ന്യൂഡൽഹി: ഇന്ത്യ അധികം വൈകാതെ ലോക രാജ്യങ്ങൾക്ക് മുന്നിൽ മറ്റൊരു നേട്ടത്തിലേക്ക് കൂടി ചുവട് വയ്ക്കാനൊരുങ്ങുകയാണെന്നാണ് ഏറ്റവും പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നത്. ഇതനുസരിച്ച് രാജ്യത്തെ വിദ്യാർത്ഥികളിൽ 50 ശതമാനവും പെൺകുട്ടികളായിത്തീരുമെന്നാണ് റിപ്പോർട്ട്. 2015-16ലെ കണക്കുകൾ പ്രകാരം രാജ്യത്തെ 300 ദശലക്ഷം വിദ്യാർത്ഥികളിൽ 48 ശതമാനവും പെൺകുട്ടികളാണ്.

എംപിമാരിൽ 11 ശതമാനവും എംഎൽഎമാർ ഒമ്പത് ശതമാനത്തിൽ താഴെയും 500 ലാർജസ്റ്റ് ലിസ്റ്റഡ് കമ്പനികളുടെ സിഇഒ മാരിൽ 17 പേരും മാത്രമേ ഇന്ത്യയിൽ സ്ത്രീകളുള്ള പ്രാതിനിധ്യം ഉള്ളുവെങ്കിലും പഠിപ്പിന്റെ കാര്യത്തിൽ ഇന്ത്യൻ പെൺകൊടികൾ ആൺകുട്ടികളെ കടത്തി വെട്ടുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇത്തരത്തിൽ വിപ്ലവകരമായ മാറ്റത്തിന്റെ പാതയിലേക്ക് ചരിച്ച് കൊണ്ടിരിക്കുന്ന ഇന്ത്യയിലെ സ്ത്രീകളെ ലോകം കൗതുകത്തോടെ ഉറ്റ് നോക്കുകയാണ്.

ഇന്ത്യയിൽ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ സ്‌കൂളുകൾ, കോളജുകൾ, യൂണിവേഴ്‌സിറ്റികൾ, തുടങ്ങിയ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ എൻ റോൾ ചെയ്യുന്ന വിദ്യാർത്ഥിനികളുടെ എണ്ണം മുമ്പില്ലാത്ത വിധം വർധിച്ച് വരുന്നുവെന്നാണ് ഏറ്റവും പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നത്. 195051ൽ ഇത് വെറും 25 ശതമാനമായിരുന്നു. തുടർന്ന് 40 വർഷങ്ങൾക്കിടെ വിദ്യാർത്ഥിനികളുടെ എണ്ണം വളരെ സാവധാനം വർധിച്ച് 199091ൽ 39 ശതമാനം മാത്രമായിരുന്നു. എന്നാൽ തുടർന്നുള്ള ഒരു ദശാബ്ദത്തിനിടെ വിദ്യാർത്ഥിനികളുടെ എണ്ണത്തിൽ വൻ കുതിച്ച് ചാട്ടമുണ്ടാവുകയും അത് 42 ശതമാനമായിത്തീരുകയുമായിരുന്നു.

തുടർന്ന് 2002001 കാലം മുതൽ 50 ശതമാനത്തിലെത്താനുള്ള കുതിപ്പിലാണ്. ഇതിനെ തുടർന്ന് പെൺകുട്ടികൾ ഒരിക്കൽ എൻ റോൾ ചെയ്താൽ നന്നായി പഠിക്കുന്നതിലും കോഴ്‌സുകൾ പൂർത്തിയാക്കുന്നതിലും മുമ്പില്ലാത്ത വിധത്തിൽ ശ്രദ്ധ കാണിക്കുന്നുവെന്നും തെളിഞ്ഞിരിക്കുന്നു. നിലവിൽ ഡിഗ്രിയെടുക്കുന്ന കാര്യത്തിൽ ആൺകുട്ടികളെ പെൺകുട്ടികൾ കവച്ച് വയ്ക്കുന്ന സ്ഥിതിയാണുള്ളത്. ഈ നേട്ടത്തിന് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെയേറെ പ്രാധാന്യമുണ്ട്. ഇതോടെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ഇന്ത്യ വികസിത രാജ്യങ്ങളുടെ തലത്തിലേക്ക് ഉയരാൻ പോവുകയാണ്.

യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ ഉന്നത വിദ്യാഭ്യാസത്തിന്റെ 54 ശതമാനവും പെൺകുട്ടികളാണ്. യുഎസിൽ ഇത് 55 ശതമാനവും ചൈനയിൽ 54 ശതമാനവുമാണ്. ഈ രാജ്യങ്ങളിൽ ഇതോടൊപ്പം സമൂഹത്തിൽ സ്ത്രീകളുടെ നിലയും ഉയർന്നതായി കാണാം. അതായത് ഇവിടങ്ങളിൽ തൊഴിൽ, രാഷ്ട്രീയം, പാർലിമെന്റ്, ഭരണരംഗം, സാമ്പത്തികതീരുമാനമെടുക്കൽ, തുടങ്ങിയ രംഗങ്ങളിലും ഇതോടൊപ്പം സ്ത്രീകളുടെ പങ്കാളിത്തം വർധിച്ചിട്ടുണ്ട്.

എന്നാൽ ഇന്ത്യയിൽ സ്ത്രീകളുടെ വിദ്യാഭ്യാസത്തിൽ കുതിച്ച് ചാട്ടമുണ്ടാകുമ്പോഴും മറ്റ് രംഗങ്ങളിൽ സ്ത്രീകളുടെ പ്രാതിനിധ്യം പാശ്ചാത്യരാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ പിന്നിലാണ്. ഇന്ത്യയിൽ നല്ല രീതിയിൽ വിദ്യാഭ്യാസം നേടിയ സ്ത്രീകൾ പോലും ഒന്നും ചെയ്യാതെ ഇരിക്കുന്നതാണ് ഇതിന് പ്രധാന കാരണം.