പ്രായമായാൽ ലൈംഗിക വിരക്തി അനുഭവപ്പെടുമെന്നതാണ് പ്രചാരത്തിലുള്ള വിശ്വാസം. എന്നാൽ, ഇതിന് ശാസ്ത്രീയമായി യാതൊരു അടിത്തറയുമില്ലെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ജീവിതത്തിൽ സെക്‌സിന് പ്രാധാന്യം കൊടുക്കുകയും അതാവോളം ആസ്വദിക്കുകയും ചെയ്തവർക്ക് പ്രായം ഒരുതരത്തിലും തടസ്സമാകാറില്ലെന്നാണ് പഠന റിപ്പോർട്ട്.

സജീവമായ ലൈംഗിക ജീവിതം നയിച്ചവർക്ക് പ്രായം ചെന്നാലും അതിനോട് വിരക്തി തോന്നുകയില്ലെന്ന് ഗവേഷകർ പറയുന്നു. ജീവിതത്തിന് ഊർജം പകരുന്നത് സെക്‌സ് ആണെന്ന് കരുതുന്നവർക്ക് 60 പിന്നിട്ടാലും ചുറുചുറുക്ക് നഷ്ടപ്പെടില്ലെന്നും അവർ സൂചിപ്പിക്കുന്നു. യു.എസ്. ഗവേഷക ഡോ. ഹോളി തോമസിന്റെ നേതൃത്വത്തിൽ നടന്ന പഠനമാണ് ഈ കണ്ടെത്തലുകൾക്ക് പിന്നിൽ.

സെക്‌സിന് ജീവിതത്തിൽ വലിയ പ്രാധാന്യമുണ്ടെന്ന് കരുതുന്ന സ്ത്രീകൾ മറിച്ച് ചിന്തിക്കുന്നവരേക്കാൾ മൂന്നിരട്ടി പ്രസരിപ്പോടെ വാർധക്യത്തിലും ജീവിക്കുമെന്ന് ഡോ. ഹോളി പറയുന്നു. മധ്യവയസ്സിനും ആർത്തവ വിരാമത്തിനും ശേഷവും സെക്‌സ് ആസ്വദിക്കുന്നതിൽ സ്ത്രീകൾക്ക് യാതൊരു വിരക്തിയുമില്ലെന്നാണ് ഗവേഷണത്തിൽ തെളിഞ്ഞതെന്നും അവർ പറയുന്നു.

പിറ്റ്‌സർബർഗ് യൂണിവേഴ്‌സിറ്റി സെന്ററിലെ ഗവേഷകയായ ഡോ. ഹോളിയും സംഘവും 2005 മുതൽ അറുനൂറിലേറെ സ്ത്രീകളെ നിരീക്ഷിച്ചാണ് പഠനം തയ്യാറാക്കിയത്. 40-നും 65-നുംമധ്യേ പ്രായമുള്ള സ്ത്രീകളെയാണ് ഇവർ ഗവേഷണത്തിനായി തിരഞ്ഞെടുത്തത്. എട്ടുവർഷത്തിനുശേഷവും ഇവരിൽ 85 ശതമാനവും ലൈംഗിക ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നുവെന്ന് ഗവേഷകർ കണ്ടെത്തി. ഇതിൽത്തന്നെ സെക്‌സിന് പരമപ്രാധാന്യം കൽപിച്ച പത്ത് ശതമാനം പേർ മറ്റുള്ളവരെക്കാൾ ഊർജസ്വലരായി ജീവിക്കുന്നുണ്ടെന്നും അവർ കണ്ടെത്തി.

പ്രായം ചെല്ലുന്തോറും സെക്‌സിന്റെ അഭിരുചികളിൽ മാറ്റം വന്നേക്കാമെന്നല്ലാതെ, പ്രായവും ലൈംഗിക വിരക്തിയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് ഡോ.ഹോളി പറയുന്നു.