കുറവിലങ്ങാട്: പരാതിക്കാരായതും, സാക്ഷികളുമായ സ്ത്രീകളെയും, കുട്ടികളേയും പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തരുതെന്ന  മനുഷ്യാവകാശ കമ്മീഷന്റെയും വനിതാ കമ്മീഷന്റെയും  ഉത്തരവ് സംസ്ഥാനത്ത് നടപ്പിൽ വരുത്തുവാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് തന്നെ മടി. ഇതിൽ എസ്.ഐ റാങ്കുകാരും സി.ഐ റാങ്കുകാരും യോജിപ്പിലാണ്. കേസുകളിൽ പരാതിക്കാരായവരേയും, പ്രധാന സാക്ഷികളയ സ്ത്രീകളേയും, പ്രായപൂർത്തിയാകാത്ത കുട്ടികളേയും പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയോ, മൊഴി രേഖപ്പെടുത്തുകയോ ചെയ്താൽ കേസിൽ നിർണ്ണായകമായ പല വിവരങ്ങൾ, മൊഴി പറയുന്നവർ വിട്ടുപോകുന്നതായി കോടതികളും, കമ്മീഷനുകളും കണ്ടെത്തിയതിനെ തുടർന്നാണ് കമ്മീഷനുകളും, കോടതികളും, സംസ്ഥാന പൊലീസ് മേധാവികളോട് നിർദ്ദേശം നടപ്പിലാക്കുവാൻ ഒരു മാസം മുൻപ് നിർദ്ദേശിച്ചത്.

എന്നാൽ കേരളത്തിൽ നിർദ്ദേശം വന്നതായിട്ടുപോലും സ്റ്റേഷൻ ചാർജ്ജുള്ള പ്രിൻസിപ്പൽ എസ്.ഐ മാർക്ക് അറിയില്ലാത്ത അവസ്ഥയാണ്. നിർണ്ണായകമായ കേസുകളിൽ വനിതാ സിവിൽ പൊലീസ് ഓഫീസർ വേണം പെൺകുട്ടികളുടെയും, സ്ത്രീകളുടെയും മൊഴി രേഖപ്പെടുത്താവുയെന്ന സുപ്രിംകോടതി ഉത്തരവും സംസ്ഥാനത്ത് ലംഘിക്കപ്പെടുന്നതായിട്ടാണ് കണക്കുകൾ. പീഡനകേസുകളിൽ പരാതിക്കാരികളുടെ മൊഴി രേഖപ്പെടുത്തേണ്ടത് സി ഐ റാങ്കിലുള്ള വനിതാ ഉദ്യോഗസ്ഥയോ, പുരുഷ ഉദ്യോഗസ്ഥരാണ് മൊഴി രേഖപ്പെടുത്തുന്നതെങ്കിൽ വനിതാ എസ് ഐയുടെ സാന്നിധ്യത്തിലും വേണം മൊഴി രേഖപ്പെടുത്താവുയെന്നാണ്. എന്നാൽ ഇവ കേരളത്തിൽ നടപ്പിലായിട്ടില്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.