കൊച്ചി: സിനിമയിലെ വനിതാ കൂട്ടായ്മയുമായുള്ള ബന്ധം മഞ്ജു വാര്യർ പൂർണ്ണമായും വിച്ഛേദിക്കും. കസബയെ വിമർശിച്ച പാർവതിയുടെ നിലപാടിനെ തുടർന്നുള്ള സംഭവങ്ങളിൽ മഞ്ജു വാര്യർ അതീവ ദുഃഖിതയാണ്. മമ്മൂട്ടിക്കെതിരെയുള്ള ലേഖനം വനിതാ കൂട്ടായ്മയുടെ ഫെയ്‌സ് ബുക്ക് പേജിൽ ഷെയർ ചെയ്തതും മഞ്ജുവിനെ അലോസരപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ വനിതാ കൂട്ടായ്മയുമായി തനിക്കൊരു ഇനി ബന്ധമുണ്ടാകില്ലെന്ന് സിനിമയിലെ വിശ്വസ്തരെ മഞ്ജു അറിയിച്ചു കഴിഞ്ഞു. പരസ്യമായി തന്നെ ഇക്കാര്യം പ്രഖ്യാപിക്കുന്നതും പരിഗണനയിലുണ്ട്. ഈ ഭിന്നതയിൽ മറ്റ് സിനിമാ സംഘടനകളൊന്നും ഇടപെടില്ല. സിനിമയിലെ വനിതാ കൂട്ടായ്മയിലെ പ്രശ്‌നങ്ങൾ അവർ തീർക്കട്ടേയെന്നാണ് താരസംഘടനയുടേയും നിർമ്മാതാക്കളുടെ സംഘടനകളുടേയും നിലപാട്.

പതിനെട്ട് പേർ ചേർന്നുണ്ടാക്കിയ സംഘടനയാണ് സിനിമയിലെ വനിതാ കൂട്ടായ്മ. മഞ്ജു വാര്യരെ മുന്നിൽ നിർത്തിയായിരുന്നു ഇത്. നടിയെ അക്രമിച്ച സംഭവകത്തെ തുടർന്നായിരുന്നു നീക്കം. എന്നാൽ സിനിമയിൽ സജീവമല്ലാത്ത ചിലരും ഈ സംഘടനയിലേക്ക് നുഴഞ്ഞു കയറി. ആരോടും ചോദിക്കാതെ ഡഎബ്ല്യൂസിസി എന്ന ബാനറിൽ പല പരിപാടികളും സംഘടിപ്പിച്ചു. ഇതോടെയാണ് മഞ്ജു ആദ്യമായി സംഘടനയുമായി അകലാനുള്ള നീക്കം തുടങ്ങുന്നത്. തമിഴകത്ത് സ്ത്രീ സംഘടനകളുടെ കൂട്ടായ്മ സംഘടിപ്പിക്കാൻ നടൻ വിശാൽ സമീപിച്ചതും മഞ്ജുവിനെയാണ്. എന്നാൽ തനിക്കൊന്നും അറിയില്ലെന്ന് പറഞ്ഞ് മഞ്ജു വിശാലിനെ മടക്കുകയും ചെയ്തു. അപ്പോൾ തന്നെ മഞ്ജു ഡബ്ല്യൂസിസിയുമായി അകന്നുവെന്ന് വ്യക്തമായിരുന്നു. ഇതിന് ശേഷമാണ് കസബ വിവാദം ഉണ്ടാകുന്നത്.