ന്യൂഡൽഹി: സ്വകാര്യമേഖലയിലും ജീവനക്കാരികളുടെ പ്രസവാവധി ആറുമാസമാക്കാൻ വ്യവസ്ഥ ചെയ്യുന്ന നിയമം വരുന്നു. ഇതിനുള്ള ബിൽ 18ന് തുടങ്ങുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ അവതരിപ്പിക്കും. ചെറുകിട സ്ഥാപനങ്ങളെയും ഈ നിയമത്തിന്റെ പരിധിയിൽപ്പെടുത്താനാണ് മോദി സർക്കാരിന്റെ തീരുമാനം.

ഇക്കാര്യം കേന്ദ്ര തൊഴിൽമന്ത്രി ബന്ദാരു ദത്താത്രേയ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ സർക്കാർജീവനക്കാർക്ക് ആറുമാസമാണ് പ്രസവാവധി. എന്നാൽ, സ്വകാര്യസ്ഥാപനങ്ങളിൽ മൂന്നുമാസവും. ചെറുകിട സ്ഥാപനങ്ങൾ പലതും ഈ അനുകൂല്യം ജീവനക്കാർക്ക് നൽകാറുമില്ല. ഇതുമൂലം പ്രസവ സമയത്ത് സ്ത്രീകൾക്ക് ജോലി ഉപേക്ഷിക്കേണ്ട അവസ്ഥയും വരുന്നു. ഇതേത്തുടർന്നാണ് സ്വകാര്യമേഖലയിലുൾപ്പെടെ പ്രസവാവധിയുടെ കാലാവധി ഏകീകരിക്കാൻ സർക്കാർ തീരുമാനിച്ചത്.

മാതൃത്വ ആനുകൂല്യ ബിൽ എന്ന പേരിലാണ് ഇത് പാർലമെന്റിൽ അവതരിപ്പിക്കുക. ഇതിന് ഉടൻതന്നെ കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകുമെന്ന് ബന്ദാരു ദത്താത്രേയ പറഞ്ഞു. ഇതിനുശേഷമാകും പാർലമെന്റിൽ അവതരിപ്പിക്കുക. പിതൃത്വാവധി സംബന്ധിച്ച് ബില്ലിൽ വ്യവസ്ഥയുണ്ടാകില്ല. അമ്മമാരുടെയും കുട്ടികളുടെയും ക്ഷേമംമാത്രം ഉദ്ദേശിച്ചുള്ള ബില്ലാണ് ഇപ്പോൾ കേന്ദ്ര സർക്കാർ കൊണ്ടു വരുന്നത്. ഭാവിയിൽ പിതൃത്വാവധിയിലും തീരുമാനം ഉണ്ടാകും.