ന്യൂഡൽഹി: ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്ന പ്രമുഖർക്കുള്ള സുരക്ഷാ സേനയിലേക്ക് ഇനി വനിതാ സിആർപിഎഫുകാരും.32 സിആർപിഎഫ് വനിതാ കമാൻഡോകളുടെ ആദ്യ ബാച്ചിനെയാണ് ഉടൻ നിയോഗിക്കുക.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവർക്കുള്ള സുരക്ഷാസേനയിൽ വനിതാ കമാൻഡോകൾ ഭാഗമാകും.പ്രമുഖരെ അകമ്പടി സേവിക്കുക അടക്കം നിരവധി ചുമതലകളാണ് വനിതാ കമാൻഡോകൾ കൈകാര്യം ചെയ്യുക.

ഉത്തർപ്രദേശ് അടക്കം അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന് ഇനി മാസങ്ങൾ മാത്രമാണ് ഉള്ളത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്ന പ്രമുഖർക്ക് സുരക്ഷ നൽകുന്നതിനും ഇവരെ വിന്യസിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പത്താഴ്ചത്തെ പരിശീലനം പൂർത്തിയാക്കിയാണ് വനിതാ കമാൻഡോകൾ സുരക്ഷാ ചുമതലയ്ക്ക് എത്തുന്നത്.

പ്രമുഖർക്കുള്ള സുരക്ഷ, നിരായുധരായിരിക്കുന്ന സമയത്തുള്ള പോരാട്ടം, ആയുധങ്ങൾ ഉപയോഗിക്കൽ തുടങ്ങി വിവിധ തലങ്ങളിലാണ് വനിതാ കമാൻഡോകൾ പരിശീലനം പൂർത്തിയാക്കിയത്.ജനുവരി രണ്ടാമത്തെ ആഴ്ചയിൽ ഇവരെ സുരക്ഷാ ചുമതലയ്ക്കായി വിന്യസിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയിലും മുൻപ്രധാനമന്ത്രി മന്മോഹൻ സിങ്ങിന്റെ വസതിയിലും വനിതാ സിആർപിഎഫുകാരെ സുരക്ഷയ്ക്കായി നിയോഗിക്കും. മന്മോഹൻ സിങ്ങിന്റെ ഭാര്യ ഗുർശരൺ കൗറും സംരക്ഷണം നൽകേണ്ടവരുടെ പട്ടികയിലുള്ളയാളാണ്. അതിനാലാണ് അദ്ദേഹത്തിന്റെ വസതിയിലും സുരക്ഷാ പരിശോധനയ്ക്കും മറ്റുമായി വനിതാ സിആർപിഎഫുകാരെ നിയോഗിക്കുന്നതെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

ഡൽഹിയിലുള്ള പ്രമുഖരുടെ സുരക്ഷാ ചുമതലയാണ് ഇവരെ ഏൽപ്പിക്കുന്നത്. വിഐപികളുടെ വീടുകളുടെ സുരക്ഷാ ചുമതലയിലും ഇവരെ ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്ന സമയത്ത് വിഐപികളുടെ സുരക്ഷയ്ക്കായി ഇവർ അകമ്പടിയും സേവിക്കും. വനിതകളായുള്ള അതിഥികളെ പരിശോധിക്കുന്ന ചുമതലയും ഇവർ നിർവഹിക്കും. പുരുഷ കമാൻഡോകളെ പോലെ ഇവരും ആയുധങ്ങൾ കൈയിലേന്തും.