കൊച്ചി: മതപരിവർത്തനവും അതേത്തുടർന്നുള്ള വിവാഹവും വലിയ ചർച്ചയായി മാറുകയും ദേശീയ ശ്രദ്ധയാകർഷിക്കകയും ചെയ്ത കേസിൽ അഖില എന്ന ഹാദിയയുടെ സുഖവിവരങ്ങൾ അന്വേഷിക്കാനും നേരിട്ട് ബോധ്യപ്പെടാനും എത്തിയ ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖ ശർമ്മയ്ക്ക് ഹാദിയയുടെ സുരക്ഷയിൽ പൂർണ തൃപ്തി. ഹാദിയ പൂർണ ആരോഗ്യവതിയാണെന്നും സുരക്ഷിതയും സന്തോഷവതിയുമാണെന്നും വ്യക്തമാക്കി ഹാദിയയുടെ ചിത്രവും മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചാണ് രേഖ കാര്യങ്ങൾ വിശദീകരിച്ചത്.

കേരളത്തിൽ നടക്കുന്നത് ലൗജിഹാദ് അല്ലെന്നും നിർബന്ധിത മത പരിവർത്തനം ആണെന്നും രേഖ വ്യക്തമാക്കുകയും ചെയ്തു. അഖില ഹാദിയ വീട്ടിൽ സുരക്ഷിതയും, ആരോഗ്യവതിയുമാണ്. ഈ മാസം 27 ന് സുപ്രീം കോടതിയിൽ ഹാജരാകാൻ സന്നദ്ധയാണെന്ന് അവൾ അറിയിച്ചിട്ടുണ്ടെന്നും രേഖ ശർമ്മ വൈക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു. അഖില ഹാദിയ പൂർണ്ണമായും പൊലീസ് സംരക്ഷണത്തിലാണ്. സന്ദർശനം സംബന്ധിച്ച റിപ്പോർട്ട് കേന്ദ്ര സർക്കാരിന് ഉടനെ കൈമാറും. തട്ടമിട്ട് നിൽക്കുന്ന ഹാദിയ പുഞ്ചിരിയോടെ പൂച്ചെണ്ട് നൽകി സ്വാഗതം ചെയ്യുന്ന ചിത്രം രേഖ ശർമ്മ മാധ്യമങ്ങൾക്ക് മുന്നിൽ പ്രർശിപ്പിച്ചു.

രാവിലെ പത്ത് മണി മുതൽ എറണാകുളം ഗസ്റ്റ് ഹൗസിൽ നിർബന്ധിത മതപരിവർത്തനം സംബന്ധിച്ച പരാതികൾ കേട്ട ദേശീയ വനിത കമ്മീഷൻ 12 മണിയോടെയാണ് വൈക്കത്തേക്ക് പുറപ്പെട്ടത്. ഒരു മണിയോടെ വൈക്കം ടിവി പുരത്തെ ഹാദിയയുടെ വീട്ടിലെത്തി. അഖില ഹാദിയുടെ വീടിനോട് ചേർന്നുള്ള പിതാവിന്റെ സഹോദരിയുടെ വീട്ടിലാണ് ആദ്യം കമ്മീഷൻ എത്തിയത്. തുടർന്ന് പിതാവ് അശോകനുമായും മാതാവ് പൊന്നമ്മയുമായും സംസാരിച്ചു. പത്ത് മിനുട്ടിന് ശേഷം അഖില ഹാദിയെ താമസിപ്പിച്ചിട്ടുള്ള വീട്ടിലേക്ക് പോയി. ഇവിടെയെത്തിയ രേഖ ശർമ്മയെ പുഞ്ചിരിയോടെ പൂച്ചെണ്ട് നൽകി അഖില ഹാദിയ സ്വീകരിച്ചു. തുടർന്ന് അഖില ഹാദിയയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. പൂർണ്ണമായും റെക്കോർഡ് ചെയ്തുകൊണ്ടാണ് അഖില ഹാദിയയുടെ വാക്കുകൾ കമ്മീഷൻ കേട്ടത്.

