വാഷിങ്ടൺ: രണ്ട് വർഷം മുമ്പ് മസ്തിഷ്‌ക മരണം സംഭവിച്ച 45കാരിയിൽ നിന്നും അവയവ ദാനത്തിലൂടെ ഗർഭപാത്രം സ്വീകരിച്ച യുവതി പെൺകുഞ്ഞിന് ജന്മം നൽകി. മരണാനന്തര ഗർഭപാത്ര ദാനത്തിലൂടെ ഇതാദ്യമായാണ് ലോകത്ത് ഒരു കുഞ്ഞ് പിറക്കുന്നത്. ശാസ്ത്രലോകത്തിന് പുത്തൻ പ്രതീക്ഷകൾ നൽകിയ ഈ സഭവം ബ്രസീലിലെ ഡോക്ടർമാരാണ് പരീക്ഷിച്ച് വിജയിപ്പിച്ചത്.

ജീവിച്ചിരിക്കുന്നവരുടെ ഗർഭപാത്രം സ്വീകരിച്ച് കുഞ്ഞിനു ജന്മം നൽകുന്നത് വിജയകരമായിരുന്നെങ്കിലും മരിച്ചവരുടെ ഗർഭപാത്രം സ്വീകരിച്ചുള്ള ഗർഭധാരണവും പ്രസവവും ആദ്യമായാണു വിജയിക്കുന്നത്. വൈദ്യശാസ്ത്രത്തിന്റെ ഈ നേട്ടം കുഞ്ഞുങ്ങളില്ലാത്ത ഒട്ടേറെ പേർക്കു പ്രതീക്ഷ നൽകുന്നതാണ്. കുഞ്ഞ് ജനിച്ച് ഒരു വർഷങ്ങൾക്ക് ശേഷമാണ് ബ്രസീലിലെ സാവോ പോളോ സർവകലാശ ആശുപത്രി അധികൃതർ സംഭവം പുറത്ത് വിടുന്നത്.

2016 സെപ്റ്റംബറിലാണ് മസ്തിഷ്‌ക രക്തസ്രാവത്തെ തുടർന്നു മരിച്ച നാൽപ്പത്തഞ്ചുകാരിയുടെ ഗർഭപാത്രം ജന്മനാ ഗർഭപാത്രമില്ലാതിരുന്ന മറ്റൊരു യുവതിയിൽ വെച്ച് പിടിപ്പിക്കുന്നത്. പത്തര മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണു ജന്മനാ ഗർഭപാത്രമില്ലാതിരുന്ന മുപ്പത്തിരണ്ടുകാരിയിൽ വച്ചുപിടിപ്പിച്ചത്. സ്വീകർത്താവിൽ ഗർഭപാത്രത്തിന്റെ പ്രവർത്തനം സാധാരണ നിലയിലായെന്ന് ഉറപ്പാക്കി 7 മാസങ്ങൾക്കു ശേഷം ഭ്രൂണം നിക്ഷേപിച്ചു.

സിസേറിയനിലൂടെ യുവതി രണ്ടര കിലോഗ്രാം തൂക്കമുള്ള പെൺകുഞ്ഞിനു ജന്മം നൽകുകയായിരുന്നുവെന്ന് ഗവേഷണത്തിനു നേതൃത്വം നൽകിയ ബ്രസീലിലെ സാവോ പോളോ സർവകലാശ ആശുപത്രിയിലെ ഡോ. ഡാനി എസൻബർഗ് പറഞ്ഞു. സിസേറിയനു പിന്നാലെ ഗർഭപാത്രം നീക്കം ചെയ്തു. കഴിഞ്ഞ ഡിസംബറിലായിരുന്നു പ്രസവം. കുഞ്ഞിന് ഒരു വയസ്സു തികയുന്ന വേളയിലാണ് ഗവേഷകർ വിവരം പുറത്തുവിട്ടത്.

മസ്തിഷ്‌ക മരണം സംഭവിച്ചയാളുടെ ഗർഭപാത്രം വച്ചുപിടിപ്പിച്ചു കുഞ്ഞിനു ജന്മം നൽകാനുള്ള ശ്രമം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി മുൻപ് 10 വട്ടം നടന്നിട്ടുണ്ടെങ്കിലും വിജയകരമായില്ല. 11ാം ശ്രമമാണു സാവോ പോളോയിൽ വിജയം കണ്ടത്. എന്നാൽ ജീവിച്ചിരിക്കുന്നവരുടെ ഗർഭപാത്രം സ്വീകരിച്ച 39 സംഭവങ്ങൾ ഇതുവരെയുണ്ടായിട്ടുണ്ട്.