ആലുവ: വാണിഭത്തിനായി പെൺകുട്ടികളെ കൂട്ടി കൊണ്ട് വന്നതിന് രജിസ്റ്റർ ചെയ്ത കേസ്സിൽ മുങ്ങി നടന്ന പ്രതിയെ പാലക്കാട് നിന്നും അറസ്റ്റ് ചെയ്തു. പാലക്കാട് കണ്ണാടി പുഴയ്ക്കൽ വീട്ടിൽ സൂരജ് (40) ആണ് അറസ്റ്റിലായത്. 2007 ൽ ചെങ്ങമനാട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്സിലാണ് അറസ്റ്റ്. നെടുമ്പാശ്ശേരി എയർ പോർട്ടിനു സമീപം സംശയാസ്പദമായി കിടക്കുന്ന കാർ കണ്ട് പൊലീസ് പരിശോധന നടത്തി സ്വമേധയാ കേസ് രജിസ്റ്റർ ചെയയ്യുക യായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കുന്നതിന്റെ ഭാഗമായി വിവിധ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട് പ്രതികളായി ഒളിവിൽ കഴിയുന്നവരെ പിടികൂടുന്നതിനായി പരിശോധനകൾ ശക്തമാക്കാൻ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് എസ്.എച്ച്.ഒ മാർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ നടത്തിയ പരിശോധനകളിൽ നിരവധി പേരെയാണ് ഇതുവരെ പിടികൂടിയിട്ടുള്ളത്.അന്വേഷണ സംഘത്തിൽ ചെങ്ങമനാട് ഇൻസ്‌പെക്ടർ എൽ.സജിൻ, എഎസ്ഐ രാജേഷ് കുമാർ, സി.പി.ഒ സെബാസ്റ്റ്യൻ എന്നിവരാണ് ഉണ്ടായിരുന്നത്.