തിരുവനന്തപുരം: ഹിന്ദു യുവാവിനെ പ്രണയിച്ചു വിവാഹം കഴിച്ച യുവതിയെ പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയവിഭാഗമായ എസ്ഡിപിഐയുടെ പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നായി ആരോപണം. കൊല്ലം ജില്ലയിലെ തേവലക്കര സ്വദേശി ജാസ്മി ഇസ്മയിൽ എന്ന യുവതിയാണ് എസ്ഡിപിഐ പ്രവർത്തകരുടെ പേരെടുത്തു പറഞ്ഞ് ആരോപണം ഉന്നയിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടിരിക്കുന്നത്. ഡിജിപിക്കുള്ള പരാതിയുടെ ചിത്രങ്ങളും യുവതി പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഒരു വർഷമായി പ്രണയത്തിലായിരുന്ന അന്യമതസ്ഥനായ യുവാവിനൊപ്പം ജീവിക്കാനായി ജനുവരി 11നാണ് താൻ ഇറങ്ങിത്തിരിച്ചതെന്ന് ജാസ്മി പറയുന്നു. ഇതിനു പിന്നാലെ എസ്ഡിപിഐ പ്രവർത്തർ തന്റെയും ഭർത്താവിന്റെയും പിറകേയുണ്ടെന്നു യുവതി ആരോപിക്കുന്നു. ഷംനാദ്, ഷെമീർ, ഷാനവാസ് എന്നീ പ്രവർത്തകരുടെ പേരും ജാസ്മി എടുത്തു പറയുന്നുണ്ട്.

താനോ തന്റെ ഭർത്താവോ കൊല്ലപ്പെടുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്താൽ പരാതിയിൽ പറയുന്ന എസ്ഡിപിഐ പ്രവർത്തകർക്കായിരിക്കും ഉത്തരവാദിത്തം എന്നും ഡിജിപിക്കെഴുതിയ കത്തിൽ പറയുന്നു. അതേസമയം യുവതി ഡിജിപിക്കു പരാതി സമർപ്പിച്ചിട്ടുണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ല.

എന്റെ പ്രിയ എസ്ഡിപിഐ പ്രവർത്തകരെ അന്യമതത്തിൽ പെട്ട ഒരു പയ്യനുമായി ഞാൻ സ്‌നേഹിക്കുകയോ, ജീവിക്കുകയോ ചെയ്‌തോട്ടേ, നിങ്ങൾ എന്തിനാണ് ഞങ്ങളുടെ പുറകേ വരുന്നത്, നിങ്ങൾക്കു ഞങ്ങളുടെ ജീവൻ ആണോ വേണ്ടത്, ഞാനും ഈ ഭുമിയിൽ ജീവിക്കാൻ ആഗ്രഹിക്കുന്നു, ദയവ് ചെയ്തു എന്നെയോ ഞാൻ ഇഷ്ടപ്പെടുന്ന വ്യക്തിയേയോ ഇല്ലാതാക്കൻ ശ്രമിക്കരുത്. ഇത് എന്റെ ജീവിതമാണ് ഇതിൽ നിങ്ങൾ തല ഇടരുതെന്നും ജാസ്മി ഫേസ്‌ബുക്കിലൂടെ അഭ്യർത്ഥിക്കുന്നു.

എന്റെ ജീവൻ ഇനി എത്ര നാൾ ഉണ്ടെന്നറിയില്ല. എന്റെ ഇഷ്ടം അറിഞ്ഞപ്പോൾ എന്റെ നേരം കമ്പിവടിയുമായി വന്നവർ എന്ന് ഇല്ലാതാക്കും എന്ന് ഉറപ്പാണ്. അതിന് കൂട്ട് തെക്കുംഭാഗം പൊലീസും. എനിക്ക് ജീവിക്കണം. എന്നെ വെറുത് വിടണം. ഒരു അപേക്ഷയാണ്'- ഇതായിരുന്നു ജാസ്മിയുടെ പേരിൽ പുറത്ത് വന്ന അവസാനത്തെ ഫേസ്‌ബുക്ക് പോസ്റ്റ്.