- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാജ പാസ്പോർട്ടിൽ വിദേശത്തേക്ക് കടക്കാൻ ശ്രമം; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യുവതി പിടിയിൽ; യുവതി നേരത്തെ വിദേശത്ത് ജോലി ചെയ്തതും വ്യാജമേൽവിലാസത്തിലെന്ന് പൊലീസ്
ചവറ : വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച യുവതിയെ ചവറ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ആറ്റുകാൽ ദേവീക്ഷേത്ര കല്യാണമണ്ഡപത്തിനു സമീപം കൽപാംകുളംവീട്ടിൽ വാടകയ്ക്കുതാമസിക്കുന്ന ശ്രീലത(42)യാണ് പിടിയിലായത്.
ചവറയിലെ വിലാസംവെച്ച് വ്യാജ പാസ്പോർട്ട് സമ്പാദിച്ചതായി ജില്ലാ പൊലീസ് മേധാവി ടി.നാരായണന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആൾമാറാട്ടത്തിന് യുവതിയുടെ പേരിൽ 2021 ഓഗസ്റ്റിൽ ചവറ പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് പൊലീസ് പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച ശ്രീലത നെടുമ്പാശ്ശേരി വിമാനത്താവളത്തിൽവെച്ച് കുടുങ്ങിയത്.
വസന്ത ജനാർദനൻ, വസന്താലയം, മുകന്ദപുരം, ചവറ എന്ന വ്യാജവിലാസത്തിലെടുത്ത പാസ്പോർട്ട് ഉപയോഗിച്ച് ഇവർ സൗദയിൽ ജോലിചെയ്തു വരികയായിരുന്നു. അവധികഴിഞ്ഞ് നെടുമ്പാശ്ശേരി വിമാനത്താവളം വഴി തിരികെ സൗദിയിലേക്ക് പോകാൻ ശ്രമിക്കുമ്പോഴാണ് പിടിയിലായതെന്നാണ് സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്.
വിമാനത്താവള അധികൃതരുടെ അറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് ചവറ സിഐ. എ.നിസാമുദീന്റെ നേതൃത്വത്തിൽ എസ്ഐ. നൗഫൽ, എസ്.സി.പി.ഒ.മാരായ തമ്പി, സബിത എന്നിവരടങ്ങിയ സംഘം യുവതിയെ അറസ്റ്റ് ചെയ്ത് ചവറയിലെത്തിച്ച് കോടതിയിൽ ഹാജരാക്കി. ഇവർ വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് പലതവണ വിദേശത്ത് പോയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