തിരുവനന്തപുരം: വിതുര തെന്നൂർ ഗവ. ജവഹർ നവോദയ വിദ്യാലയം സ്ഥിതി ചെയ്യുന്ന സർക്കാർ ഭൂമിയിൽ നിന്നും 16 വർഷങ്ങൾക്ക് മുമ്പ് 2. 88 ലക്ഷം രൂപയുടെ വൃക്ഷങ്ങൾ മുറിച്ചു കടത്തിയ കേസിൽ സാക്ഷികളായ വിതുര എസ് ഐയും സിഐയും സ്‌കൂൾ അദ്ധ്യാപകരുമടക്കം 9 സാക്ഷികളെ ഹാജരാക്കാൻ തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി ഉത്തരവിട്ടു. സ്‌കൂൾ അദ്ധ്യാപകരായ സുലഭ കുമാരി , ശാന്തകുമാരി , വിജയകുമാരി , സജയ് കുമാർ , മരം മുറിക്കും വ്യാജ രേഖകൾ തയ്യാറാക്കലിനും ദൃക്‌സാക്ഷിയായ നെടുമങ്ങാട് മുക്കോലക്കൽ സ്വദേശി ഫെലിക്‌സ് , മോഷണ തൊണ്ടി മുതലുകളായ ആഞ്ഞിലി മരത്തടികൾ വിലയ്ക്കു വാങ്ങിയ തൊളിക്കോട് സ്വദേശി ജയച്ചന്ദ്രൻ നായർ , തടികൾ കയറ്റിയ ലോറി പിടികൂടുകയും കേസ് രജിസ്റ്റർ ചെയ്യുകയും 4 സീഷർ മഹസറുകൾ തയ്യാറാക്കുകയും ചെയ്ത മുൻ വിതുര മുൻ പൊലീസ് സബ് ഇൻസ്‌പെക്ടർ ഷിബു , തടികൾ കടത്തിയ ലോറികളും വിതുര , പൊന്മുടി , കഴക്കൂട്ടം തടി മില്ലുകളിൽ നിന്നും പ്രതികളുടെ വീടുകളിൽ നിന്നും തടികൾ വീണ്ടെടുക്കുകയും 7 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്ത പാലോട് മുൻ സർക്കിൾ ഇൻസ്‌പെക്ടർ എസ്. റെഫീഖ് , സ്‌കൂൾ അധികൃതരെ പ്രോസിക്യൂട്ട് ചെയ്യാൻ പ്രോസിക്യൂഷൻ അനുമതി നൽകിയ ജവഹർ നവോദയ വിദ്യാലയ ഹൈദരാബാദ് റീജിയൻ ഡെപ്യൂട്ടി കമ്മീഷണർ വി. എസ്. ആർ. മൂർത്തി എന്നിവരെയാണ് ഹാജരാക്കേണ്ടത്.

16 വർഷങ്ങൾക്ക് മുമ്പ് 2005 ഒക്ടോബറിൽ സ്‌കൂൾ പ്രിൻസിപ്പാളും ക്ലാർക്കും തങ്ങളുടെ ഔദ്യോഗിക പദവികൾ ദുരുപയോഗം ചെയ്ത് മുൻ പഞ്ചായത്തു പ്രസിഡന്റ് , ടെലികോം മെക്കാനിക്ക് , 2 ജെസിബി ഓപ്പറേറ്റർമാർ , തടി വ്യാപാരി എന്നിവരുമായി ഗൂഢാലോചന നടത്തുകയും വഞ്ചനാപൂർവ്വം സാമ്പത്തിക നേട്ടമുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ പ്രവർത്തിച്ച് മരം മുറിക്കാൻ പ്രിൻസിപ്പാളിനെ അനുവദിച്ചു കൊണ്ടുള്ള വ്യാജ ഉത്തരവുണ്ടാക്കി പ്രിൻസിപ്പാളിന്റെ ഔദ്യോഗിക കൈവശത്തിലും സൂക്ഷിപ്പിലുമുള്ള തെന്നൂർ വില്ലേജിലെ 2811 നമ്പർ സർവ്വേയിൽ പെട്ട സർക്കാർ ഭൂമിയിൽ നിന്നും അന്നത്തെ 2, 87, 773 ലക്ഷം രൂപയുടെ ആഞ്ഞിലിയടക്കമുള്ള 165 വൃക്ഷങ്ങൾ ജെ സി ബി ഉപയോഗിച്ച് വേരോടെ പിഴുതെടുത്ത് മുറിച്ച് 10 ലോറികളിലായി കടത്തുകയും പഞ്ചസാരയും മണ്ണെണ്ണയും കൊണ്ട് മരക്കുറ്റികൾക്ക് തീയിട്ട് തെളിവു നശിപ്പിക്കുകയും ചെയ്ത് സർക്കാർ പണം അപഹരിച്ചെടുത്ത് സർക്കാരിന് സാമ്പത്തിക നഷ്ടം വരുത്തിയെന്ന കേസിന്റെ വിചാരണയാണ് തലസ്ഥാനത്തെ വിജിലൻസ് കോടതി മുമ്പാകെ അന്തിമ ഘട്ടത്തിലെത്തി നിൽക്കുന്നത്.

