ദോഹ: ഗർഭാശയ കാൻസർ പരിശോധന പെൺകുട്ടികളിൽ 21 വയസുമുതൽ നടത്തണമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ ഗൈനക്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. അഫഫ് അൽ അൻസാരി. വിവിധ രാജ്യങ്ങളിൽ നിന്ന് ഖത്തറിലെത്തുന്ന സ്ത്രീകളിൽ ഗർഭാശയ കാൻസർ, സ്തനാർബുദം എന്നിവ കണ്ടുവരുന്നുണ്ട്. ഇതിൽ ഗർഭാശയ കാൻസർ തടയാൻ 21 വയസുമുതലുള്ള പരിശോധനയ്ക്കു സാധ്യമാണ്. നേരത്തെ കണ്ടുപിടിച്ചാൽ പൂർണമായും ഭേദപ്പെടുത്താവുന്ന രോഗമാണ് ഗർഭാശയ കാൻസർ എന്നും ഡോ. അഫഫ് വ്യക്തമാക്കി.

സ്ത്രീകളിൽ കണ്ടുവരുന്ന വിവിധ തരത്തിലുള്ള അർബുദങ്ങൾക്കെതിരേ ഹമദ് മെഡിക്കൽ കോർപറേഷന്റെ നേതൃത്വത്തിൽ കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. ഇതിനോടനുബന്ധിച്ച് കോർപറേഷൻ കാൻസർ വിഭാഗം ഈ മാസം വിവിധ ബോധവത്ക്കരണ പരിപാടികൾ നടത്തി വരുന്നുണ്ടെന്നും അവർ അറിയിച്ചു.

ഖത്തറിലെ സ്ത്രീകളെ ബാധിക്കുന്ന പത്ത് കാൻസറുകളിൽ മുമ്പന്തിയിൽ നിൽക്കുന്നത് മൂത്രാശയ കാൻസർ, ഗർഭാശയ കാൻസർ, അണ്ഡാശയ കാൻസർ എന്നിവയാണ്. കാലാകാലങ്ങളിലുള്ള പരിശോധനയിലൂടെ ഇവയെ തടയാമെന്ന് സ്ത്രീകൾക്ക് ബോധവത്ക്കരണം നൽകുകയാണ് കോർപറേഷൻ ലക്ഷ്യമെന്നും ഡോ. അഫഫ് കൂട്ടിച്ചേർത്തു.