- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങളുടെ ആരെങ്കിലും ചത്തോ? ഔദ്യോഗിക ആവശ്യത്തിന് വിളിച്ച എഎസ്ഐയെ ശകാരിച്ച ഓഡിയോ വൈറലായതോടെ തടിയൂരാൻ പുതിയ ഉത്തരവുമായി വനിതാ മജിസ്ട്രേറ്റ്; ഔദ്യോഗിക ആവശ്യത്തിന് പൊലീസുകാർ നേരിട്ടു ഫോണിൽ വിളിക്കരുതെന്നും ആവശ്യമെങ്കിൽ ഓഫീസിലോ ബെഞ്ച് ക്ലാർക്കിനെയോ വിളിക്കാനും നിർദ്ദേശം
തിരുവനന്തപുരം: കാണാതായ വ്യക്തിയെ കണ്ടെത്തിയതിനെ തുടർന്നു ഹാജരാക്കാൻ സമയം ചോദിച്ചു വിളിച്ച എഎസ്ഐയെ വനിതാ മജിസ്ട്രേട്ട് ശകാരിക്കുന്ന തരത്തിലുള്ള വോയ്സ് ക്ലിപ് സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ തടിയൂരാൻ പുതിയ ഉത്തരവുമായി തിരുവനന്തപുരം ജില്ലയിലെ വനിതാ മജിസ്ട്രേറ്റ്. സ്വന്തം കൈപ്പടയിൽ എഴുതിയ മെമോറാണ്ടത്തിൽ ഇനി പൊലീസുകാർ ഔദ്യോഗിക ആവശ്യത്തിന് ഫോണിൽ വിളിക്കരുതെന്നാണ് ഇവർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. നേരിട്ടു വിളിക്കുന്നതിന് പകരം ഓഫീസിലെ ചീഫ് മിനിസ്റ്റീരിയൽ ഓഫിസറെയോ അല്ലെങ്കിൽ ബെഞ്ച് ക്ലാർക്കിനെയോ വിളിക്കാനാണ് പുതിയ ഉത്തരവിൽ പറയുന്നത്.
ഈ ഉത്തരവും വിവാദങ്ങൾക്ക് ഇട നൽകുന്നതാണ്. കോവിഡ് പ്രോട്ടോക്കോൾ കാരണം കുറച്ചുകാലമായി പ്രതികളെയും മറ്റും നേരിട്ട് കോടതിയിൽ ഹാജരാക്കാരില്ല. പകരം വീഡിയോ കോൺഫറൻസിങ് വഴിയാണ് കോടതി നടപടികൾ പൂർത്തീകരിക്കുന്നത്. ഇങ്ങനെയുള്ള സാഹചര്യത്തിൽ എങ്ങനെ കോടതി നടപടി ക്രമങ്ങളിലേക്ക് കടക്കുമെന്ന ചോദ്യമാണ് പൊലീസുകാരും ഉയർത്തുന്നത്. ജില്ലയിലെ ഒരു മജിസ്ട്രേട്ടും അതിർത്തി മേഖലയിലെ എഎസ്ഐയും തമ്മിലുള്ള സംഭാഷണം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ പശ്ചാത്തലത്തിലാണ് മജിസ്ട്രേറ്റ്പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഔദ്യോഗിക ആവശ്യത്തിന് വിളിച്ചപ്പോഴാണ് നിങ്ങളുടെ ആരെങ്കിലും ചത്തോ? എന്ന ചോദ്യം എഎസ്ഐ കേൾക്കേണ്ടി വന്നത്. ഈ സംഭാഷണത്തിന്റെ പശ്ചാത്തലത്തിൽ മജിസ്ട്രേറ്റിന് മേൽ ഉയർന്ന് കോടതികൽക്ക് അധികാരമുണ്ടാകമെങ്കിലും മജിസ്ട്രേറ്റുമാരെ കുറിച്ച് പരാതി ഉണ്ടെങ്കിൽ എവിടെ പറയുമെന്ന ചോദ്യവും ഉയരുന്നുണ്ട്. വനിതാ മജിസ്ട്രേറ്റ് ധാർമ്മികമായും നിയമപരമായും തെറ്റായ പ്രവർത്തിയാണ് ചെയ്തത് എന്നാണ് പൊതുവിൽ ഉയരുന്ന വികാരം.
ഇവർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഓഫീസ് പ്രവർത്തിക്കുക അഞ്ച് മണി വരെയാകും. അതിന് ശേഷം ചില പ്രതികളെ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാകേണ്ട സാഹചര്യം ഉണ്ടാകും. അങ്ങനെ വരുമ്പോൾ എന്തു ചെയ്യും എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. നടപടിക്രമം പ്രകാരം ബെഞ്ച് ക്ലാർക്കിന് അയാളുടെ ജോലി സമയം കഴിഞ്ഞ് വീട്ടിൽ പോകാം. ഈ ഘട്ടത്തിൽ അവശ്യഘട്ടത്തിൽ മജിസ്ട്രേറ്റിനെ എങ്ങനെ വിളിക്കാതിരിക്കും എന്നാണ് പൊലീസുകാരും പരസ്പ്പരം ചോദിക്കുന്നത്. എക്സൈസ് ഉദ്യോഗസ്ഥർക്കും മജിസ്ട്രേറ്റ് പുതിയ നിർദ്ദേശം കൈമാറിയിട്ടുണ്ട്.
വിവാദത്തിന് ഇടയാക്കിയ സംഭവം ഇങ്ങനെ:
ഇരു കാലുകളും തകർന്നു മുച്ചക്ര വാഹനത്തിൽ ലോട്ടറി വിൽക്കുന്നയാളെ പ്രത്യേക സാഹചര്യത്തിൽ കാണാതായിരുന്നു. കാണാതാകുന്നവരെ കണ്ടെത്തിയാൽ വൈദ്യപരിശോധനയും മറ്റും പൂർത്തിയാക്കിയ ശേഷം മജിസ്ട്രേട്ടിനു മുൻപാകെ ഹാജരാക്കണമെന്നാണു നിയമം. ഇതിനായി പൊലീസ് മുൻകൂട്ടി സമയം തേടാറുണ്ട്. ലോട്ടറിക്കച്ചവടക്കാരനെ 2 ദിവസത്തിനകം പൊലീസ് കണ്ടെത്തി. തുടർന്നു മജിസ്ട്രേട്ടിനെ വിളിച്ചപ്പോഴുള്ള സംഭാഷണമാണു പുറത്തു വന്നത്.
''നിങ്ങളുടെ ആരെങ്കിലും ചത്തോ''
താൻ ഏതു സ്റ്റേഷനിലെ പൊലീസുകാരനാണ് എന്നു വിനയപൂർവം അറിയിച്ചു കൊണ്ടാണ് എഎസ്ഐയുടെ ഫോൺ സംഭാഷണം തുടങ്ങുന്നത്. ''ഒരു കോൾ വിളിച്ചു കൊണ്ടിരിക്കുമ്പോൾ.. നിങ്ങളുടെ ആരെങ്കിലും ചത്തോ ഇങ്ങനെ കിടന്നു വിളിക്കാൻ..? ഇവിടെ ഒരു കോൾ വിളിച്ചു കൊണ്ടിരിക്കുമ്പോൾ ഇടയ്ക്കു നൂറു തവണ വിളിച്ചില്ലെങ്കിൽ നിങ്ങൾക്ക് ഉറക്കം വരത്തില്ലേ ഇതായിരുന്നു മറുപടിയായി മജിസ്ട്രേട്ടിന്റെ ശകാരം.
കാണാതായ ആൾ തിരിച്ചു വന്നിട്ടുണ്ടെന്നും അക്കാര്യം അറിയിക്കാനാണെന്നും എഎസ്ഐ പറഞ്ഞപ്പോൾ, ''ഇറങ്ങിപ്പോയപ്പോൾ അവന് ഒരു കുഴപ്പവുമുണ്ടായിരുന്നില്ലല്ലോ. അവൻ കുറച്ചു നേരം അവിടെ വെയ്റ്റ് ചെയ്യട്ടെ. എനിക്കു തോന്നുമ്പോഴേ ഞാൻ വന്ന് എടുക്കുന്നുള്ളൂ. എന്തു പെരുമാറ്റമാണ് ഇത്. മനുഷ്യന് ഒരാളെ ഫോൺ ചെയ്യാൻ പറ്റത്തില്ലല്ലോ..'' എന്നായിരുന്നു മജിസ്ട്രേട്ടിന്റെ രൂക്ഷമായ പ്രതികരണം.
''എനിക്കു ഫ്രീയാകുമ്പം വിളിക്കും. ഇനി മേലാൽ ഇങ്ങോട്ടു വിളിച്ചാൽ വിവരമറിയു''മെന്ന് എഎസ്ഐയെ ശകാരിക്കുകയും ചെയ്തു. തുടർന്നു ക്ഷമ ചോദിച്ച് എഎസ്ഐ ഫോൺ വയ്ക്കുകയാണ്. ഈ സംഭാഷണം സോഷ്യൽ മീഡിയയിലൂടെ പുറത്തായി വൈറലായതോടെയാണ് മജിസ്ട്രേട്ട് ഒഫിഷ്യൽ മെമോറാണ്ടം പുറത്തിറക്കിയത്.
മറുനാടന് മലയാളി ബ്യൂറോ