തിരുവനന്തപുരം: ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിൽ ചരിത്ര സംഭവമാക്കി മാറ്റാനുള്ള തിരക്കിലാണ് സർക്കാരും സിപിഎം പ്രവർത്തകരും. വനിതാ മതിലിനു മുന്നേ തന്നെ അയ്യപ്പ ജ്യോതി തെളിയിച്ച് ശബരിമല വിഷയത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച സംഘപരിവാറുകാരാവട്ടെ വനിതാ മതിൽ പൊളിയണമെന്ന ആഗ്രഹവുമായി രംഗത്തുണ്ട്. അതുകൊണ്ട് തന്നെ സർക്കാർ വനിതാ മതിലിന് വൻ പ്രചാരം കൊടുക്കുമ്പോൾ എതിർ പ്രചരണങ്ങളുമായി സംഘപരിവാറുകാരും രംഗത്തിറങ്ങി. സോഷ്യൽ മീഡിയയിലും മറ്റും സൈബർ സഘാക്കൾ വനിതാ മതിലിനെ അനുകൂലിച്ച് പോസ്റ്റിടുമ്പോൾ അതിനെ പൊളിക്കാൻ എതിർ പോസ്റ്റുകളുമായി സംഘപരിവാറും സോഷ്യൽ മീഡിയ കീഴടക്കുന്നു. വനിതാ മതിലിനെ എതിത്തും അനുകൂലിച്ചും പോസ്റ്റുകളും ട്രോളുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യൽ മീഡിയ. അതുകൊണ്ട് തന്നെ ദിവസവും വാർത്തകളിലും സോഷ്യൽ മീഡിയയിലും സജീവമായി നിൽക്കുകയാണ് വനിതാ മതിൽ.

ഇതിനിടയിലാണ് വനിതാ മതിലിന്റെ ശീർഷക ഗാനം പുറത്ത് വരുന്നത്. വനിതാ മതിലിന് പ്രചോദനമാകാനും കൂടുതൽ ആളുകളെ ആകർഷിക്കാനുമാണ് സർക്കാർ ശീർഷക ഗാനം പുറത്ത് വിട്ടത്. നാലു ദിവസങ്ങൾക്ക് മുമ്പ് അതായത് ഇക്കഴിഞ്ഞ ഡിസംബർ 24നാണ് വനിതാ മതിൽ ശീർഷക ഗാനം പുറത്ത് വരുന്നത്. വനിതാ മതിലിന് കരുത്തുപകരാൻ ഇടതുപക്ഷ ജനാധിപത്യ വനിതാ മുന്നണി ഒരുക്കിയ ശീർഷകഗാനം മുഖ്യമന്ത്രി പിണറായി വിജയാണ് പ്രകാശനം ചെയ്തത്. കുരുന്നു ഗായിക പ്രാർത്ഥനയ്ക്ക് സി ഡി കൈമാറിയാണ് പ്രകാശനം നിർവഹിച്ചത്. ഇതിന് പിന്നാലെ 'ഉയരുകയാണിതാ.. പുതിയൊരു പെൺ മതിൽ' എന്ന ഗാനം യൂട്യൂബിലും ഇറങ്ങി. ഇതോടെ ഫേസ്‌ബുക്കിലും ട്വിറ്ററിലൂടെയും കളിയാക്കലും തമ്മിലടിയുമായി നിന്ന സൈബർ സഘാക്കളും കമ്മികളുമെല്ലാം കൂട്ടത്തോടെ യൂട്യൂബിലേക്ക് ഓടി എത്തി. സൈബർ സഖാക്കൾ ലൈക്ക് അടിക്കാൻ കൂട്ടത്തോടെ എത്തിയപ്പോൾ ഡിസ് ലൈക്ക് അടിക്കാനാണ് സംഘപരിവാറുകാർ ഒന്നടങ്കം യൂട്യൂബിലേക്ക് എത്തിയത്.

