- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിതകളുടെ നിയമ പോരാട്ടത്തിന് ഐതിഹാസിക വിജയം; 39 പേർക്ക് കരസേനയിൽ സ്ഥിരം നിയമനം നൽകി കേന്ദ്രസർക്കാർ; പുരുഷന്മാർക്കു തുല്യമായ സേവന കാലയളവും റാങ്കുകളും വനിതകൾക്കും ലഭിക്കും; കേണൽ റാങ്ക് മുതലുള്ള കമാൻഡ് പദവികളിലും വനിതകളെത്തും
ന്യൂഡൽഹി: രാജ്യത്തെ സ്ത്രീശാക്തീകരണത്തിന്റെ വിജയമെന്ന് ഉദ്ഘാഷിക്കാവുന്ന വിധത്തിൽ നിർണായക വിജയം നേടി കരസേനയിലെ വനിതകൾ. രാജ്യത്തിന്റെ തന്നെ ശ്രദ്ധ ആകർഷിച്ച നിയമ യുദ്ധത്തിനൊടുവിൽ 39 വനിത കരസേന ഉദ്യോഗസ്ഥർക്ക് കേന്ദ്രം സ്ഥിരം നിയമനം അനുവദിച്ചു. സുപ്രീംകോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നിർണായക നടപടി ഉണ്ടായത്.
വിരമിക്കുന്ന കാലാവധി വരെ കരസേനയിൽ തുടരുന്നതിനെയാണ് പെർമനന്റ് കമ്മീഷൻ എന്നു പറയുന്നത്. ഇതിന് വേണ്ടിയുള്ള പോരാട്ടത്തിലായിരുന്നു കരസേനയിലെ വനിതകൾ. പത്തു വർഷത്തേക്കായിരുന്നു ഷോർട്ട് സർവീസ് കമ്മീഷൻ. പത്തു വർഷത്തിന് ശേഷം ഒരു ഓഫീസർക്ക് പെർമനന്റ് കമ്മീഷൻ ലഭിച്ചില്ലെങ്കിൽ നാലു വർഷത്തേക്കു കൂടി സേവന കാലാവധി നീട്ടി നൽകുന്ന പതിവാണ് ഇതുവരെ ഉണ്ടായിരുന്നത്. ഇത്തരത്തിൽ പെർമനന്റ് കമ്മീഷൻ നിഷേധിക്കപ്പെട്ട 71 വനിത ഉദ്യോഗസ്ഥരാണ് സുപ്രീംകോടതിയെ സമീപിച്ചത്.
കോടതി കയറിയ 71 പേരിൽ 39 പേർ പെർമനന്റ് കമ്മീഷന് യോഗ്യരാണെന്നാണ് കേന്ദ്രം സുപ്രീംകോടതിയിൽ വ്യക്തമാക്കിയത്. ഏഴ് പേർക്ക് ശാരീരിക ക്ഷമതയില്ല. 25 പേർക്കെതിരേ അച്ചടക്ക നടപടികളുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. ഈ 25 പേർക്ക് എന്തുകൊണ്ട് പെർമനന്റ് കമ്മീഷൻ നൽകുന്നില്ല എന്നത് വ്യക്തമാക്കി വിശദമായ റിപ്പോർട്ട് നൽകാൻ സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
കരസേനയുടെ പോരാട്ട യൂണിറ്റുകൾ ഒഴികെയുള്ള തസ്തികകളിലാണ് ഇപ്പോൾ വനിതകൾക്ക് പെർമനന്റ് കമ്മീഷൻ നൽകിയിരിക്കുന്നത്. സ്ഥിര നിയമനമാകുന്നതോടെ, പുരുഷന്മാർക്കു തുല്യമായ സേവന കാലയളവും റാങ്കുകളും വനിതകൾക്കും ലഭിക്കും. കേണൽ റാങ്ക് മുതലുള്ള കമാൻഡ് പദവികളിലും വനിതകളെത്തും.
സ്ഥിര നിയമനം ലഭിക്കുന്ന വനിതാ ഉദ്യോഗസ്ഥരുടെ വിരമിക്കൽ പ്രായം പുരുഷന്മാരുടേതു പോലെ സേനാ റാങ്കുകൾക്ക് അനുസരിച്ചായിരിക്കും. ജനറൽ റാങ്കുള്ള സേനാ മേധാവിയുടെ വിരമിക്കൽ പ്രായം 62 ആണ്. അതിനു താഴെയുള്ള ലഫ്. ജനറൽ ഉദ്യോഗസ്ഥരുടേത് 60 വയസും ആണ്.
ഇതോടെ ആർമി എയർ ഡിഫൻസ്, സിഗ്നൽസ്, എൻജിനീയറിങ്, ആർമി ഏവിയേഷൻ, ഇലക്ട്രോണിക്സ് മെക്കാനിക്കൽ എൻജിനീയറിങ്, ആർമി സർവീസ് കോർ, ആർമി ഓർഡ്നൻസ് കോർ, ഇന്റലിജൻസ് കോർ, അഡ്വക്കറ്റ് ജനറൽ, ആർമി എജ്യുക്കേഷനൽ കോർ എന്നീ യൂണിറ്റുകളിൽ വനിതകൾക്ക് സ്ഥിരം നിയമനം ലഭിക്കും.
മറുനാടന് ഡെസ്ക്