തിരുവനന്തപുരം: പെണ്ണുങ്ങളെല്ലാം അഹങ്കാരികളാണെന്നും ജോലിക്കുപോകുന്ന പെണ്ണുങ്ങളെല്ലാം മോശക്കാരാണെന്നും നിരവധി സ്ത്രീവിരുദ്ധ പരാമർശങ്ങളുമായി മുജാഹിദ് ബാലുശ്ശേരിക്കെതിരെ കേസെടുത്ത് വനിതാ കമ്മിഷൻ. മോശം പരാമർശങ്ങളുമായി ഇസ്‌ളാം പ്രഭാഷകൻ തികച്ചും സ്ത്രീവിരുദ്ധമായാണ് പ്രഭാഷണം നടത്തുന്നതെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് വനിതാ കമ്മിഷൻ വിഷയത്തിൽ ഇടപെടുന്നത്. ഇയാൾക്കെതെിരെ കേസെടുത്ത് അന്വേഷണം നടത്താൻ പൊലീസിനും വനിതാ കമ്മിഷൻ നിർദ്ദേശം നൽകും. ഇത്തരത്തിൽ സ്ത്രീവിരുദ്ധ പരാമർശങ്ങളുമായി മുജാഹിദ് ബാലുശ്ശേരി നടത്തിയ പ്രഭാഷണം റിപ്പോർട്ടുചെയ്തത്.ഇന്ന് മറുനാടൻ ഈ വിഷയത്തെ അധികരിച്ച് ഇസ്ലാം ഒരു സ്ത്രീ വിരുദ്ധ മതമാണോ? എന്ന ശീർഷകത്തിൽ ഇൻസ്റ്റന്റ് റിപ്പോർട്ട് നൽകുകയും ചെയ്തു. ഇതു പരിഗണിച്ചാണ് വനിതാകമ്മിഷൻ വിഷയത്തിൽ സ്വമേധയാ കേസെടുക്കാൻ നിർദ്ദേശം നൽകിയതെന്ന് വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാൽ വ്യക്തമാക്കി. കേസെടുക്കാൻ സാഹചര്യമൊരുക്കിയ മറുനാടൻ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചുവടെ:

സ്ത്രീകൾ എന്നാൽ അടക്കവും ഒതുക്കവുമായി വീട്ടിൽ ഭർത്താവിനൊപ്പം കഴിയേണ്ടവർ മാത്രമാണ് എന്നു സമർത്ഥിക്കുന്ന പ്രഭാഷണത്തിൽ മുജാഹിദ് ബാലുശ്ശേരി പ്രധാനമായും ലക്ഷ്യമിട്ടത് ജോലി ചെയ്യുന്ന സ്ത്രീകളെയാണ്. ജോലി ചെയ്യുന്ന സ്ത്രീകളെല്ലാം മോശക്കാരാണെന്ന് സമർത്ഥിച്ചു കൊണ്ടായിരുന്നു ബാലുശ്ശേരിയുടെ പ്രസംഗം. സ്ത്രീ സ്വാതന്ത്ര്യ വാദികളെയും തള്ളിപ്പറയുകയും അവഹേളിക്കുകയും സ്ത്രീക്ക് സ്വാതന്ത്ര്യം ആവശ്യമില്ലെന്ന് മുജാഹിദ് ബാലുശ്ശേരി പ്രസംഗിച്ചത്. സ്ത്രീപുരുഷ സമത്വം രാജ്യദ്രോഹമാക്കുന്ന... ജോലിക്ക് പോകുന്ന സ്ത്രീകളെ അവിഹിതക്കാരിയാക്കുന്ന മുജാഹിദുമാരെ തുറുങ്കിൽ അടക്കണമെന്ന് വ്യക്തമാക്കിയായിരുന്നു ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ്. ഇസ്ലാമിക ദളിത് വിരുദ്ധ പരാമർശങ്ങൾക്കെതിരെ ജാഗരൂകരാകുന്ന പൊതു സമൂഹം എന്തുകൊണ്ട് സ്ത്രീവിരുദ്ധരുടെ വാക്കുകൾ അബദ്ധമായി വ്യാഖ്യാനിച്ച് ന്യായീകരിക്കുന്നു എന്ന ചോദ്യമുയർത്തി നൽകിയ പ്രതികരണം പരിഗണിച്ചാണ് വനിതാ കമ്മിഷൻ കേസെടുത്തത്.

