കഴിഞ്ഞ രണ്ട് ദിവസമായി ശബരിമലയിലെ നാമജപ പ്രതിഷേധം അക്രമമായി മാറിക്കൊണ്ടിരിക്കുകയാണ്. ഭഗവാൻ അയ്യപ്പന്റെ ആചാരങ്ങൾ ലംഘിക്കുന്നതിന്റെ പേരിൽ വിശ്വാസികൾ തെരുവിലിറങ്ങിയപ്പോൾ അതിനെ സർവ്വാൽമനാ പിന്തുണച്ച മാധ്യമമാണ് മറുനാടൻ. എന്നാൽ ഭഗവാന്റെ പേരിൽ കലാപമുണ്ടാക്കുകയും വാഹനങ്ങൾ തല്ലി തകർക്കുകയും മാധ്യമ പ്രവർത്തകരെ അപകടത്തിൽപെടുത്താൻ ശ്രമിക്കുകയും ഒക്കെ ചെയ്യുന്നത് ഏത് കാരണത്തിന്റെ പുറത്താണെങ്കിലും ന്യായീകരിക്കുവാൻ സാധിക്കുകയില്ല. പ്രത്യേകിച്ച് സ്വന്തം തൊഴിൽ ചെയ്യുന്നതിന് വേണ്ടി അവിടെയെത്തിയിരിക്കുന്ന മാധ്യമപ്രവർത്തകരോട് കാണിക്കുന്നത് കാട്ടാളത്തം തന്നെയാണ്.

 ഒരു തർക്കവും വേണ്ട. അതേസമയം ഇങ്ങനെയൊരു കലാപത്തിലേക്ക് ശബരിമലയെ തള്ളിവിട്ടതിന് മാധ്യമപ്രവർത്തകരിൽ ചിലർക്കെങ്കിലുമുള്ള ഉത്തരവാദിത്വം വിസ്മരിച്ചുകൂടാ. എന്ത് കാരണത്താലാണ് വനിതാ മാധ്യമപ്രവർത്തകരെ തന്നെ ശബരിമലയിലേക്ക് അയയ്ക്കണമെന്ന് ചിലർ ശാഠ്യം പിടിക്കുന്നത്. ഒരു കലാപമുണ്ടാകുമ്പോൾ അത് ആളിക്കത്തിക്കുകയല്ല അവിടെ സമാധാനമുണ്ടാക്കുകയാണ് ചെയ്യേണ്ടത് എന്ന് മാധ്യമപ്രവർത്തകർക്ക് ആരെങ്കിലും പറഞ്ഞു കൊടുക്കേണ്ടതുണ്ടോ. വിശ്വാസങ്ങൾ എന്തുമാകട്ടെ അവിടെ വലിയ ഒരു ജനക്കൂട്ടം തെരുവിലിറങ്ങുകയും അവരുടെ വിശ്വാസ സംരക്ഷണത്തിന് വേണ്ടി സമരം ചെയ്യുകയുമാണ്. ആൾക്കൂട്ടത്തിനിടയിലേക്ക് വേദം പറഞ്ഞുകൊണ്ട് ചെല്ലാൻ ശ്രമിക്കുന്നത് തന്നെ വിഡ്ഢിത്തമാണ്.

ശബരിമല പ്രശ്‌നം വഷളാകുന്നത് മുൻപ് കോട്ടയത്ത് നിന്നും ചില മാധ്യമപ്രവർത്തക വിദ്യാർത്ഥികൾ എത്തിയപ്പോഴുള്ള സംഭവം എല്ലാവർക്കും അറിയാവുന്നതാണ്. എന്നിട്ടും എന്തുകൊണ്ടാണ് കേരളത്തിലെ ചാനലുകളും പ്രത്യേകിച്ച് വടക്കേ ഇന്ത്യയിൽ നിന്നുള്ള ചാനലുകൾ അവിടെയ്ക്ക് യുവതികളെ തന്നെ കയറ്റിയയ്ക്കുന്നത്. അവരുടെ ലക്ഷ്യം നിഷ്‌കളങ്കമല്ല എന്ന് പറയാതിരിക്കാൻ സാധിക്കുകയില്ല. ശബരിമലയിൽ ജനവികാരം അണപൊട്ടി ഒഴുകുമ്പോൾ അതിനെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നതിന് പകരം ആ മുറിവിലേക്ക് എണ്ണ കോരിയൊഴിക്കുന്ന തലതിരിഞ്ഞ സമീപനമാണ് അവിടേയ്ക്ക് യുവതികളായ വനിതകളെ ഇറക്കാൻ ശ്രമിക്കുന്നത് എന്നത് മറന്നു കൂടാ. ആക്രമത്തെ ഒരു തരത്തിൽ പോലും ന്യായീകരിക്കാതിരിക്കുമ്പോൾ പോലും ഇങ്ങനെ പ്രശ്‌നമുണ്ടാക്കുന്നതിന് കാരണക്കാരായി വരുന്നവരെ അപലപിക്കേണ്ടതും അവരുടെ പേരിൽ കേസെടുക്കുകയും ചെയ്യണമെന്നാണ് എന്റെ അഭിപ്രായം.

