കൊച്ചി: സിനിമയിൽ ലൈംഗിക പീഡനമില്ലെന്ന് അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ്. കാര്യങ്ങൾ അങ്ങനെയല്ലെന്ന് തുറന്ന് പറഞ്ഞ് വിമെൻ കളക്ടീവ് ഇൻ സിനിമയും. നടിയെ ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിഷയത്തിൽ മലയാള സിനിമയിൽ പുതിയ വിവാദവുമെത്തുന്നു. സിനിമാ വേദിയിൽ സ്ത്രീപീഡന സംഭവങ്ങളൊന്നും ഇപ്പോഴില്ല. അതൊക്കെ പണ്ടായിരുന്നു. നടിമാർ മോശമാണെങ്കിൽ ചിലപ്പോൾ കിടക്ക പങ്കിട്ടെന്ന് വരും. അല്ലാതെ സിനിമയിൽ എല്ലാം ക്ലീൻ ക്ലീൻ ലൈനിലാണ് നടക്കുന്നതെന്നായിരുന്നു ഇന്നസെന്റിന്റെ പ്രതികരണം. ഇതിനെയാണ് സ്ത്രീ കൂട്ടായ്മ ചോദ്യം ചെയ്യുന്നത്. മഞ്ജു വാര്യരുടെ നേതൃത്വത്തിലുള്ള വിമെൻ ഇൻ കളക്ടീവ് ഇന്നസെന്റിന്റെ പ്രസ്താവനയെ കടന്നാക്രമിക്കുകയാണ്. ഇത് സിനിമയിൽ പുതിയ ചർച്ചകൾക്കും വഴി വയ്ക്കുകയാണ്.

വിമെൻ ഇൻ സിനിമാ കളക്ടിവിനെ സ്വാഗതം ചെയ്തു കൊണ്ട് അമ്മ പ്രസിഡന്റ് ഇന്നസെറ് എടുത്ത നിലപാടിനോട് ഞങ്ങളുടെ നന്ദി അറിയിക്കുന്നു. പക്ഷേ ചലച്ചിത്ര മേഖല ലൈംഗിക പീഡന വിമുക്ത മേഖലയാണ് എന്ന മട്ടിൽ അദ്ദേഹം നടത്തിയ പ്രസ്താവനയോട് ഞങ്ങൾ തീർത്തും വിയോജിക്കുന്നു. നിലവിലുള്ള സാമൂഹ്യ ബന്ധങ്ങൾ അതേപടി പ്രതിഫലിക്കപ്പെടുകയോ പുനരുല്പാദിപ്പിക്കപ്പെടുകയോ ചെയ്യുന്ന മേഖലയാണ് സിനിമയും എന്നാണ് ഞങ്ങൾ മനസ്സിലാക്കുന്നത്. സമൂഹത്തിലുള്ള മേൽ കീഴ് അധികാരബന്ധങ്ങൾ അതേപടി അവിടെയും ആവർത്തിക്കപ്പെടുന്നുണ്ട്. അവസരങ്ങൾ ചോദിച്ചു ഈ മേഖലയിലേക്ക് കടന്നു വരുന്ന പുതുമുഖങ്ങളിൽ പലരും പലതരം ചൂഷണങ്ങൾക്ക് വിധേയമാകേണ്ടി വരുന്നതും മേൽ സൂചിപ്പിച്ച അധികാര ഘടന വളരെ ശക്തമായി ഇവിടെ നിലനില്ക്കുന്നതുകൊണ്ടാണ്.

എന്തിന് ,ഞങ്ങളുടെ സഹപ്രവർത്തകരായ ചിലർ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് ഉറക്കെ സംസാരിച്ചതും ഈ അടുത്ത കാലത്താണ്. പാർവ്വതി, ലക്ഷ്മി റായ് തുടങ്ങിയ നടിമാർ ഇതുമായി ബന്ധപ്പെട്ട് തങ്ങളുടെ അനുഭവങ്ങൾ മാധ്യമ'ങ്ങളുമായി പങ്കുവച്ചിരുന്നു. സർക്കാർ നിയമിച്ച ജസ്റ്റീസ് ഹേമ കമ്മീഷൻ ഈ വിഷയത്തിൽ കാര്യക്ഷമമായ അന്വേഷണം നടത്തുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. അതുകൊണ്ട് തന്നെ വസ്തുതകളെ കണ്ണടച്ച് ഇരുട്ടാക്കി കൊണ്ട് നടത്തുന്ന ഇത്തരം പ്രസ്താവനകളെ കുറിച്ച് ചലച്ചിത്ര മേഖലയിലുള്ളവർ ജാഗ്രത്താകണമെന്ന് സ്ത്രീ കൂട്ടായ്മ ആവശ്യപ്പെടുന്നു. ഇതോടെ ഇന്നസെന്റിന്റെ വാദം തള്ളിക്കളയുകയാണ് സ്ത്രീക്കൂട്ടായ്മ. പുതിയ തലത്തിലേക്ക് ചർച്ചകളെത്തിക്കുന്നതാണ് സ്ത്രീ കൂട്ടായ്മയുടെ പോസ്റ്റ്.

