- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നംഗ പെൺതിരുട്ട് സംഘത്തെ വനിതാ പൊലീസ് ഓഫീസർ കുടുക്കി; പിടികൂടിയത് കൃത്രിമമായി ബഹളം സൃഷ്ടിച്ചുകൊണ്ട് മോഷണശ്രമം നടത്തുന്നതിനിടെ
ചാത്തന്നൂർ: തമിഴ്നാട് സ്വദേശിനികളായ മൂന്നംഗ പെൺതിരുട്ട് സംഘം അറസ്റ്റിൽ. വനിതാ പൊലീസ് ഓഫീസറുടെ സമയോചിത ഇടപെടലിലാണ് മോഷണ സംഘത്തെ പിടികൂടിയത്. തെങ്കാശി പഴയകുറ്റാലം സ്വദേശികളായ ബിന്ദു (45), നടരാജന്റെ മകൾ സിന്ധു (40), വെളുത്തയുടെ മകൾ ഗംഗാദേവി (28) എന്നിവരാണ് പിടിയിലായത്. ചാത്തന്നൂർ സ്റ്റേഷനിലേക്ക് ഡ്യൂട്ടിക്കു പോവുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥ അശ്വതിയാണ് യാദൃച്ഛികമായി കൊല്ലത്തു നിന്ന് കെ.എസ്.ആർ.ടി.സി ബസിൽ കയറിയ തിരുട്ട് സംഘത്തെ കണ്ടത്.
ഇന്നലെ രാവിലെ 9 മണിയോടെയാണ് സംഭവം. ചാത്തന്നൂർ എത്തിയപ്പോൾ കൃത്രിമമായി ബഹളം സൃഷ്ടിച്ചുകൊണ്ട് മോഷണശ്രമം നടത്തിയ സംഘത്തെ യാത്രക്കാരുടെ സഹായത്തോടെ തടഞ്ഞുവച്ച അശ്വതി ഉടൻ ചാത്തന്നൂർ സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. ചാത്തന്നൂർ പൊലീസ് സ്ഥലത്തെത്തിയാണ് മൂവരെയും കസ്റ്റഡിയിലെടുത്തത്.
സ്റ്റേഷനിലെത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിൽ കഴിഞ്ഞ ആറു മാസമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മോഷണം നടത്തി വരുകയായിരുന്നെന്നും ഇവർ സമ്മതിച്ചു. ഇവരുടെ പേരിൽ പാരിപ്പള്ളി സ്റ്റേഷനിൽ ഒരു മോഷണക്കേസ് നിലവിലുണ്ട്. പരവൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.