തിരുവനന്തപുരം: മമ്മുട്ടിയുടെ പുതിയ ചിത്രമായ കസബയിലെ സ്ത്രീവിരുദ്ധ സംഭാഷണങ്ങൾ വിവാദമാകുന്നു. സമൂഹത്തിലെ സ്ത്രീകളുടെ അഭിമാനത്തിന് ക്ഷതമേൽപ്പിക്കുന്ന വൃത്തികെട്ട സംഭാഷണങ്ങൾ സിനിമയിൽ ഉൾപ്പെടുത്തിയതിനെതിരെ നടപടിയെടുക്കുമെന്ന് സംസ്ഥാന വനിതാ കമ്മിഷൻ ചെയർപേഴ്‌സൺ കെ സി റോസക്കുട്ടി വ്യക്തമാക്കി.

ഒരു പൊലീസ് ഉദ്യോഗസ്ഥയോട് മറ്റൊരു പൊലീസ് ഓഫീസറായ മമ്മൂട്ടി അനാവശ്യമായ അശ്ലീല സംഭാഷണം നടത്തുന്ന രംഗത്തിനെ പറ്റിയാണ് ആരോപണം. ഒരേ റാങ്കിലുള്ള ഒരു സ്ത്രീയോടായിരുന്നു നായകന്റെ ഇത്തരത്തിലുള്ള സംസാരമെന്നും വനിതാ കമ്മിഷൻ ചെയർപേഴ്‌സൺ വ്യക്തമാക്കി.

ചിത്രത്തിൽ സ്ത്രീവിരുദ്ധ സംഭാഷണമുണ്ടെന്നു മാത്രമല്ല, ഇത് പൊലീസ് സേനയെത്തന്നെ അപകീർത്തിപ്പെടുത്തുന്നതുമാണ്. ഇതിനു പുറമെ സ്ത്രീകൾക്കെതിരെ ചിത്രത്തിൽ മറ്റുചില സംഭാഷണങ്ങളുമുണ്ട്. ചിത്രം മുഴുവനായും പരിശോധിച്ച് നടപടി സ്വീകരിക്കാനാണ് വനിതാ കമ്മീഷന്റെ തീരുമാനമെന്നും റോസക്കുട്ടി പറഞ്ഞു.

അഭിനയരംഗത്ത് ദീർഘകാലത്തെ അനുഭവമുള്ള മമ്മൂട്ടിയെപ്പോലെയുള്ള ഒരാൾ അത്തരം സംഭാഷണങ്ങൾ പറയരുതായിരുന്നുവെന്ന് കമ്മീഷൻ വിലയിരുത്തുന്നു. അദ്ദേഹം ഒരു മുതിർന്ന നടനും അറിയപ്പെടുന്ന താരവുമാണ്. തിരക്കഥയിൽ അത്തരത്തിലുള്ള സംഭാഷണങ്ങൾ ഉണ്ടാവുമ്പോൾ അതു പറയാൻ താൻ തയ്യാറല്ലെന്നായിരുന്നു മമ്മുട്ടി പറയേണ്ടിയിരുന്നത്. സഹപ്രവർത്തകയായ പൊലീസ് ഉദ്യോഗസ്ഥയുടെ അരക്കെട്ടിലെ ബെൽറ്റിൽ കടന്നുപിടിച്ച് മമ്മൂട്ടി അശ്ലീല സംഭാഷണം നടത്തുന്ന രംഗമാണ് വിവാദത്തിലായിട്ടുള്ളത്. മാസമുറ തെറ്റിക്കാൻ തനിക്ക് കഴിയുമെന്നായിരുന്നു നായകന്റെ വാക്കുകൾ.

ചിത്രത്തിലെ സംഭാഷണങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിലും വൻ വിമർശനമുയർന്നിരുന്നു. ഇതിനു പിന്നാലെയാണ് കമ്മീഷൻ നടപടിയുണ്ടാവുമെന്ന് വ്യക്തമാക്കിയിട്ടുള്ളത്്. അതേസമയം മുൻപും പല സിനിമകളിലും ഇത്തരം ദ്വയാർത്ഥ പ്രയോഗങ്ങൾ വന്നിട്ടുണ്ടെന്നും പുതിയ വിവാദങ്ങൾ മമ്മുട്ടിയെയും പുതിയ സിനിമയേയും താറടിച്ചു കാണിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും സിനിമയുടെ അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നു. എന്നാൽ അശഌലത ധ്വനിപ്പിക്കുന്ന ഡയലോഗുകളും ദ്വയാർത്ഥ പ്രയോഗങ്ങളും കസബയിൽ കൂടുതലാണെന്ന വിലയിരുത്തലിലാണ് കമ്മീഷൻ നടപടിക്കൊരുങ്ങുന്നത് എന്നാണ് സൂചന.

പൊലീസുകാരനായ രാജൻ സക്കറിയയുടെ കഥപറയുന്ന മമ്മുട്ടിയുടെ പുതിയ പൊലീസ് ചിത്രം കഴിഞ്ഞയാഴ്ച പെരുന്നാൾ ചിത്രമായാണ് തിയേറ്ററുകളിലെത്തിയത്. തീപ്പൊരി ഡയലോഗുകളിലൂടെ വിവിധ ചിത്രങ്ങളിൽ കയ്യടി നേടിയ രൺജി പണിക്കരുടെ മകനായ നിഥിൻ രൺജി പണിക്കരാണ് കസബയുടെ തിരക്കഥ തയ്യാറാക്കിയത്.