പ്രസംഗത്തൽ മുജാഹിദ് ബാലുശ്ശേരി പറഞ്ഞത് ഇങ്ങനെ: ''സ്ത്രീക്ക് സ്വാതന്ത്ര്യമെന്നാൽ തുണിയഴിച്ച് നടക്കുന്നതല്ല. പെണ്ണ് ഉടുക്കാണ്ട് നടക്കുന്നതല്ല സ്വാതന്ത്ര്യം. അത് വൃത്തികേടാണ് സ്വാതന്ത്ര്യമല്ല. സ്ത്രീക്ക തെങ്ങുമ്മ കേറുന്നതല്ല സ്വാതന്ത്ര്യം. പെണ്ണെന്താണെന്ന് ആദ്യം പഠിക്കണം. പെണ്ണ് ആണല്ല. പെണ്ണ പെരുവിരൽ മുതൽ ശിരസുവരെ പെണ്ണാ. ഇസ്ലാമിന്റെ നേരെ കുതിരകയറുന്നവർ ശ്രദ്ധിച്ചിട്ടുണ്ടോ പെണ്ണ് പെണ്ണാ. സ്‌ത്രൈണ ഭാവമുള്ളവളാ അവൾ. കുടുംബിനിയാണ്. അവൾ കുടുംബത്തെ മാന്യമായി നയിക്കേണ്ടവളാണ് ഏറ്റവും കൂടുതൽ കുടുംബശൈഥില്യമുണ്ടായത് പെണ്ണ് ജോലിക്കുപോകുന്നിടത്താണ്.

പെണ്ണ് ജോലിക്ക് പോകുന്നിടത്ത് ഒരു വൃത്തിയുണ്ടാവില്ല. അടിവസ്ത്രം വരെ എല്ലായിടത്തും കിടക്കും. ആ ഡിസോർഡർ അവരുടെ ലൈഫിലുമുണ്ടാകും. ടെക്‌നോപാർക്കും ഐടി പാർക്കും നോക്ക്. എനിക്ക് ശമ്പളമുണ്ട് അവന് ശമ്പളമില്ല എന്നൊക്കെ പറഞ്ഞ് ബന്ധങ്ങൾ വേർപെടുത്തുന്നു. ഇസ്ലാമെത്ര സുന്ദരമായാണ് അക്കാര്യം പറഞ്ഞത്. സ്ത്രീയുടെ മേൽ കൈകാര്യ കർതൃത്വം പുരുഷനാണ്. പുരുഷനെപ്പോലെയല്ല പെണ്ണ്. സ്ത്രീ പുരുഷ സമത്വത്തിന് വേണ്ടി വാദിക്കുന്നവർ മനുഷ്യത്വത്തിനെതിരാണ് രാജ്യദ്രോഹികളാണ്.

പെണ്ണ് പൊതുവെ അഹങ്കാരിയാണ്, അഹങ്കാരമാണ് അവളുടെ മുഖമുദ്ര. അവൾക്ക് ശമ്പളം കിട്ടിയാൽ വലിയ അഹങ്കാരമാണ്. ജോലിക്കാരായ സ്ത്രീ പുരുഷന്മാരുള്ള കുടുംബങ്ങളിലൊക്കെ അവിഹിതമാണ്. ജോലിക്കു പോകുന്ന പെണ്ണുങ്ങളിൽ ഭൂരിഭാഗം പേർക്കും അന്യ പുരുഷനുമായി അവിഹിതം ഉണ്ടാകും ജോലി കഴിഞ്ഞ് കേറിച്ചെല്ലുമ്പൊ മലയാള വേഷം ധരിച്ച് നിൽക്കുന്ന പെണ്ണിനെ എന്തു ഭംഗിയാണ്. പെണ്ണ് കുലീനയാണ്, അമ്മയാകേണ്ടവളാണ്. അങ്ങനെ പെണ്ണിനൊരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. പൂമുഖ വാതിലിൽ കുറ്റിച്ചൂലിൽ മൂത്രമൊഴിച്ച് നിൽക്കുന്ന പെണ്ണാണ് ഇപ്പോഴത്തേത്.''

