ബരിമല യുവതി പ്രവേശന വിഷയം സജീവമായി നിൽക്കുമ്പോഴാണ് നവോത്ഥാന സംഘടനകളുടെ യോഗം വിളിക്കാൻ പിണറായി വിജയൻ തീരുമാനിക്കുന്നത്. പിണറായി വിജയൻ നവോത്ഥാന പ്രസ്ഥാനം എന്ന് പേരുവിളിച്ചതിൽ വെള്ളാപ്പള്ളിയുടെ എസ്എൻഡിപിയും സുഗതന്റെ ഹിന്ദു പാർലമെന്റും ഉണ്ടായിരുന്നു എന്നതാണ് രസം. എസ്എൻഡിപി തീർച്ചയായും നവോത്ഥാന സംഘടന തന്നെയാണ്. എന്നാൽ വെള്ളാപ്പള്ളി നടേശനും തുഷാർ വെള്ളാപ്പള്ളിയും നയിക്കുമ്പോൾ അതിനെ എങ്ങനെ നവോത്ഥാനം എന്ന് വിളിക്കും. എന്തായാലും ഇപ്പോൾ ശബരിമലയിൽ യുവതികൾ പ്രവേശിക്കാൻ പാടില്ല എന്ന് വാശിപിടിക്കുന്ന നേതാക്കന്മാരും സംഘടനകളും പോലും വനിതാ മതിലിന് ചുക്കാൻ പിടിക്കുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി തുഷാർ വെള്ളാപ്പള്ളിയാണ്. ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്നതിനെതിരെ കാസർകോഡ് മുതൽ തിരുവനന്തപുരം വരെ ജാഥ നടത്തിയ വ്യക്തിയാണ് വെള്ളാപ്പള്ളി. ജീവൻ കൊടുത്തും ആചാരം സംരക്ഷിക്കും എന്നു പറഞ്ഞ വ്യക്തിയാണ് വെള്ളാപ്പള്ളി. ഇന്നും വെള്ളാപ്പള്ളിയുടെ മകൻ നിലപാട് തിരുത്തിയിട്ടില്ല. തുഷാർ വെള്ളാപ്പള്ളി നവോത്ഥാന നായകനാകുന്ന കാലമാണ് നമ്മുടേതെങ്കിൽ ഏറെ ലജ്ജിക്കേണ്ട്ിയിരിക്കുന്നു.

പാരമ്പര്യം കൊണ്ട് എസ്എൻഡിപി എന്ന മഹത്തായ സംഘടനയുടെ ഭരണ ചുമതലയിലേക്ക് നടന്നു കൊണ്ടിരിക്കുന്ന നേതാവാണ് തുഷാർ. ഇന്നലെ വരെ തുഷാർ ചുറ്റിയിരുന്നത് കാവിക്കോണകം ആയിരുന്നെങ്കിൽ ഇന്നത് പിണറായി വിജയൻ ചുവന്ന കോണകമാക്കി മാറ്റിയെങ്കിൽ നവോത്ഥാന നേതാവായി തുഷാർ വെള്ളാപ്പള്ളിയെ കാണാൻ കേരളത്തിലെ ജനങ്ങൾക്ക് സാധിക്കുകയില്ല. വനിതാ മതിലിന് കൊടിപിടിക്കുമെന്ന് പറഞ്ഞ തുഷാർ വെള്ളാപ്പള്ളി അതേശബ്ദത്തിൽ തന്നെ പറയുന്നു ശബരിമല യുവതിപ്രവേശന വിഷയത്തിലെ തന്റെ നിലപാട് മാറിയിട്ടില്ല എന്ന്. സുഗതൻ ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്നതിന്റെ പേരിൽ സംഘർഷം ഉണ്ടാക്കിയ ആളാണ്. ബാലകൃഷ്ണ പിള്ള എൻഎസ്എസിന്റെ നേതാവ് എന്ന നിലയിൽ കൊട്ടാരക്കര ഭാഗത്തെ വീടുകൾ കയറി ശബരിമലയിലെ യുവതി പ്രവേശന വിഷയത്തിൽ ഉറച്ച നിലപാട് എടുക്കുകയും യുവതികളെ തടയാൻ പ്രേരിപ്പിക്കുകയും ചെയ്ത നേതാവാണ്. ഇവർ ആരും ഈ നിലപാട് തിരുത്തിയിട്ടില്ല. തുഷാർ വെള്ളാപ്പള്ളിയും ബാലകൃഷ്ണ പിള്ളയും ഇടത് പക്ഷത്തിന്റെ ഭാഗമായി മാറുകയും അവർ രണ്ട് പേരും സ്ഥാനാനർത്ഥിത്വത്തിന്റെ സാധ്യത നിലനിർത്തുകയും ഇടത് മുന്നണിയോടൊപ്പം ചേർന്ന് വനിതാ മതിലിൽ ഉണ്ടാക്കുകയും ചെയ്യുമെന്ന് പറയുമ്പോൾ അവർ പറയുന്നു ശബരിമലയിൽ യുവതി പ്രവേശന വിഷയത്തിൽ തങ്ങളുടെ നിലപാട് മാറിയിട്ടില്ല എന്ന്.

