സൗദിയിലെ ശിയാ പള്ളിയിലുണ്ടായ ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിലൊരുക്കിയ സുരക്ഷ പരിഗണിച്ച് ബഹ്റൈനിലെ പള്ളികളിൽ സ്ത്രീകൾ പ്രാർത്ഥനക്കെത്തുന്നത് താൽക്കാലികമായി വിലക്കുവാൻ തീരുമാനിച്ചു.

ജഅ്ഫരി വഖഫ് ഡയരക്ടറേറ്റ് ചെയർമാൻ ശൈഖ് മുഹ് സിൻ അൻ അസ്ഫൂർ ഇത് സംബന്ധിച്ച് പുറപ്പെടുവിച്ച അറിയിപ്പ് കഴിഞ്ഞ ദിവസം ബഹ് റൈനിലെ പള്ളികളിൽ എത്തി. പള്ളിയിൽ നമസ്‌കാരത്തിനായി എത്തുന്ന വനിതകളെ പരിശോധിക്കുകയെന്നത് പ്രയാസകരമായതിനാൽ അവർ തൽക്കാലം പള്ളികളിൽ പ്രാർത്ഥനക്കായി പോകരുതെന്ന് ശൈഖ് മുഹ്‌സിൻ അഭ്യർത്ഥിച്ചു.
പ്രമുഖ സുന്നി പണ്ഡിതൻ ശൈഖ് സലാഹ് അൽ ജൗദറും സുരക്ഷാ കാര്യങ്ങൾ പരിഗണിച്ച് സ്ത്രീകൾ പള്ളിയിലേക്ക് പോകരുതെന്ന് ആവശ്യപ്പെട്ടിട്ടൂണ്ട്.

സൗദിയിലെ ആക്രമണത്തിനു ശേഷമുണ്ടാായ സ്ഥിതിഗതികൾ പരിഗണിച്ച് വനിതകൾ പ്രാർത്ഥന വീട്ടിൽ വച്ച് നിർവഹിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം പറഞ്ഞു. ദമാമിൽ ഈയിടെ സ്‌ഫോടനം നടന്ന പള്ളിയിൽ സ്ത്രീ വേഷത്തിലെത്തിയ ചാവേറായിരുന്നു പൊട്ടിത്തെറിച്ചത്.