തിരുവനന്തപുരം: ഇഷ്ടപ്പെട്ട മതവിശ്വാസം സ്വീകരിച്ചതിനാൽ ക്രൂരമായ പീഡനങ്ങളേറ്റ് വാങ്ങി വീട്ടുതടങ്കലിൽ കഴിയുന്ന ഹാദിയയെ സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ സുപ്രീംകോടതിയെ സമീപിക്കുമെന്ന വനിതാ കമ്മീഷന്റെ പ്രസ്താവന ജനങ്ങളെ കബളിപ്പിക്കാനാണെന്ന് വിമൺ ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.കെ. റൈഹാനത്ത്.

ഹാദിയക്ക് സുരക്ഷിതത്വം നൽകുവാൻ കേരള ഹൈക്കോടതി നൽകിയ നിർദ്ദേശം ദുരുപയോഗം ചെയ്ത് ഹാദിയയുടെ വ്യക്തിസ്വാതന്ത്ര്യം പോലും നിഷേധിക്കുകയാണ്. ക്രൂരമായ പീഡനങ്ങളാണ് അവർ അനുഭവിച്ച് കൊണ്ടിരിക്കുന്നതെന്ന് ഇതിനോടകം പലതവണം പുറത്തുവന്നതാണ്. ഹാദിയയെ കാണുന്നതിനോ വിവരങ്ങൾ അന്വേഷിക്കുന്നതിനോ കോടതി ആരെയും വിലക്കുന്നില്ല. നിലവിൽ രാഹുൽ ഈശ്വരിനെ പോലുള്ള സംഘ്പരിവാര സഹയാത്രികർക്ക് ഹാദിയയുടെ വീട് സന്ദർശിക്കുവാനും ഹാദിയയുമായി സംസാരിക്കാനും ഈ വിധി തടസ്സമല്ല എന്നിരിക്കെ വനിതാ കമ്മീഷൻ സുപ്രീംകോടതിയെ സമീപിക്കും എന്ന പ്രഖ്യാപനം വനിതാ കമ്മീഷൻ ഹാദിയ വിഷയത്തിൽ മടിച്ചുനിൽക്കുന്നുവെന്ന യാഥാർഥ്യത്തെ മറികടക്കുന്നതിന് വേണ്ടി മാത്രമാണ്.

മാതാപിതാക്കളോടൊപ്പം പറഞ്ഞുവിടുമ്പോൾ ഹാദിയക്ക് സംരക്ഷണം ഉറപ്പുവരുത്തണമെന്നു മാത്രമാണ് കോടതി നിർദേശിച്ചത്. എന്നാൽ സംഘ് പരിവാര തീരുമാനമനുസരിച്ചുള്ള ഏകാന്ത തടവും കൊടിയ പീഡനവുമാണ് അവർ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ പിന്തുണ ഇല്ലാതെ ഇത്തരം തടങ്കൽ അസാധ്യമാണ്. ഹാദിയ വിഷയത്തിൽ ഇടപെടുവാനും യാഥാർഥ്യം അന്വേഷിക്കുവാനും മനുഷ്യാവകാശ, വനിതാ കമ്മീഷനുകൾക്ക് പൂർണ്ണ അധികാരം ഉണ്ട് എന്നിരിക്കെ കോടതിയെ മറയാക്കി ഉത്തരവാദിത്വത്തിൽ നിന്ന് തന്ത്രപൂർവ്വം പിന്മാറുവാനുള്ള ശ്രമം വനിതാ കമ്മീഷൻ ഉപേക്ഷിക്കണമെന്നും വനിതാ കമ്മീഷന്റെ ഉത്തരവാദിത്വം നിറവേറ്റാൻ ചെയർ പേഴ്സൺ തയ്യാറാവണമെന്നും കെ.കെ. റൈഹാനത്ത് ആവശ്യപ്പെട്ടു.