അപ്പോൾ ചോദ്യം സർക്കാരിനോടാണ്. യുവതി പ്രവേശന വിഷയത്തിൽ സർക്കാർ അനുകൂല നിലപാടില്ലാത്ത ബാലകൃഷ്ണ പിള്ളയും തുഷാർ വെള്ളാപ്പള്ളിയും ഒക്കെ ഈ വനിതാ മതിലിന് ചുക്കാൻ പിടിക്കുമ്പോൾ എന്തിന് വേണ്ടിയാണ് ഇങ്ങനെ ഒരു മതിൽ. വനിതകൾക്കെതിരെയും സ്ത്രീകൾക്കെതിരെയും ആക്രമണങ്ങൾക്കെതിരെ ബദലായി സ്ത്രീകളുടെ ഉയർത്തെഴുനേൽപ്പ് മാത്രമാണ് ലക്ഷ്യമെങ്കിൽ അത് തുറന്ന് പറയണം. ശബരിമല യുവതി പ്രവേശന വിഷയത്തിലാണ് വനിതാ മതിലെന്ന് വരുത്തി തീർക്കുകയും എന്നാൽ അതേസമയം അത് വിജയിപ്പിക്കുന്നതിന് വേണ്ടി അതുമായി ഒരു ബന്ധമില്ല എന്ന് പ്രസംഗിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് അവസാനിപ്പിക്കണം. കാസർകോഡ് മുതൽ തിരുവനന്തപുരം വരെ വനിതകളുടെ ഒരു മതിൽ സൃഷ്ടിക്കുന്നതിൽ ഒരു തെറ്റുമില്ല. എന്നാൽ അതിന്റെ ലക്ഷ്യമെന്തെന്ന് വ്യക്തമാക്കണം. ശബരിമല യുവതി പ്രവേശനമാണ് വിഷയമെങ്കിൽ അതിനെ എതിർക്കുന്നവരെ മാറ്റി നിർത്തണം. എന്നാൽ ചില നേതാക്കന്മാർ പറയുന്നത് സ്ത്രീ ഐക്യത്തിന്റെ പേരിലാണ് എന്നാണ്. എന്നാൽ രണ്ട് തരത്തിൽ പറയുന്നത് ഇരട്ടത്താപ്പാണ്. എന്താണ് ലക്ഷ്യമെന്ന് ഉറപ്പിച്ച് പറയണം.

രണ്ട് കാരണങ്ങൾ കൊണ്ടാണ് ഇത് വിവാദവും തർക്കവുമായി മാറുന്നത്. ശബരിമല യുവതി പ്രവേശന വിഷയത്തിന്റെ പശ്ചാത്തലത്തിൽ അതിന്റെ മറുപടി എന്ന നിലയിൽ ഇതിന സമീപിക്കുന്നതിലെ പ്രശ്‌നം. അങ്ങനെ എങ്കിൽ അത് തുറന്ന് പറയുന്നതിനുള്ള ആർജവം സംഘാടകർ കാണിക്കണം. അങ്ങനെ എങ്കിൽ തുഷാർ വെള്ളാപ്പള്ളിയും ബാലകൃഷ്ണപിള്ളയും ഇതിൽ പങ്കാളികളാകുന്നതിന്റെ സാംഗത്യം ചർച്ച ചെയ്യണം. മഹാപ്രളയത്തിൽ പെട്ട് ഒലിച്ചു പോയ കേരളത്തിൽ പുനർ നിർമ്മിക്കുന്നതിനുള്ള ശ്രമം നടക്കുമ്പോൾ ശബരിമല യുവതി പ്രവേശന വിഷയം വിവാദമായി മാറുകയും അത് ഈ സമൂഹത്തിന്റെ ഐക്യത്തെ തകർക്കുകയും ചെയ്തു കൊണ്ടിരിക്കുമ്പോൾ ആ അനൈക്യത്തിന് കോപ്പുകൂട്ടുന്നതരത്തിൽ ഇതൊരു വിവാദമാകുന്നു എന്നത് തന്നെയാണ്. പ്രളയത്തിൽ പെട്ട് ഉഴറുന്ന കേരളത്തെ രക്ഷിക്കാൻ കാശില്ലാതെ വരുമ്പോൾ ഒരു വനിതാ മതിലിന് വേണ്ടി കാശ് മുടക്കാൻ പാടില്ല.