തങ്ങളുടെ കാഴ്ചപ്പാടു മരണശേഷം മറ്റൊരു ലോകത്തേക്കു മനുഷ്യനു പോകേണ്ടി വരും എന്നതാണ്. എല്ലാ മതങ്ങളും സ്വർഗത്തെയും നരകത്തെയുമൊക്കെ അവരാൽ ആകുംവിധം ചിത്രീകരിച്ചിട്ടുമുണ്ട്. എന്നാൽ, അവിടെ പോയി മടങ്ങി വന്ന ആരെയും ഇതുവരെ കണ്ടതായി വിവരമൊന്നും ലഭിച്ചിരുന്നുമില്ല.

എന്നാൽ, ഇനി ആ പരാതി വേണ്ട. 'സ്വർഗത്തിൽ പോയി മടങ്ങിയെത്തിയ' ഒരാളിതാ ഇവിടെ. ഈ വീഡിയോയിൽ. സ്വർഗത്തിൽ പോകാനായി 'മരിച്ചിട്ടും' ജീവനോടെ തിരികെ എത്തിയ ഈ പെൺകുട്ടി യേശുവിനെയും കണ്ടത്രെ. സ്വർഗത്തിലെ ദൈവം യേശുവാണെന്നാണ് ഈ യുവതി പറയുന്നത്. ക്രിസ്ത്യൻ സുവിശേഷ പ്രചാരണത്തിന്റെ ഭാഗമായാണ് പെൺകുട്ടിയുടെ 'അനുഭവസാക്ഷ്യം'.

കർത്താവ് വളരെ സിമ്പിളാണെന്നാണു പെൺകുട്ടി പറയുന്നത്. വളരെ എളിമയോടെ പെരുമാറി. ഒരു വായിൽ അയ്യായിരം പാട്ടുപാടുന്ന പാട്ടുകാർ സ്വർഗത്തിൽ ഉണ്ടായിരുന്നുവെന്നും പെൺകുട്ടി പറയുന്നു. സ്നേഹം കൂടി യേശുവിനെ 'അപ്പച്ചാ' എന്നുവരെ വിളിക്കുന്ന പെൺകുട്ടിയെ യേശു 'കുഞ്ഞേ' എന്നാണ് എല്ലായ്‌പ്പോഴും വാത്സല്യത്തോടെ അഭിസംബോധന ചെയ്യുന്നത്. സ്വർഗത്തിലെ പുഴയിലൂടെ ഒഴുകി നടന്ന മീനിനെ കൈയിലെടുത്ത് കുറച്ചുനേരം യേശു പിടിക്കുമ്പോൾ മീൻ ചാകുമെന്ന ഭയത്തിൽ പെൺകുട്ടി യേശുവിനോട് ആശങ്ക വെളിപ്പെടുത്തുമ്പോൾ 'കുഞ്ഞേ നിനക്കറിയില്ലേ, സ്വർഗത്തിൽ മരണമില്ല. നിത്യജീവനാണ് ഇവിടെ'യെന്ന് യേശു പറഞ്ഞത്രെ.

യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയുടെ പരിഹാസത്തിന് ഇതിനകം പാത്രമായിക്കഴിഞ്ഞു. വൈറലായ വീഡിയോ കാണാം...