- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂജ പഠിച്ച് പൂജാരിണിമാരാകാൻ ദീക്ഷ സ്വീകരിച്ച് 30 സ്ത്രീകൾ; പുതിയ തുടക്കം കുറിച്ചത് പേരമംഗലം നാഗരാജാ ക്ഷേത്രത്തിൽ
പോത്താനിക്കാട്: ഔപചാരികമായി പൂജ പഠിച്ച് പൂജാരിണിമാരാകാൻ ദീക്ഷ സ്വീകരിച്ച് 30 സ്ത്രീകൾ. മൂവാറ്റുപുഴയ്ക്കടുത്ത് ആയവന പേരമംഗലം നാഗരാജാ ക്ഷേത്രത്തിലാണ് പുതിയ തുടക്കമായത്. 30 സ്ത്രീകൾ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ദീക്ഷ സ്വീകരിച്ചു. ജോത്സ്യൻ കെ.വി. സുഭാഷിന്റെ ശിക്ഷണത്തിലാണ് ഇവർ പൂജാപഠനം പൂർത്തിയാക്കിയത്. പുരുഷന്മാരുൾപ്പെടെ 70-ഓളം പേർ ദീക്ഷ സ്വീകരിച്ചു. വീടുകളിൽ ഗണപതിഹോമം, ഭഗവതിസേവ തുടങ്ങിയവ നടത്തുന്നതിന് സ്ത്രീകൾക്ക് അവസരം ലഭിക്കും.
പേരാമംഗലം നാഗരാജാ ക്ഷേത്രത്തിൽ എല്ലാ ജാതി-മതസ്ഥരിലും പെട്ടവർക്ക് പ്രവേശനം ഉണ്ട്. പ്രധാന ക്ഷേത്രത്തോട് അനുബന്ധിച്ച് 26 ഉപക്ഷേത്രങ്ങളും പൂർത്തീകരണത്തിലേക്ക് എത്തി നിൽക്കുകയാണ്. ഇവിടങ്ങളിൽ പൂജാരിണിമാരായി സ്ത്രീകൾക്ക് പ്രാധാന്യം നൽകാനാണ് തീരുമാനം.
ഉയർന്ന വിദ്യാഭ്യാസമുള്ളവരാണ് ഈ രംഗത്തേക്ക് കടന്നുവന്നിരിക്കുന്നത്. പൂജാരംഗത്ത് തുടരാനാണ് തീരുമാനമെന്ന് നഴ്സിങ് ബിരുദം കഴിഞ്ഞയാളും നിലവിൽ ക്ഷേത്രത്തിലെ പൂജാരിയായ വിനോദ് രാജപ്പന്റെ ഭാര്യയുമായ ദിവ്യാലക്ഷ്മി പറഞ്ഞു.
ക്ഷേത്രത്തിലെ മറ്റൊരു പൂജാരി ഇന്ദുകലാധരന്റെ ഭാര്യ കെ. പ്രസീദയും ഇലക്ട്രോണിക്സിൽ ഡിപ്ലോമ കരസ്ഥമാക്കിയ പറവൂർ ചെറായി സ്വദേശിനി ലത സുധീറും ബിരുദധാരിണിയായ നീതു പ്രദീപും ഇതേ ആഗ്രഹം തന്നെ പ്രകടിപ്പിക്കുന്നു.
മറുനാടന് ഡെസ്ക്