രാഹുൽ ഈശ്വറിനെ പോലെയുള്ളവരുടെ പേരിൽ കലാപത്തിന് ശ്രമിച്ചു, വിഭജിക്കാൻ ശ്രമിച്ചു, വർഗീയതയുണ്ടാക്കി എന്നൊക്കെ പറഞ്ഞാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇന്ത്യൻ പീനൽ കോഡിലെ 153 എ എന്ന ആർക്കെതിരെയും ഉപയോഗിക്കാവുന്ന നിയമമാണ് അവിടെ പ്രയോഗിച്ചിരിക്കുന്നത്. വേണു ബാലകൃഷ്ണനെതിരെ ആരോ കൊടുത്തിരിക്കുന്ന പരാതിയിൽ കേസെടുത്തിട്ട് എന്ത് സംഭവിച്ചു എന്ന് എല്ലാവർക്കും അറിയുന്നതാണ്. ഈ നിയമത്തിന്റെ ഏറ്റവും അടിസ്ഥാന ഘടകമെന്ന് പറയുന്നത് രണ്ടു മതങ്ങളിൽപെട്ടവരെ രണ്ട് ഭാഷയിൽ പെട്ടവരെ രണ്ട് ദേശത്തിൽപെട്ടവരെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള ശ്രമങ്ങൾ മാത്രമേ ഈ നിയമത്തിന് കീഴിൽ വരൂ. ഇവിടെ അയ്യപ്പഭക്തർ തെരുവിലിറങ്ങിയിരിക്കുന്നത് ഏതെങ്കിലും ഒരു മതത്തിനോ ഏതെങ്കിലും ഒരു ഭാഷയ്‌ക്കോ, ഏതെങ്കിലും ഒരു വിഭാഗത്തിനോ എതിരായല്ല.

നേരെ മറിച്ച് അവരുടെ ആചാരങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയാണ്. അവരുടെ സമരം ഒരു വെറുപ്പും ഒരിടത്തും സൃഷ്ടിക്കുന്നില്ല. അവരുടെ സമരം ഒരു മതത്തിലേയും ഒരു വിശ്വാസത്തിലേയും ആർക്കും എതിരല്ല. അത് അങ്ങനെയാണ് എന്ന് വരുത്തി തീർക്കുന്നത് ഇവിടത്തെ ചില കപട ബുദ്ധി ജീവികളും കപട പുരോഗമനവാദികളുമാണ്. അവരുടെ ഉദ്ദേശലക്ഷ്യം തെറ്റാണ് എന്നതിനുള്ള ഏറ്റവും വലിയ തെളിവാണ് വിശ്വാസം ഏഴയലത്ത് പോലും പോയിട്ടില്ലാത്ത ചില സഖാക്കളും ചില യുക്തിവാദികളും ശബരിമലയിലേക്ക് വരാൻ ശ്രമിക്കുന്നത്. ശ്രദ്ധിക്കേണ്ട കാര്യം ഇതുവരെയായിട്ടും ഒരു രേഷ്മയേയും ഒരു കാർത്തികയേയും ഒരു ലിബിയേയുമല്ലാതെ ഒരു വിശ്വാസിയേപ്പോലും ശബരിമലയിൽ എത്തിക്കുന്നതിന് ഇവർക്കാർക്കും സാധിച്ചിട്ടില്ല എന്നതാണ്. അതിനർത്ഥം വിശ്വാസമുള്ള ഒരു യുവതിയും ശബരിമലയിലേക്ക് പോകാൻ ആഗ്രഹിക്കുന്നില്ല എന്ന് തന്നെയാണ്.