വൈക്കം: മതംമാറിയുള്ള വിവാഹത്തിന് ശേഷം വീട്ടിൽ മാതാപിതാക്കൾക്കൊപ്പം കഴിയാൻ കോടതി നിർദ്ദേശിച്ച വൈക്കം സ്വദേശിനി അഖില എന്ന ഹാദിയ വീട്ടിൽ സുരക്ഷിതയാണെന്ന് ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖാ ശർമ്മ. ഇന്ന് വൈക്കത്തെ വീട്ടിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രേഖ.

ഹാദിയ സന്തോഷവതിയാണെന്നും അവർ വീട്ടുതടങ്കലിൽ അല്ലെന്നും രേഖ വ്യക്തമാക്കി. കോട്ടയത്തെ വീട്ടിലെത്തി സന്ദർശിച്ചപ്പോൾ ഈ മാസം 27ന് സുപ്രീംകോടതിയിൽ ഹാജരാകാൻ ഹാദിയ തയ്യാറായി ഇരിക്കുകയാണെന്നും കേസുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ചർച്ചചെയ്തില്ലെന്നും രേഖ ശർമ്മ പറഞ്ഞു.

കേരളത്തിൽ ലൗജിഹാദല്ല, മറിച്ച് നിർബന്ധിത മതപരിവർത്തനമാണ് നടക്കുന്നതെന്നും അവർ പറഞ്ഞു. നിമിഷ ഫാത്തിമയുടെ അമ്മയേയും രേഖ ശർമ്മ സന്ദർശിക്കുന്നുണ്ട്. കോടതിയിൽ ഹാജരായി തന്റെ ഭാഗം പറയുന്നതിന് ഹാദിയ കാത്തിരിക്കുകയാണ്. ഭയം കൂടാതെ പറയാനുള്ളത് കോടതിയോട് പറയാൻ ഹാദിയയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഹാദിയ വീട്ടിൽ സുരക്ഷിതയാണെന്ന് അറിയുന്നതിൽ സന്തോഷമുണ്ടെന്നും രേഖ വ്യക്തമാക്കി.

ഹാദിയയുടേത് ലൗ ജിഹാദാണോയെന്ന ചോദ്യത്തിന് അങ്ങനെ പറയാൻ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു രേഖയുടെ മറുപടി. ഹാദിയയുടേത് നിർബന്ധിത മതപരിവർത്തനമായാണ് കാണുന്നത്. ഇത്തരം മതപരിവർത്തനങ്ങളെ ഗൗരവമായാണ് കാണുന്നത്. കേസ് സംബന്ധിച്ച യാതൊരു കാര്യങ്ങളും മാധ്യമങ്ങളോട് സംസാരിക്കില്ലെന്നും രേഖാ ശർമ പറഞ്ഞു.

ദേശീയ ശ്രദ്ധയാകർഷിച്ച ഹാദിയ കേസിൽ സുപ്രീംകോടതിയിൽ വാദം നടക്കുകയാണ്. കേസിൽ എൻഐഎ അന്വേഷണം വേണമോ എന്ന കാര്യത്തിൽ ഉൾപ്പെടെ തീരുമാനം വരാനിരിക്കുന്നു. ഇതിനിടെ ഹാദിയയുടെ മതംമാറിയുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടി ശരിയോ എന്ന നിരീക്ഷണവും സുപ്രീംകോടതി നടത്തിയിരുന്നു.

ഹാദിയ വീട്ടിൽ സുരക്ഷിതയല്ലെന്ന വാദം ഉയർത്തപ്പെട്ടതോടെ ഹാദിയയെ നേരിട്ട് കോടതിയിൽ ഹാജരാക്കാനും അവർക്ക് പറയാനുള്ളത് കേൾക്കാനും സുപ്രീംകോടതി തീരുമാനിച്ചിട്ടുണ്ട്. ഇതിനിടെയാണ് ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ ഹാദിയയെ കാണാൻ എത്തിയത്.

ഏകദേശം ഒരു മണിക്കൂറോളം വൈക്കത്തെ വീട്ടിൽ ഹാദിയയുമായി രേഖ ശർമ്മ സംസാരിച്ചു. മാധ്യമങ്ങൾ ആരോപിക്കും പോലെ ഹാദിയ വിഷയത്തിൽ മാനുഷ്യാവകാശ ലംഘനങ്ങൾ ഒന്നും നടന്നിട്ടില്ലെന്നും എന്നാൽ കേരളത്തിൽ നിർബന്ധിത മതപരിവർത്തനം നടക്കുന്നുണ്ടെന്നും അവർ പിന്നീട് വ്യക്തമാക്കി. രേഖ ശർമ മൂന്നു ദിവസത്തെ കേരള സന്ദർശനത്തിന് ആയാണ് എത്തിയത്. മതപരിവർത്തന ആരോപണം നേരിട്ട സമാന സംഭവങ്ങളിൽ ഉൾപ്പെട്ട പെൺകുട്ടികളെയും രക്ഷിതാക്കളെയും അവർ കാണുന്നുണ്ട്.

ഐഎസിലേക്ക് ആകൃഷ്ടരാക്കി സിറിയയിലേക്കു കടന്നു എന്നു കരുതുന്ന നിമിഷ ഫാത്തിമയുടെ അമ്മയെയും കാണും. എന്നാൽ തൃപ്പൂണിത്തുറയിലേത് അടക്കമുള്ള വിവാദ മതപരിവർത്തന കേന്ദ്രങ്ങൾ സന്ദർശിക്കില്ല. ചൊവ്വാഴ്ച കോഴിക്കോട്ടും ബുധനാഴ്ച തിരുവനന്തപുരത്തും ദേശീയ വനിതാ കമ്മിഷൻ സിറ്റിങ് ഉണ്ട്. പരാതിയുള്ള ആർക്കും നേരിൽ കാണമെന്നു രേഖ ശർമ പറഞ്ഞു. സംസ്ഥാന പൊലീസ് മേധാവിയുമായും ദേശീയ വനിത കമ്മിഷൻ അധ്യക്ഷ കൂടിക്കാഴ്ച നടത്തും.