- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മറഡോണ ഗാർഹിക പീഡന കുറ്റവാളി' കളിക്കളത്തിൽ പ്രതിഷേധവുമായി വനിത ഫുട്ബോൾ താരം; താരത്തിന് വധ ഭീഷണിയും, സ്പാനിഷ് താരം ഡപേനയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ
മഡ്രിഡ്: ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണക്കെതിരെ പ്രതിഷേധവുമായി രംഗത്ത് വന്ന സ്പാനിഷ് വനിതാ ഫുട്ബോൾ താരം പൗല ഡപെനയ്ക്ക് വധഭീഷണി. കളിക്കളത്തിൽ മറഡോണയെ ആദരിക്കാൻ നടന്ന മൗനമാചരിക്കൽ ചടങ്ങിലാണ് താരം പ്രതിഷേധിച്ചത്. മറഡോണ ഗാർഹിക പീഡന കുറ്റവാളിയാണെന്നും അങ്ങനെയൊരാളെ ആദരിക്കാൻ തന്നെ കിട്ടില്ലെന്നും പ്രഖ്യാപിച്ചാണ് സ്പാനിഷ് വനിതാ ഫുട്ബോൾ താരമായ പൗല ഡപെന പ്രതിഷേധം അറിയിച്ചത്.
കഴിഞ്ഞ ദിവസം നടന്ന വിയാജെസ് ഇന്റെരിയാസ്- ഡിപോർടീവോ അബൻക്ക മത്സരത്തിനു മുന്നോടിയായാണ് സംഭവം നടന്നത്. വിയാജെസിന്റെ താരമാണ് 24കാരിയായ ഡപെന. മത്സരം ആരംഭിക്കുന്നതിന് മുൻപ് ഇരു ടീമുകളുടേയും താരങ്ങൾ ഗ്രൗണ്ടിൽ മറഡോണക്ക് ആദരാഞ്ജലികൾ അർപ്പിക്കാനായി ഒരു നിമിഷം മൗനമായി നിന്നു. എന്നാൽ ഡപെന ഇതിനു തയ്യാറായില്ല. ടീം അംഗങ്ങൾ നിരന്നു നിന്നപ്പോൾ പുറം തിരിഞ്ഞ് നിലത്തിരുന്ന് കൊണ്ടാണ് ഡപേന തന്റെ പ്രതിഷേധം അറിയിച്ചത്.
'ഗാർഹിക പീഡന കുറ്റവാളിയായ ഒരാൾക്ക് വേണ്ടി മൗനം ആചരിക്കാൻ എനിക്ക് താത്പര്യമില്ലായിരുന്നു. ചൂഷണത്തിന് ഇരയാകുന്നവർക്കായി ഒരു മിനിട്ട് മൗനമാചരിക്കാൻ സമയം ഇല്ല. അവരോട് ഒരു അനുഭാവവും ആർക്കും തോന്നുന്നില്ല. എന്നാൽ പീഡിപ്പിച്ച ആൾക്ക് വേണ്ടി മൗനമാചരിക്കുന്നു. ഇതിനോട് എനിക്ക് ഒട്ടും യോജിക്കാൻ സാധിക്കുന്നില്ല'- ഡപെന പറഞ്ഞു.
സംഭവത്തിന് ശേഷം ഡപേനയുടെ പ്രതിഷേധത്തിൽ അവരെ പിന്തുണച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്.'പ്രതിഷേധത്തിന് പിന്തുണ അറിയിച്ചുകൊണ്ട് പലരും വിളിച്ചിരുന്നു. എന്നാൽ അതേസമയം, തനിക്ക് നേരെ വധഭീഷണിയും ഉണ്ടായിട്ടുണ്ട്. ചില ടീമംഗങ്ങൾക്ക് നേരെയും വധഭീഷണിയുണ്ട്.' പൗല ഡപേന പറഞ്ഞു.
അതേസമയം 'മറഡോണ ഒരു അസാധാരണ കളിക്കാരനായിരുന്നു എന്ന കാര്യത്തിൽ സംശയം ഇല്ല. എന്നാൽ ഒരു വ്യക്തി എന്ന അർഥത്തിൽ അദ്ദേഹത്തിന് പല പോരായ്മകളുമുണ്ടായിരുന്നുവെന്നും സംഭവത്തിനുശേഷം ഒരു റേഡിയോക്ക് നൽകിയ അഭിമുഖത്തിൽ ഡെപന പറഞ്ഞു. ചെയ്ത കാര്യത്തിൽ പശ്ചാത്തപിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി.