കോഴിക്കോട്: പോഷകാഹാരക്കുറവിനാൽ ശിശു മരണങ്ങൾ നിരന്തരം വാർത്തയാകുന്ന അട്ടപ്പാടി ആദിവാസി ഗ്രാമങ്ങൾ വിമൺ ഇന്ത്യാ മൂവ്മെന്റ് സംസ്ഥാനനേതൃത്വം സന്ദർശിച്ചു. ജീവിത നിലവാരത്തിൽ മെച്ചപ്പെട്ട അവസ്ഥയുള്ള കേരളത്തിലും ആദിവാസികൾ ഏറെ ദുരിതങ്ങൾ നേരിടുകയാണെന്ന് സംഘം വിലയിരുത്തി. സാംസ്‌കാരികമായും വിദ്യാഭ്യാസ പരമായും ഇവരെ ഉയർത്തി കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾ വളരെ കുറഞ്ഞ തോതിലാണ് നടക്കുന്നത്.

അഹാർഡ്സിന്റെ കീഴിൽ കുറച്ച് വീടുകൾ നിർമ്മിച്ചു നൽകി എന്നതൊഴിച്ചാൽ കാര്യമായ പുരോഗതിയൊന്നും അവരുടെ ജീവിതത്തിൽ വരുത്തുവാൻ കേരളസർക്കാരിന് സാധിച്ചിട്ടില്ല. ഇതിന്റെ കാരണംകൃത്യമായി വെളിച്ചത്തുകൊണ്ടുവരേണ്ടതുണ്ട്. വനാന്തര ഭാഗത്തുള്ളവരുടെ അവസ്ഥകൾ വളരെ മോശമാണെന്നും, എന്നാൽ അവരുമായുള്ള പൊതു ജനസമ്പർക്കം മാവോവാദികളുടെ പേര് പറഞ്ഞ് തടയുകയാണെന്നും സംഘം കുറ്റപ്പെടുത്തി.

റേഷനരി വെട്ടിക്കുറച്ചതിലൂടെ തങ്ങളുടെ മക്കൾക്ക് രണ്ട് നേരം ഭക്ഷണമെന്നതും അസാധ്യമായ വിഷമത്തിലാണ് ആദിവാസി അമ്മമാർ. ഇത്ര ദുരിതപൂർണ്ണമായ ജീവിതത്തിലും ആദിവാസി മേഖലയിലേക്ക് ഒഴുകി ചെല്ലുന്നത് മദ്യമാണെന്നതാണ് അവരുടെ പുരോഗതിക്ക് പ്രധാനമായും തടസ്സം നിൽക്കുന്നത്. ഇതിനെതിരെ പ്രതികരിക്കേണ്ടതും പ്രവർത്തിക്കേണ്ടതും ഓരോ മനുഷ്യസ്നേഹിയുടെയും ബാധ്യതയാണ്. ഇത്തരം പ്രവർത്തനങ്ങൾക്കായി വിമൺ ഇന്ത്യാ മൂവ്മെന്റ് കർമ്മ പദ്ധതികൾ തയ്യാറാക്കുമെന്നും സംഘം സൂചിപ്പിച്ചു.

ദേശീയ സെക്രട്ടറി യു.കെ. ഡെയ്സി ബാലസുബ്രമണ്യൻ, സംസ്ഥാന പ്രസിഡന്റ് കെ.കെ. റൈഹാനത്ത്, വൈസ് പ്രസിഡന്റ് മേരി, ജനറൽ സെക്രട്ടറി എൻ.കെ സുഹറാബി, കമ്മിറ്റി അംഗങ്ങളായ സുനിയ സിറാജ്, ആരിഫ, ലൈല, മിസ്രിയ തുടങ്ങിയവർ അട്ടപ്പാടി ആദിവാസി കോളനികൾ സന്ദർശിച്ച സംഘത്തിൽ ഉണ്ടായിരുന്നു.