ഹാദിയ ഇഗ്ലീഷിലാണ് കമ്മീഷനോട് കാര്യങ്ങൾ വിവരിച്ചത്. അരമണിക്കൂറോളം ഹാദിയയുടെ മുറിയിൽ ചിലവഴിച്ച രേഖ ശർമ്മ യാത്ര ചോദിച്ചുകൊണ്ട് അഖില ഹാദിയയെ കെട്ടിപ്പിടിച്ചു. കവിളിൽ ഉമ്മ നൽകി. അഖില ഹാദിയയും ചിരിച്ചുകൊണ്ട് ഉമ്മ നൽകി. ഡൽഹിയിൽ ഏത്തുമ്പോൾ തന്റെ വീട്ടിലേക്ക് വരണമെന്നും അവർ ഹാദിയയെ ക്ഷണിച്ചു. തീർച്ചയായും വരാമെന്ന് അഖില പറഞ്ഞതായി പിതാവ് അശോകൻ മറുനാടൻ മലയാളിയോട് പറഞ്ഞു. അഖില ഹാദിയയുമായി സംസാരിക്കുന്ന സമയം പിതാവും മാതാവും കമ്മീഷൻ അദ്ധ്യക്ഷയും സെക്രട്ടറിയും മാത്രമായിരുന്നു മുറിയിലുണ്ടായിരുന്നത്.

തുടർന്ന് കോട്ടയം എസ്‌പിയോടും കമ്മീഷൻ സംസാരിച്ചെന്നാണ് വിവരം. അഖില ഹാദിയയുടെ വീട്ടിലെ സുരക്ഷ സംവിധാനങ്ങൾ സംബന്ധിച്ച് പരിശോധനയും ഇവർ നടത്തി. വീട്ടിനുള്ളിൽ ഉണ്ടായിരുന്ന രണ്ട് വനിത പൊലീസുകാരോടും, മറ്റ് സുരക്ഷ ഉദ്യോഗസ്ഥരോടും പ്രാഥമികമായി വിവരങ്ങൾ തിരക്കി. ഉച്ച ഭക്ഷണം കഴിക്കാൻ പിതാവ് അശോകൻ കമ്മീഷനെ നിർബന്ധിച്ചെങ്കിലും ഒരു ഗ്ലാസ്സ് തണുത്ത വെള്ളം മാത്രം കുടിച്ചശേഷം അവർ മടങ്ങുകയായിരുന്നു. പുറത്തിറങ്ങിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ്, അഖില ഹാദിയ സന്തോഷവതിയാണെന്നും, സുരക്ഷിതയാണെന്നും രേഖ ശർമ്മ പറഞ്ഞത്. കമ്മീഷന്റെ സന്ദർശനം കവർ ചെയ്യുന്നതിനായി ദേശീയ മാധ്യമങ്ങളടക്കം ടിവി പുരത്തെ അശോകന്റെ വീട്ടിലെത്തിയിരുന്നു.

മാധ്യമങ്ങൾ ആരോപിക്കും പോലെ ഹാദിയ വിഷയത്തിൽ മാനുഷ്യാവകാശ ലംഘനങ്ങൾ ഒന്നും നടന്നിട്ടില്ലെന്നും എന്നാൽ കേരളത്തിൽ നിർബന്ധിത മതപരിവർത്തനം നടക്കുന്നുണ്ടെന്നും അവർ പിന്നീട് വ്യക്തമാക്കി. രേഖ ശർമ മൂന്നു ദിവസത്തെ കേരള സന്ദർശനത്തിന് ആയാണ് എത്തിയത്. മതപരിവർത്തന ആരോപണം നേരിട്ട സമാന സംഭവങ്ങളിൽ ഉൾപ്പെട്ട പെൺകുട്ടികളെയും രക്ഷിതാക്കളെയും അവർ കാണുന്നുണ്ട്.

ഐഎസിലേക്ക് ആകൃഷ്ടരാക്കി സിറിയയിലേക്കു കടന്നു എന്നു കരുതുന്ന നിമിഷ ഫാത്തിമയുടെ അമ്മയെയും കാണും. എന്നാൽ തൃപ്പൂണിത്തുറയിലേത് അടക്കമുള്ള വിവാദ മതപരിവർത്തന കേന്ദ്രങ്ങൾ സന്ദർശിക്കില്ല. ചൊവ്വാഴ്ച കോഴിക്കോട്ടും ബുധനാഴ്ച തിരുവനന്തപുരത്തും ദേശീയ വനിതാ കമ്മിഷൻ സിറ്റിങ് ഉണ്ട്. പരാതിയുള്ള ആർക്കും നേരിൽ കാണമെന്നു രേഖ ശർമ പറഞ്ഞു. സംസ്ഥാന പൊലീസ് മേധാവിയുമായും ദേശീയ വനിത കമ്മിഷൻ അധ്യക്ഷ കൂടിക്കാഴ്ച നടത്തും.