ബംഗളുരു: രാജ്യത്തെ വനിതകളുടെ ശാക്തീകരണ പ്രക്രിയക്ക് പുത്തനുണർവ് പകരുമെന്ന സന്ദേശവുമായി ദേശീയ വനിതാ പ്രസ്ഥാനം വിമൺ ഇന്ത്യാ മൂവ്‌മെന്റ് പ്രവർത്തനത്തിന് തുടക്കം കുറിച്ചു. ബംഗളുരു ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റിയൂട്ടിൽ നടന്ന യോഗത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വനിതാ പ്രതിനിധികൾ പങ്കെടുത്തു.
യാസ്മിൻ ഫാറൂഖി (ജയ്പൂർ) പ്രസിഡന്റ്, സൂഫിയ പർവീൺ (പ. ബംഗാൾ) വൈസ് പ്രസിഡന്റ്, ഷാഹിദ തസ് ലീം (മംഗലാപുരം) ജനറൽ സെക്രട്ടറി, സിതാര ബീഗം (കോട്ട, രാജസ്ഥാൻ), അഡ്വ. സൈരാ ബാനു തമിഴ്‌നാട്, ഡെയ്‌സി സുബ്രഹ്മണ്യം (കോഴിക്കോട്, കേരള) സെക്രട്ടറിമാർ, തരാന ഷറഫുദ്ദീൻ (കാൺപൂർ യു.പി) ട്രഷറർ എന്നിവരാണ് ഭാരവാഹികൾ.മൂന്ന് വർഷമാണ് കേന്ദ്ര സമിതിയുടെ കാലാവധി.

വനിതകളിൽ സാമൂഹിക, വിദ്യാഭ്യാസ രാഷ്ട്രീയ  അവബോധം പകരുക, സാമൂഹിക മാറ്റത്തിലേക്ക് നയിക്കുക, വിവേചനം ഇല്ലാതാക്കുക, തുല്യ പ്രാതിനിധ്യം നേടിയെടുക്കുക, സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക ജീവിത രംഗങ്ങളിലെല്ലാം വനിതകളുടെയും പെൺകുട്ടികളുടെയും അവകാശങ്ങളും സുരക്ഷയും സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെ അടിത്തട്ടിൽ പ്രവർത്തനം നടത്തുന്നതിനാണ് സംഘടന ലക്ഷ്യം വെക്കുന്നത്.

സമൂഹത്തിന്റെ വികസനത്തിന് വനിതകളുടെ ശേഷി ഫലപ്രദമായി ഉപയോഗപ്പെടുത്തുകയെന്നതാണ് പ്രസ്ഥാനത്തിന്റെ ലക്ഷ്യമെന്ന് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട യാസ്മിൻ ഫാറൂഖ് പറഞ്ഞു. സമൂഹത്തിന്റെ വികസന രംഗങ്ങളിലും സ്വന്തം അവകാശങ്ങളും മാന്യതയും നേടിയെടുക്കുന്നതിനുള്ള രാഷ്ട്രീയ അവബോധത്തിന്റെ ആവശ്യകത പ്രചരിപ്പിക്കുന്നതിലും വനിതകളും പങ്കാളികളാകേണ്ടതുണ്ട്. പീഡനം, ഗാർഹിക അക്രമങ്ങൾ, ലൈംഗിക ആക്രമണങ്ങൾ തുടങ്ങി തുടങ്ങി സമൂഹത്തിൽ നേരിടുന്ന വെല്ലുവിളികളെയും ഗുരുതരമായ പ്രശ്‌നങ്ങളെയും നേരിടാനും തടയുന്നതിനും സഹോദരിമാരെ തയാറാക്കുന്നതിന് സംഘടന പ്രതിജ്ഞാബദ്ധമാണെന്ന് യാസ്മീൻ ഫാറൂഖി പറഞ്ഞു.


രാജ്യത്തെ സാമൂഹിക മാറ്റത്തെ നയിക്കുന്നതിന് ഉപകരിക്കുംവിധം ശക്തമായ വേദിയുമായി വനിതകൾ മുന്നോട്ട വന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എ. സഈദ് അഭിപ്രായപ്പെട്ടു. വനിതകൾ മുന്നോട്ട് വന്ന്, തങ്ങളുടെ അവകാശങ്ങൾക്കായി നിലകൊള്ളുകയും, സമൂഹത്തിൽ വിപ്ലവകരവും അടിസ്ഥാനപരവുമായ മാറ്റം നേടിയെടുക്കുന്നതിനായി സ്വയം ശാക്തീകരണം നേടുകയും ചെയ്യേണ്ട സമയമായിരിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വനിതകൾ സംബന്ധിക്കുന്ന സദസ് ഇന്ത്യയുടെ കൊച്ചു പ്രതീകമാണെന്ന് എസ്.ഡി.പി.ഐ ദേശീയ സ്ഥാപക ദേശീയ പ്രസിഡന്റ് ഇ. അബൂബക്കർ വിശേഷിപ്പിച്ചു. സ്വന്തം ശാക്തീകരണത്തെക്കുറിച്ച് ചിന്തിക്കുന്നതിൽ അവർ എത്രമാത്രം അർപ്പണബോധം പുലർത്തുന്നുവെന്ന് ഇത് വ്യക്തമാക്കുന്നതായി അദ്ദേഹം പറഞ്ഞു.നമ്മുടെ ജനാധിപത്യത്തിലെ വിള്ളലുകളിലൂടെ അധികാരത്തിലേറിയ ഫാഷിസ്റ്റ്  ശക്തികൾ വെറുപ്പിന്റെയും വർഗീയ ഭീകരതയുടെയും അജണ്ടയനുസരിച്ച് ജനങ്ങളെ അടിമപ്പെടുത്തുന്നതിനും ചൂഷണം ചെയ്യുന്നതിനും ശ്രമം നടത്തുന്നത് നാം കാണുന്നു. ഈ സാഹചര്യത്തിൽ നിന്നും പ്രിയപ്പെട്ട നാടിനെ വിമുക്തമാക്കുന്നതിനുള്ള നമ്മുടെ ജനാധിപത്യ പോരാട്ടത്തെ ശക്തിപ്പെടുത്തുന്നതിൽ വിമൺ ഇന്ത്യാ മൂവ്‌മെന്റ് നിർണായക പങ്കു നിർവഹിക്കുമെന്ന് വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എസ്.ഡി.പി.ഐ ദേശീയവൈസ് പ്രസിഡന്റ് സാം കുട്ടി ജേക്കബ്, പ്രൊഫ. നസ്‌നീൻ ബീഗം, അഡ്വ. ഷറഫുദ്ദീൻ അഹ് മദ് ദേശീയ ജനറൽ സെക്രട്ടറിമാരായ ഇല്യാസ് മുഹമ്മദ് തുംബൈ, അഫ്‌സർ പാഷ, മുഹമ്മദ് ഷാഫി, എം.കെ. ഫൈസി, വിമൺ ഇന്ത്യാ മൂവ്‌മെന്റ് ദേശീയ കോഓർഡിനേറ്റർ അബ്ദുൽ മജീദ് ഫൈസി എന്നിവരും മറ്റ് പ്രമുഖ വ്യക്തികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.