തിരുവനന്തപുരം: വീട്ട് തടങ്കലിൽ കഴിയുന്ന ഡോ.ഹാദിയയുടെ സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും സംരക്ഷിക്കുന്നതിന് മനുഷ്യാവകാശ കമ്മീഷൻ നേരിട്ടിടപെടണമെന്നാവശ്യപ്പെട്ട് വിമൺ ഇന്ത്യ മൂവ്മെന്റിന്റെ നേതൃത്വത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഓഫിസിനു മുമ്പിൽ നടത്തിയ മാർച്ചിലും ധർണയിലും പ്രതിഷേധമിരമ്പി. ധർണ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുൽ മജീദ് ഫൈസി ഉദ്ഘാടനം ചെയ്തു. 

ഗൂഢാലോചനയിലൂടെ ഹൈക്കോടതി വിധി ദുർവ്യാഖ്യാനം ചെയ്താണ് ഹാദിയയെ തടവിലാക്കിയിരിക്കുന്നത്. ഇപ്പോൾ നടപ്പാക്കുന്നത് കോടതിവിധിയല്ല. ഹാദിയയുടെ വിശ്വാസവും ആരാധനയും സ്വാതന്ത്ര്യവും സംരക്ഷിക്കാമെന്ന് പിതാവ് ഹൈക്കോടതിയിൽ നൽകിയ ഉറപ്പ് ലംഘിക്കപ്പെട്ടിരിക്കുകയാണ്. ഹാദിയയെ സന്ദർശിക്കാൻ പോയ രാഹുൽ ഈശ്വർ, ഫേസ്‌ബുക്ക് കൂട്ടായ്മയിലെ അംഗങ്ങൾ എന്നിവരോട് തന്നെ രക്ഷിക്കണമെന്നു പറഞ്ഞ് കരഞ്ഞ ഹാദിയയെ കുറിച്ചുള്ള വാർത്തകൾ പുറത്തു വന്നിട്ടും മനുഷ്യവകാശ കമ്മീഷൻ നിസ്സംഗത തുടരുന്നത് ദുരൂഹമാണ്. തനിക്ക് ജീവന് ഭീഷണി ഉണ്ടെന്നു പറഞ്ഞിട്ടു പോലും ഇടപെടാൻ കമ്മീഷന് സാധിക്കാത്തത് എന്തെന്ന് ചെയർമാൻ വ്യക്തമാക്കണം. ഹാദിയ വീട്ടുതടങ്കലിലായി മൂന്നു മാസം പിന്നിട്ടിട്ടും കേവലം മൂന്നു മണിക്കൂർ യാത്രചെയ്തെത്താവുന്ന കോട്ടയത്തെ വസതിയിലെത്താൻ മനുഷ്യാവകാശ കമ്മീഷന് സാധിച്ചിട്ടില്ല. കമ്മീഷൻ ഉത്തരവാദിത്വം നിർവഹിക്കാൻ തയ്യാറാവണം. മനുഷ്യാവകാശലംഘനമുണ്ടാവുമ്പോൾ മനുഷ്യാവകാശ കമ്മീഷൻ നോക്കുകുത്തിയാവരുത്. കോടതി വിധി ഉണ്ടായാൽ പോലും ഇടപെടുന്നതിന് കമ്മീഷന് നിയമതടസ്സമില്ല.

കമ്മീഷൻ ചിലരുടെ ചട്ടുകമാവരുത്. നീതിനിഷേധത്തിന് ഇരയാവുന്നവർക്ക് സമീപിക്കാൻ ഒരു കേന്ദ്രമില്ലാതാവുന്നത് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കും. ഉത്തരവാദിത്വം നിർവഹിക്കാൻ കഴിയില്ലെങ്കിൽ പൊതുജനങ്ങളുടെ നികുതി ഇനത്തിൽ നിന്ന് ശമ്പളം വാങ്ങുന്നതിനേക്കാൾ രാജിവച്ചു പുറത്തുപോവുന്നതാണ് നല്ലതെന്നും മജീദ് ഫൈസി വ്യക്തമാക്കി. കോടതി വിധി ദുർവ്യാഖ്യാനം ചെയ്തു മനുഷ്യത്വരഹിതമായി വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ ഹാദിയയെ ചങ്ങലയ്ക്കിട്ടിരിക്കുമ്പോൾ മനുഷ്യാവകാശ കമ്മീഷൻ പൊതുസമൂഹത്തെ കൊഞ്ഞനം കുത്തുകയാണെന്ന് വിമൺ ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.കെ റൈഹാനത്ത് പറഞ്ഞു. കമ്മീഷൻ നിസ്സംഗത തുടർന്നാൽ വനിതകളുടെ ശക്തമായ പ്രക്ഷോഭത്തിന് തുടക്കം കുറിക്കുമെന്നും അവർ മുന്നറിയിപ്പുനൽകി.

എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ മനോജ്കുമാർ, സംസ്ഥാന സെക്രട്ടറി റോയി അറയ്ക്കൽ, വിമൺ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ സുഹറാബി, സംസ്ഥാന സെക്രട്ടറിമാരായ ചന്ദ്രിക, ജമീല വയനാട്, എൻ.ഡബ്യൂ.എഫ് സംസ്ഥാന സമിതി അംഗം റജീന നയാസ്, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമിതിയംഗം സാഇഹ, വിമൺ ഇന്ത്യാ മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് സുമയ്യ റഹീം സംസാരിച്ചു. പാളയംരക്തസാക്ഷിമണ്ഡപത്തിനു സമീപത്തുനിന്നാരംഭിച്ച മാർച്ചിന് വിമൺ ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന, ജില്ലാ ഭാരവാഹികൾ നേതൃത്വം നൽകി. ധർണയോടനുബന്ധിച്ച് വിമൺ ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന നേതാക്കൾ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെ നേരിൽ കണ്ട് കാര്യം ബോധിപ്പിച്ചു. പ്രശ്നത്തിൽ ഉടൻ ഇടപെടുമെന്ന് ചെയർമാൻ ഉറപ്പുനൽകിയതായി വിമൺ ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.കെ റൈഹാനത്ത് മാധ്യമങ്ങളോട് പറഞ്ഞു.