മുമ്പും വിവാദ പ്രസംഗങ്ങൾക്ക് കൊണ്ട് വാർത്തകളിൽ ഇടംപിടിച്ച വ്യക്തിയാണ് മുജാഹിദ് ബാലുശ്ശേരി. ക്ഷേത്രങ്ങൾക്ക് പണം നൽകുന്നത് ദൈവ നിഷേധമാണെന്നും അത്തരക്കാർ നരകത്തിൽ എത്തുച്ചേരുമെന്നും മുജാഹിദ് ബാലുശ്ശേരിയുടെ പ്രസംഗത്തിൽ മുന്നറിയിപ്പു നൽകുന്നു പ്രസംഗമാണ് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയത്. 'നരകം എത്ര ഭയാനകം' എന്ന പേരിൽ മുജാഹിദ് ബാലുശ്ശേരി നടത്തുന്ന പ്രഭാഷണ പരമ്പരയിൽ കോഴിക്കോട് വലിയങ്ങാടി ഖലീഫ മസ്ജിദിൽ നടത്തിയ പ്രഭാഷണത്തിലാണ് വിവാദ പരാമർശം ഉൾപ്പെട്ടത്. പ്രസംഗത്തിന്റെ വീഡിയോ യു ട്യൂബിലൂടെ പ്രചരിച്ചതോടെ സോഷ്യൽ മീഡിയയിൽ കടുത്ത വാദപ്രതിവാദമാണ് നടക്കുന്നത്. മുസ്ലിം സമുദായത്തിൽപ്പെട്ട ഭൂരിപക്ഷം പേരും പ്രസംഗത്തെ തള്ളിപ്പറഞ്ഞു കൊണ്ടാണ് രംഗത്തെത്തിയത്. മുസ്‌ളീം സമുദായത്തിലെ സ്ത്രീകളുൾപ്പെടെ നിരവധിപേർ മാടശ്ശേരിയെ രൂക്ഷമായി പ്രതികരിച്ച് സോഷ്യൽ മീഡിയയിലും രംഗത്തുവന്നു.

നാട്ടിലെ പെൺകുട്ടികൾ മുഴുവൻ നിങ്ങളുടെയീ പൊട്ടത്തരം കേട്ട് മിണ്ടാതിരിക്കുമെന്ന ധാരണയുണ്ടെങ്കിൽ തിരുത്തിയേക്കണമെന്നും ഇത്തരം ഉസ്താദുമാരുടെ കരണം അടിച്ചുപൊളിക്കണമെന്നും പറഞ്ഞാണ് കെ എസ് യു മലപ്പുറം മുൻ ജില്ല കമ്മറ്റിയംഗവും ആക്ടിവിസ്റ്റുമായ ജസ്‌ല മാടശേരി ഫേസ്‌ബുക്ക് ലൈവിലൂടെ മുജാഹിദ് ബാലുശ്ശേരിക്കെതിരെ പ്രതികരിച്ചത്.

ജസ്‌ലയുടെ പോസ്റ്റ് ഇപ്രകാരം:

സ്ത്രീ വിരുദ്ധ പരാമർശം നടത്തുന്നത് എന്ത് അർഥത്തിലാണ്, ഇത്തരം ഉസ്താദുമാർ പ്രസംഗിക്കുന്ന വേദിയിൽ ചീമുട്ട എറിയണം.പൈസയ്ക്ക് വേണ്ടി മതത്തെ വിൽക്കുന്ന ഇത്തരക്കാർക്ക് ഇത്തരം വിഷയങ്ങളിൽ കാര്യമായ അറിവില്ല.ഇസ്ലാമിന്റെ ചരിത്രം മുജാഹിദ് ബാലുശേരി പരിശോധിക്കുന്നതും പഠിക്കുന്നതും നല്ലതായിരിക്കുമെന്ന് ജെസ്ല പറയുന്നു.

ഇസ്ലാം മതത്തെ കുറിച്ച് പഠിച്ചാൽ മുജാഹിദ് ബാലുശ്ശേരി ഇത്തരത്തിൽ പ്രതികരിക്കില്ല. സ്ത്രീയെന്നാൽ ചോറും പേറും മാത്രം ലക്ഷ്യം വച്ച് വീട്ടിൽ കഴിയേണ്ട വ്യക്തിയല്ല. ഉസ്താദിന്റെ ഭാര്യ ജോലിക്കു പോകുന്നുണ്ടെങ്കിൽ അവരെ സംശയിക്കുന്നതുകൊണ്ടാകാം ഇത്തരം തെറ്റിധാരണ. നാട്ടിലെ പെൺകുട്ടികൾ നിങ്ങളുടെ പ്രസംഗം കേട്ട് മിണ്ടാതിരിക്കുമെന്ന് തോന്നുന്നുണ്ടെങ്കിൽ അത് തെറ്റിധാരണയാണ് എന്നും ജസ്‌ല പറയുന്നു.