താരസംഘടനയായ അമ്മയ്‌ക്കെതിരെ ഉയർന്ന വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ തൃശൂരിലെ വീട്ടിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ഇന്നസെന്റിന്റെ പരാമർശം ഉണ്ടായത്. അടുത്തിടെ ഒരു അഭിമുഖത്തിൽ നടി പാർവ്വതി ഉന്നയിച്ച ആരോപണം മാധ്യമപ്രവർത്തകർ ഇന്നസെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് അദ്ദേഹം പ്രതികരിച്ചത്. തന്നോട് ആരും ഇതുസംബന്ധിച്ച് പരാതി പറഞ്ഞിട്ടില്ലെന്നു പറഞ്ഞ ഇന്നസെന്റ് നടിമാർ മോശമാണെങ്കിൽ ചിലപ്പോൾ കിടക്ക പങ്കിട്ടെന്ന് വരുമെന്നും പറഞ്ഞു. ' ആ കാലമൊക്കെ പോയില്ലേ എന്റെ പൊന്നുപെങ്ങളേ. ഒരു സ്ത്രീയോട് വളരെ മോശമായിട്ട് ഒരു കാര്യം ചോദിച്ചാൽ ആ നിമിഷം തന്നെ ഈ ഇരിക്കുന്നതുപോലുള്ള പത്രക്കാരോടും ആൾക്കാരോടും ആളുകൾ പറയും, ആ സ്ത്രീ പറയും. അങ്ങനെയൊരു സംഭവമേയില്ല. പിന്നെ അവര് മോശമാണെങ്കിൽ അവര് ചിലപ്പോൾ കിടക്ക പങ്കിട്ടെന്ന് വരും. അതല്ലാതെ ഒരാളും ഇല്ല കെട്ടോ. വളരെ ക്ലീൻ ക്ലീൻ ലൈനിലാണ് ആ വക കാര്യങ്ങൾ നടക്കുന്നത്' എന്നാണ് ഇന്നസെന്റ് മറുപടി നൽകിയത്.

സംവരണത്തിലൂടെ ഒരു സ്ത്രീയെ നേതൃ സ്ഥാനത്തേക്ക് കൊണ്ടുവരാനാകില്ല. നേതൃത്വത്തിലേക്ക് കഴിവും മികവുമുള്ളവരാണ് വരേണ്ടത്. ഏതെങ്കിലും സംവരണം കൊണ്ട് നേതൃത്വത്തിൽ വരുന്നവർ ശരിയാകില്ല. സംഘടന നേരിടുന്ന താൽക്കാലിക പ്രശ്നങ്ങളുടെ പേരിൽ ഓടിപ്പോകില്ല. അതൊക്കെ ഇതിന്റെ ഭാഗമാണ്. മുന്നോട്ടും അവ നേരിടുക തന്നെ ചെയ്യുമെന്നും ഇന്നസെന്റ് പറഞ്ഞിരുന്നു. ദിലീപ് തെറ്റ് ചെയ്തില്ലെന്ന വാദം വീണ്ടും അവതരിപ്പിക്കുകയും ചെയ്തു. നടി ആക്രമിക്കപ്പെട്ട കേസിൽ സംഘടന ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ്. കേസിൽ ഇരയ്ക്ക് നീതി കിട്ടണം എത്രയും വേഗം കുറ്റവാളികളെ കണ്ടെത്തണം. ദിലീപും ഇരയും സംഘടനയിൽ അംഗങ്ങളാണ്. താൻ തെറ്റ് ചെയ്തിട്ടില്ലെന്നാണ് ദിലീപ് പറയുന്നതെന്നും ഇന്നെസെന്റ് വിശദീകരിച്ചിരുന്നു.

കഴിഞ്ഞ ദിവസം കൂടി ദിലീപുമായി ഇക്കാര്യം സംസാരിച്ചു. എടാ...ദിലീപേ...സത്യം പറ. ഇതിൽ എന്തെങ്കിലും ഉണ്ടോ എന്ന ചോദ്യത്തിന് ഇക്കാര്യത്തിൽ താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ദിലീപ് പറഞ്ഞു. തെറ്റു ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണം. നടിയുടെ പേര് പറഞ്ഞതിന് സംഘടനയിൽ ചിലർക്കെതിരേ നടപടിയെടുത്തു. ആരാണ് നടിയെന്ന് എല്ലാവർക്കുമറിയാം എന്നിരുന്നാലും നിയമപരമായ ബാധ്യത വച്ചാണ് മിണ്ടാതിരിക്കുന്നതെന്നും ഇന്നസെന്റ് വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ഇന്നസെന്റിനെ പരസ്യമായി തള്ളിപ്പറഞ്ഞ് വിമെൻ കൂട്ടായ്മ എത്തിയത്. ഇതോടെ സിനിമാ മേഖലയിലെ ചേരിതിരിവ് വീണ്ടും ചർച്ചയാവുകയാണ്.