കൊച്ചി: ആക്രമത്തിന് ഇരയായ നടിക്ക് പിന്തുണ പ്രഖ്യാപിച്ച് വീണ്ടും സിനിമയിലെ വനിതാ കൂട്ടായ്മ. ദിലീപിന്റെ ജാമ്യം ആഘോഷമായി മാറുമ്പോഴാണ് കുറിക്കുള്ള കൊള്ളുന്ന വാക്കുകളുമായി വനിതാ പ്രവർത്തകർ എത്തുന്നത്.

നിയമവും നീതി നിർവ്വഹണവും അതിന്റേതായ വഴികളിലൂടെ മുന്നേറുമ്പോൾ, സിനിമയിലെ വനിതാ കൂട്ടായ്മ, ഞങ്ങളുടെ സഹപ്രവർത്തകയ്ക്കു നൽകുന്ന പിന്തുണ പൂർവ്വാധികം ശക്തിപ്പെടുത്തുന്നു, ആ പെൺകുട്ടിക്കു മുന്നിലുള്ള വേദനിപ്പിക്കുന്ന സത്യം ഒരിക്കലും നിങ്ങളുടെ മനസ്സിൽ നിന്ന് മാഞ്ഞു പോകാതിരിക്കട്ടെ! അവളുടെ ഇച്ഛാശക്തിയെ നിലനിർത്തേണ്ടത് പ്രബുദ്ധരായ നമ്മൾ ഒരോരുത്തരുടെയും കടമയാണ്. നീതിക്കായുള്ള അവളുടെ പോരാട്ടത്തിൽ കൂടുതൽ ശക്തരായി അവൾക്കൊപ്പം!-ഇതാണ് ഡബ്ല്യൂസിസിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്.

ദിലീപിന്റെ ജാമ്യവുമായി ബന്ധപ്പെട്ട ഒരു പരാമർശവും ഇതിൽ ഇല്ല. എന്നാൽ ദിലീപിന്റെ മോചനത്തിന് പിന്നാലെ മലയാള സിനിമയിലെ പ്രമുഖർ ദിലീപിന് പിന്തുണ അർപ്പിച്ചിരുന്നു. ഇരയെ മറന്ന സമീപിനമാണ് ഇതെന്ന വിമർശനവും സജീവമായി. ഇതിന് പിന്നാലെയാണ് വനിതാ കൂട്ടായ്മ നിലപാട് വിശദീകരിക്കുന്നത്.