ശീർഷക ഗാനത്തിന് ഡിസ് ലൈക്ക് ചെയ്ത് സംഘപരിവാറുകാരാണ് ആദ്യം രംഗം കീഴടക്കിയത്. അതിന് പിന്നാലെയാണ് ഡിസ് ലൈക്കുകളെ പിന്തള്ളി ലൈക്കു കൂട്ടാൻ സൈബർ സഖാക്കൾ കൂട്ടത്തോടെ എത്തിയത്. ലൈക്ക് ചെയ്യാൻ സഖാക്കൾ സൈബർ ക്യാമ്പൈനും തുടങ്ങി. ഇതോടെ ഫേസ്‌ബുക്കു ട്വിറ്ററും വിട്ട് സഖാക്കളും പരിവാറുകാരും യൂട്യൂബിലേക്ക് ചേക്കേറി. യൂട്യൂബിലെ സൈബർ സഖാക്കളും സംഘപരിവാറുകാരും തമ്മിലുള്ള യുദ്ധം മുറുകി. ലൈക്കടിച്ചും ഡിസ് ലൈക്ക് അടിച്ചും സഖാക്കളും പരിവാറുകരും തമ്മിൽ യുദ്ധം മുറുകുകയും ചെയ്തു. ഡിസ് ലൈക്ക് അടിക്കാൻ പരിവാരുകാർ എത്തുമ്പോൾ അതിനെ മറികടക്കാൻ ലൈക്കുകളുമായി കുട്ടിസഖാക്കളടക്കം രംഗം കീഴടക്കി. രണ്ട് ഡിസ് ലൈക്ക് വരുമ്പോൾ നാലു ലൈക്കുകളുമായി സഖാക്കളും മത്സരിച്ചു. ഒടുവിൽ 30,000 ഡിസ് ലൈക്കിനെ മറികടന്ന് 60,000 ലൈക്ക് നേടി സഖാക്കൾ തന്നെ സൈബർ യുദ്ധം വിജയിച്ചു നിൽക്കുന്നു.

ഇതൊക്കെയായാലും ഒരു സാധാരണക്കാരന്റെ നാവിൻ തുമ്പിൽ പോലും വനിതാമതിലിന്റെ ശീർഷക ഗാനം എത്തിയിട്ടില്ലെന്നതാണ് ശ്രദ്ധേയം. സഖാക്കളോ സഖാത്തികളുടെയോ നാവിൻ തുമ്പിൽ പോലും ഒരു മൂളിപ്പാട്ടായി പോലും ഗാനം എത്തിയിട്ടില്ല. യൂട്യൂബിൽ തന്നെ മൂന്ന് ലക്ഷത്തിനടുത്ത് വ്യൂവേഴ്‌സ് ഗാനത്തിനുണ്ടെങ്കിലും ഈ ഗാനം സാധാരണക്കാർക്കിടയിൽ വേണ്ടത്ര പ്രചരണം നേടിയിട്ടില്ല എന്നതാണ് സത്യം.സംഘികളും കമ്മികളും ഒരുമിച്ച് പ്രയത്‌നിച്ചിട്ടും വനിതാ മതിൽ ഗാനം വൈറലായിട്ടില്ല എന്ന് തന്നെ പറയാം. മൂവായിരത്തി അഞ്ഞൂറോളം പേരാണ് ഈ ഗാനത്തിന് കമന്റ് അടിച്ചിരിക്കുന്നത്. എന്നാൽ മത്സരം ലൈക്ക് ടിക്കുന്നതിലും ഡിസ് ലൈക്ക് അടിക്കുന്നതിലും മാത്രമാണ്. എന്നാൽ ഗാനത്തിനോട് ആർക്കും അത്ര താൽപര്യം ഇല്ല എന്ന് തന്നെ പറയാം. എന്തായാലും ഗാനം വൈറലാക്കിയതിന് സംഘപരിവാറുകാർക്ക് നന്ദിയുമായാണ് മിക്ക സഘാക്കളും കമന്റ് ഇട്ടിരിക്കുന്നത്. പ്രഭാവർമയാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്.