലുകൾ ചലിപ്പിക്കാതെ വയ്ക്കുമ്പോൾ അനുഭവപ്പെടുന്ന റ്റെനോസിനോവിറ്റിസാണ് യുവതിക്ക് അനുഭവപ്പെട്ടതെന്ന് ഡോക്ടർമാർ പറഞ്ഞു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഡോക്ടർമാർ യുവതിയുടെ കൈവിരലിന്റെ അനക്കം തിരികെ കൊണ്ടു വന്നത്.