ഇസ്ലാം ഒരു സ്ത്രീ വിരുദ്ധ മതമാണോ? ഇൻസ്റ്റന്റ് റെസ്‌പോൺസ്

ഇൻസ്റ്റന്റ് റെസ്‌പോൺസും ചർച്ചചെയ്തത് ഈ വിഷയമായിരുന്നു. ഇതോടെയാണ് രൂക്ഷമായ സ്ത്രീവിരുദ്ധതയുമായി രംഗത്തെത്തിയ മുജാഹിദ് ബാലുശ്ശേരിക്ക് എതിരെ കേസെടുക്കാൻ വനിതാ കമ്മിഷൻ തീരുമാനിക്കുന്നത്. ഇസ്ലാം ഒരു സ്ത്രീ വിരുദ്ധ മതമാണോ? ഇസ്ലാം സ്ത്രീയേ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നില്ലേ? സ്ത്രീക്ക് പുരുഷനൊപ്പം പ്രാധാന്യം കൊടുക്കേണ്ട എന്ന് ഇസ്ലാം മതം പഠിപ്പിക്കുന്നു. നമ്മുടെ പൊതുസമൂഹം ഏറെ നാളായി ചർച്ച ചെയ്യുന്ന ഒരു വിഷയമാണിത്. പൊതുവേ സ്ത്രീകൾക്ക് ഇസ്ലാമിക മത പരിപാടികളിലും ഇസ്ലാമിക രാഷ്ട്രീയ സംഘടനകളിലും ഒക്കെ ലഭിക്കാതെ പോകുന്ന പ്രാധാന്യം ആണ് ഇത്തരം ഒരു സംവാദത്തിന് വളമാകുന്നത്.

യഥാർത്ഥത്തിൽ സ്ത്രീകൾക്ക് മഹനീയമായ ഒരു സ്ഥാനം നൽകുകയും സ്ത്രീകളെ സ്ന്ഹേക്കുകയും ആദരിക്കുകയും കുടുംബം പോലുള്ള മഹത്തായ സ്ഥാപനങ്ങൾ നടത്തുന്നതിൽ പുരുഷനേക്കാൾ പ്രാധാന്യം നൽകുന്നത് ഇസ്ലാം ആണെങ്കിൽ കൂടി പൊതുസമൂഹം ഇതിനെ വേണ്ടത്ര മനസ്സിലാക്കാതെ പോകുന്നത് നമ്മുടെ ഇസ്ലാമിക സംഘടനകളിലും രാഷ്ട്രീയ പാർട്ടികളിലും ഇസ്ലാമിക മതസ്ഥാപനങ്ങളിലും ഒക്കെ സ്ത്രീകൾക്ക് താക്കോൽ സ്ഥാനങ്ങളിൽ പ്രവേശനം ഇല്ലാത്തത് തന്നെയാണ്.

മുസ്ലിം ലീഗ് പോലുള്ള രാഷ്ട്രീയ പാർട്ടികൾക്ക് ഇന്നും ഒരു സ്ത്രീയെ നിയമസഭയിലേക്ക് കൊണ്ടുവരാനോ സ്ത്രീക്ക് വേണ്ടത്ര പ്രാധാന്യം നൽകാനോ സാധിക്കുന്നില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സ്ത്രീ സംവരണം നടപ്പിലാക്കിയപ്പോൾ പലപ്പോഴും സ്ത്രീ സ്ഥാനാർത്ഥികളായി മുസ്ലിം ലീഗ് മുമ്പോട്ട് കൊണ്ടുവന്നത് ഡമ്മി സ്ഥാനാർത്ഥികളെ ആയിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ സ്ത്രീ സ്ഥാനാർത്ഥികളുടെ പോസ്റ്റർ ഒട്ടിക്കുന്നതിന് പകരം ഭർത്താക്കന്മാരുടെ ഫോട്ടോ ഒട്ടിച്ച സംഭവം വരെ ഉണ്ടായിട്ടുണ്ട്.

ഇതാണ് ഈ തെറ്റിദ്ധാരണ വളരാൻ ഉണ്ടായ കാരണം. ഇസ്ലാമിക വിശ്വാസവും ഇസ്ലാമിക സമൂഹവും കടുത്ത സ്ത്രീവിരുദ്ധരുടേയും സ്ത്രീകളുടെ പ്രാധാന്യം അംഗീകരിക്കാത്തതും ആണ് എന്ന് പലരും ചിന്തിക്കുന്നതിന് കാരണം മത പണ്ഡിതന്മാർ എന്ന് അറിയപ്പെടുന്ന ചിലരുടെ വിവരക്കേടുകളാണ്. കഴിഞ്ഞ ദിവസം മുജാഹിദ് ബാലുശ്ശേരി നടത്തിയ പ്രസംഗത്തിലൂടെ അയാൾ ഇസ്ലാമിനെ തന്നെ അപമാനിച്ചു എന്ന് പറയേണ്ടി വരും. - ഇത്തരത്തിൽ മുജാഹിദ് ബാലുശ്ശേരിയുടെ സ്ത്രീകൾക്ക് എതിരായ പരാമർശങ്ങളിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇൻസ്റ്റന്റ് റെസ്‌പോൺസ്. ഇത് പരിഗണിച്ചാണ് പ്രഭാഷകനെതിരെ വനിതാ കമ്മിഷൻ കേസെടുക്കുന്നത്.