കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് ആവർത്തിക്കുന്ന ബലാൽസംഘങ്ങൾ ആരോഗ്യ വകുപ്പിന്റെ വീഴ്ചയാണെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡണ്ട് ജബീന ഇർഷാദ് പ്രസ്താവിച്ചു. ആറന്മുളയിൽ ആംബുലൻസ് ഡ്രൈവർ ക്രൂരമായി ബലാൽസംഘം ചെയ്ത പെൺകുട്ടി ഇപ്പോഴും ശരിയായ മാനസികനില കൈവരിച്ചിട്ടില്ല.

കൊലക്കേസ് പ്രതിയെ 108 ആംബുലൻസിന്റെ ഡ്രൈവറായി നിയോഗിക്കപ്പെട്ടതും അന്വേഷിക്കണം. അതിനിടയിലാണ് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ തിരുവനന്തപുരത്ത് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിന് അപേക്ഷിച്ച യുവതിയെ വീട്ടിൽ വിളിച്ച് വരുത്തി ക്രൂരമായി ബലാൽസംഘം ചെയ്തത്. വീട്ടിനകത്ത് കട്ടിലിൽ കെട്ടിയിട്ടാണ് പല തവണ ബലാൽസംഘത്തിന് ഇരയാക്കിയത്. കോവിഡ് മുൻ കരുതലുകൾക്കൊപ്പം സ്ത്രീ സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പ് വരുത്തണം.

രോഗികളെ അകറ്റി നിറുത്തുന്നത് ഭീതിതമായ അരക്ഷിതാവസ്ഥകളിലേക്കായിരിക്കരുത്. ആരോഗ്യമേഖലയിലെ സുരക്ഷാ ക്രമീകരണങ്ങൾ പുനർനിർണ്ണയിക്കുകയും
കുറ്റമറ്റതാക്കുകയും ചെയ്യണം. കുറ്റവാളികൾ ശിക്ഷിക്കപ്പെടാതെ സ്വൈര്യ വിഹാരം നടത്തുന്ന സാഹചര്യവും ബലാൽസംഗങ്ങൾ വർദ്ധിക്കുവാൻ കാരണമാകുന്നു ആഭ്യന്തര വകുപ്പിന് ഇതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞു മാറാനാവില്ല. സ്ത്രീ സുരക്ഷ ഉറപ്പു വരുത്തേണ്ട ബാധ്യത സർക്കാറിനുണ്ട്.

പ്രതികൾക്ക് കടുത്ത ശിക്ഷ ലഭിക്കാൻ തക്ക നിയമനടപടികൾ സ്വീകരിക്കണം.