മസ്‌ക്കറ്റ്: സ്ത്രീ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ വനിതാ ഡ്രൈവർമാരെ ഉൾപ്പെടുത്തി ടാക്‌സി സർവീസുമായി മർഹബ ടാക്‌സി. സർക്കാരിൽ നിന്നുള്ള അനുമതി ലഭിച്ചാലുടൻ സർവീസ് ആരംഭിക്കുമെന്ന് മർഹബ ടാക്‌സി പ്രൊജക്ട് മാനേജർ യൂസഫ് അൽ ഹൂതി വ്യക്തമാക്കി. വനിതാ ടാക്‌സി ഡ്രൈവർമാർ ഓടിക്കുന്ന ഇത്തരം ടാക്‌സികളുടെ നിറവും ഏറെ വ്യത്യസ്തമായിരിക്കും. പിങ്ക്, ബ്ലൂ, വെള്ള നിറങ്ങളായിരിക്കും വിമൻ ഒൺലി ടാക്‌സികൾക്കു നൽകുക. വനിതാ ടാക്‌സി ഡിസൈൻ സംബന്ധിച്ച് പഠനം നടത്തി വരികയാണെന്നും അധികൃതർ വെളിപ്പെടുത്തി.

വിമൻ ഒൺലി ടാക്‌സി സർവീസിന് ലൈസൻസിനായി ട്രാൻസ്‌പോർട്ട് മിനിസ്ട്രിയിൽ അപേക്ഷ നൽകിയിട്ടുണ്ടെന്നും അപ്രൂവൽ ലഭിച്ചാലുടൻ തന്നെ സർവീസ് ആരംഭിക്കുമെന്നുമാണ് അറിയിച്ചിരിക്കുന്നത്. സ്ത്രീകൾക്കു മാത്രമായുള്ള ടാക്‌സി സർവീസ് വരുന്നുവെന്ന വാർത്തയോട് ഏവരും അനുകൂലമായാണ് പ്രതികരിച്ചിരിക്കുന്നത്.

ഡ്രൈവിങ് ലൈസൻസ് ഇല്ലാത്ത ഒട്ടേറെ സ്ത്രീകളും ടാക്‌സി സർവീസ് പ്രയോജനപ്പെടുത്താത്ത അവസ്ഥയാണുള്ളതെന്നും ഇത് സുരക്ഷയെ കരുതിയാണെന്നും ചില ജോലിക്കാരായ സ്ത്രീകൾ അഭിപ്രായപ്പെട്ടിട്ടുണ്ട്. വിമൻ ഒൺലി ടാക്‌സികൾ നിരത്തിലെത്തുന്നതോടെ ഈയവസ്ഥയ്ക്ക് മാറ്റമുണ്ടാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. സുരക്ഷിതമായി സ്ത്രീകൾക്ക് ടാക്‌സിയിൽ ഇനി യാത്ര ചെയ്യാം എന്നതാണ് വിമൻ ഒൺലി ടാക്‌സി സർവീസിന്റെ ഏറ്റവും വലിയ പ്രയോജനമെന്നും വിലയിരുത്തപ്പെടുന്നു.