സ്ത്രീസുരക്ഷയുടെ വിഷയത്തിൽ ഇടതു സർക്കാർ വൻ പരാജയമാണെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് ജബീന ഇർഷാദ് പറഞ്ഞു. 'സ്ത്രീ സുരക്ഷ കേരള മോഡൽ വിചാരണ ചെയ്യുന്നു 'എന്ന മുദ്രാവാക്യത്തിൽ വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് സംഘടിപ്പിച്ച സെക്രട്ടേറിയേറ്റ് ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

ഇടത് സർക്കാർ വന്നത് സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ വലിയ വാഗ്ദാനങ്ങൾ നൽകിക്കൊണ്ടാണ്. എന്നാൽ സർക്കാർ സംവിധാനങ്ങൾക്കകത്ത് തന്നെ ബലാൽസംഗങ്ങളും സ്ത്രീ പീഡനങ്ങളും തുടർക്കഥയാകുന്ന സാഹചര്യമാണ് ഇന്നുള്ളത്.

ക്ലാസ് മുറി തൊട്ട് ആംബുലൻസ് വരെ ബലാൽസംഗങ്ങൾ കോവിഡിന്റെ മറവിലും ആവർത്തിക്കുമ്പോൾ പ്രതികളെ രക്ഷിക്കാൻ പൊലീസും ഭരണകർത്താക്കളും കൂട്ടുനിൽക്കുന്നു. വാളയാർ മുതൽ പാലത്തായി വരെ പ്രതികളെ രക്ഷപ്പെടുത്താനും ഇരകളെ കുറ്റക്കാരാക്കാനും ശ്രമിക്കുന്ന പൊലീസും ഭരണകൂടവും തെരുവിൽ ചോദ്യം ചെയ്യപ്പെടണം. വിമൻ ജസ്റ്റിസ് ഈ പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുക്കുമെന്നും അവർ പറഞ്ഞു.

ഇരകളുടെ കൂടെ നിൽക്കുന്നതിന് പകരം പ്രതികളുടെ കൂടെ നിൽക്കുകയാണ് പിണറായി സർക്കാരെന്ന് പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി പറഞ്ഞു. മാഗ്‌ളിൻ ഫിലോമിന(തീരദേശ ഫെഡറേഷൻ പ്രസിഡന്റ്), ലക്ഷ്മി (മഹിള കോൺഗ്രസ് പ്രസിഡന്റ്, തിരുവനന്തപുരം) ബിനു ഷറീന (വനിതാ ലീഗ് ജില്ല സെക്രട്ടറി, തിരുവനന്തപുരം), സുമയ്യ റഹീം (വിമൻ ഇന്ത്യ മൂവ്‌മെന്റ്) എന്നിവർ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സംസാരിച്ചു.

മെഹർ മാഹീൻ കവിതാലാപനം നടത്തി സി. എ. ഉഷാകുമാരി (വിമൻ ജസ്റ്റിസ് സംസ്ഥാന വൈസ് പ്രസിഡന്റ്) അദ്ധ്യക്ഷത വഹിച്ചു. വിമൻ ജസ്റ്റിസ് സംസ്ഥാന സെക്രട്ടറിമാരായ മുംതാസ് ബീഗം, സുഫീറ എരമംഗലം, ബീബി ജാൻ (വിമൻ ജസ്റ്റിസ് ജില്ല സെക്രട്ടറി) എന്നിവർ സംസാരിച്ചു.