- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാറിന് മുന്നിൽ വൻ വെല്ലുവിളിയായി മരം മുറി കേസ്; സാമ്പത്തിക ഇടപാടിന്റെ രേഖകൾ ഹാജരാക്കാൻ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തോട് എൻഫോഴ്സ്മെന്റ്; നൽകാതിരിക്കാൻ വഴിതേടി അന്വേഷണ സംഘവും; വനംകൊള്ള ഗൗരവത്തോടെ എടുത്ത് കേന്ദ്ര അന്വേഷണ ഏജൻസിയുടെ നീക്കം
തിരുവനന്തപുരം: സംസ്ഥാന സർക്കാറിനെ വിവാദത്തിലാക്കിയ മരംമുറി ഇടപാടിൽ കേന്ദ്ര ഏജൻസികളും പിടിമുറുക്കുന്നു. 9 ജില്ലകളിലായി നടന്ന മരംമുറിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെയും മറ്റും രേഖകൾ ഹാജരാക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടു. കേന്ദ്ര ഏജൻസി കേസിൽ പിടിമുറുക്കുന്നതിന്റെ ഭാഗയമായാണ് ഈ നീക്കം.
മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ടു വനം വകുപ്പിന്റെ പക്കലുള്ള ഫയലുകൾ ഇന്നു രാവിലെ 11 ന് കൊച്ചിയിലെത്തിക്കാൻ സൗത്ത് വയനാട് ഡിഎഫ്ഒയോട് ആവശ്യപ്പെട്ടതിനു പിന്നാലെയാണു പ്രത്യേക അന്വേഷണ സംഘത്തിന് ഇഡി നോട്ടിസ് നൽകിയത്. സംസ്ഥാനത്തെ വനം കൊള്ള കേന്ദ്ര അന്വേഷണ ഏജൻസി ഗൗരവത്തോടെ എടുത്തതിന്റെ സൂചനയാണിത്.
ഈട്ടി മരം മുറിക്കാൻ കഴിഞ്ഞ 5 വർഷത്തിനിടെ ലഭിച്ച അപേക്ഷകളും നൽകിയ പെർമിറ്റുകളും ഹാജരാക്കാൻ വനം വകുപ്പിന് ഇഡി നോട്ടിസ് നൽകിയിരുന്നു. മുട്ടിൽ മരം മുറി കേസിലെ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങളുമായോ അവരുടെ സ്ഥാപനങ്ങളുമായോ ബന്ധപ്പെട്ട് 5 വർഷത്തിനിടെ വനം വകുപ്പ് നടത്തിയ ആശയവിനിമയത്തിന്റെ രേഖകളുടെ പകർപ്പു നൽകാനാണ് ഇഡി അസി.ഡയറക്ടർ എസ്.ജി.കപിത്കർ ആവശ്യപ്പെട്ടിരിക്കുന്നത്.
ആഭ്യന്തര സെക്രട്ടറി മുഖേനയാണ് രേഖകൾ നൽകാൻ ഇഡി ഒരു മാസം മുൻപ് ആവശ്യപ്പെട്ടതെങ്കിലും നൽകാനാകില്ലെന്നായിരുന്നു പ്രത്യേക സംഘത്തിന്റെ മറുപടി. അതേസമയം കേസിൽ പ്രതികളായ അഗസ്റ്റിൽ സഹോദരങ്ങൾക്ക് ഈട്ടി തടികൾ കടത്തുന്നതിന് സഹായം നൽകിയെന്ന് ആരോപണം നേരിട്ട ഉദ്യോഗസ്ഥനെ അടുത്തിടെ സർക്കാർ സ്ഥലം മാറ്റിയിരുന്നു. കോഴിക്കോട് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് എൻ ടി സാജനെ കൊല്ലത്തേക്കാണ് സ്ഥലം മാറ്റിയത്.
മുട്ടിൽ മരം മുറി കേസിൽ എൻ ടി സാജനെതിരെ സർക്കാരിന് അന്വേഷണ റിപ്പോർട്ട് ലഭിച്ചിരുന്നു. ഐഎഫ്എസ് ഉദ്യോഗസ്ഥനായതിനാൽ വിശദീകരണം തേടണമെന്നും കുറ്റക്കാരനാണെങ്കിൽ നടപടിയെടുക്കുമെന്നും വനം വകുപ്പ് മന്ത്രി വ്യക്തമാക്കിയിരുന്നു. മരംമുറി വിവാദം ശക്തമായപ്പോൾ മുതൽ നിരവധി ആരോപണങ്ങളാണ് എൻ ടി സാജനെതിരെ ഉയർന്നത്. പ്രതികളുമായി ബന്ധമുണ്ടെന്നും കേസ് ഒത്ത് തീർപ്പാക്കാൻ വനംമന്ത്രിയെ സന്ദർശിച്ചെന്നും പ്രതിപക്ഷം വലിയ ആക്ഷേപം ഉന്നയിച്ചിരുന്നു.
മുറിച്ച മരം പിടിച്ച ഉദ്യോഗസ്ഥനെ കുടുക്കാനും അന്വേഷണം വഴിതെറ്റിക്കാനും ശ്രമിച്ചതിന് സാജനെ സസ്പെൻഡ് ചെയ്യാൻ ഫോറസ്റ്റ് പിസിസിഎഫ് ശുപാർശ ചെയ്യുകയും ചെയ്തിരുന്നു. വനംമന്ത്രിക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ പിസിസിഎഫ് നടത്തിയ അന്വേഷണത്തിലാണ് സാജനെ സസ്പെൻഡ് ചെയ്യാൻ ശുപാർശ ചെയ്തത്.
മറുനാടന് മലയാളി ബ്യൂറോ