തൊണ്ടി മുതലുകളായ കത്തിയ മരക്കുറ്റി അവശിഷ്ടങ്ങളും പ്രതികൾ കൃത്യത്തിനുപയോഗിച്ച മണ്ണെണ്ണ കന്നാസും പഞ്ചസാര അവശിഷ്ടങ്ങളും ശേഖരിച്ച് 2005 ഒക്ടോബർ 26 ന് തെന്നൂർ വില്ലേജ് അസിസ്റ്റന്റ് തയ്യാറാക്കിയ സ്‌കൂൾ കോംപൗണ്ടിലെ കൃത്യ സ്ഥല സീൻ മഹസ്സർ വീഡിയോ സി ഡിയായി റെക്കോർഡ് ചെയ്ത് തൊണ്ടി മുതലുകൾക്കും പൊലീസിന്റെ സീഷർ മഹസ്സറിനുമൊപ്പം കോടതിയിൽ ഹാജരാക്കിയെന്ന പ്രത്യേകതയും കേസിനുണ്ട്.

വിതുര ചെറ്റച്ചൽ ഗവ. നവോദയ വിദ്യാലയ പ്രിൻസിപ്പാൾ ആൻഡമാൻ നിക്കോബാർ ദ്വീപിലെ പോർട്ട് ബ്ലെയർ സ്വദേശി ഡോ. കെ. ഹരിദാസ് , സ്‌കൂളിലെ മുൻ യു.ഡി ക്ലാർക്ക് പുനലൂർ വിളക്കുടി കരിയറ സ്വദേശി പ്രസന്നകുമാർ , നന്ദിയോട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് പാലോട് നന്ദിയോട് സ്വദേശി പ്രഭു എന്ന പ്രഭാത് കുമാർ , പറണ്ടോട് ടെലഫോൺ എക്‌സേഞ്ചിലെ മുൻ ടെലിക്കോം മെക്കാനിക്ക് കല്ലറ മിതൃമല സ്വദേശി അംബുജാക്ഷൻ കാണി , ജെ സി ബി ഓപ്പറേറ്റർ തൊളിക്കോട് ചിറ്റുവീട് സ്വദേശി സജികുമാർ , തടി വ്യാപാരി വിതുര സ്വദേശി തുളസീധരൻ , ജെസിബി ഓപ്പറേറ്റർ വിതുര സ്വദേശി രഘു എന്നിവരാണ് മരം മുറിക്കേസിലെ 1 മുതൽ 7 വരെയുള്ള പ്രതികൾ. ഒന്നാം പ്രതിയായ പ്രിൻസിപ്പാൾ വിചാരണക്ക് മുമ്പ് മരണപ്പെട്ടു.

അഴിമതി നിരോധന നിയമത്തിലെ 13 (2), 13 (1) (സി) (യാതൊരു പൊതുതാൽപര്യവുമില്ലാതെ പൊതുസേവകൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് തനിക്കോ മൂന്നാം കക്ഷികൾക്കോ അനർഹമായ സാമ്പത്തിക നേട്ടമുണ്ടാക്കിക്കൊടുത്ത് സർക്കാരിന് അന്യായ നഷ്ടം വരുത്തൽ) , ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 406 (വിശ്വാസ ലംഘനം) , 409 (പൊതുസേവകർ ചെയ്യുന്ന ട്രസ്റ്റ് ലംഘനം) , 379 (മോഷണം) , 201( കുറ്റക്കാരെ ശിക്ഷയിൽ നിന്ന് മറയ്ക്കാനായി തെളിവ് അപ്രത്യക്ഷമാക്കൽ) , 465 (വ്യാജ നിർമ്മാണം) , 468 (ചതിക്കലിനായുള്ള വ്യാജ നിർമ്മാണം) , 471 (വ്യാജ നിർമ്മിതരേഖ അസ്സൽ രേഖ പോലെ ഉപയോഗിക്കൽ) ,120 ബി (ക്രിമിനൽ ഗൂഢാലോചന) , 34 (പൊതു ലക്ഷ്യത്തെ പുരോഗമിപ്പിക്കുന്നതിൽ പലരും കൂടി ചെയ്യുന്ന കൃത്യങ്ങൾ) എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ പ്രതികൾക്ക് മേൽ ചുമത്തിയാണ് കോടതി പ്രതികളെ വിചാരണ ചെയ്യുന്നത്.

സെപ്റ്റംബർ 6 ന് വിചാരണ ആരംഭിച്ച കേസിൽ ഇതിനോടകം 7 സാക്ഷികളെ വിസ്തരിക്കുകയും 10 രേഖകൾ അക്കമിട്ട് തെളിവിൽ സ്വീകരിക്കുകയും ചെയ്തു. തടി ലോറി കസ്റ്റഡിയിലെടുക്കുമ്പോൾ എസ് ഐക്കൊപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന വിതുര സിവിൽ പൊലീസ് ഓഫീസർ അഗസ്റ്റിൻ , മരം മുറിച്ച് കടത്തിയതിനും കൃത്യ സ്ഥല മഹസറിനും ദൃക്‌സാക്ഷികളായ നവോദയ സ്‌കൂളിലെ സ്റ്റോർ കീപ്പറും ക്ലർക്കുമായ ബേബി , ആനാട് സ്വദേശി മധുസൂധനൻ നായർ , മോഷണ തടികൾ കടത്തിയ 7 ലോറികളുടെ ഉടമകളായ മോഹനൻ , വർഗ്ഗീസ്. വി. ചാക്കോ , നസീം ഗസ് നഫർഖാൻ , ലോറി ഡ്രൈവർ പ്രഭാത് കുമാർ എന്നിവരെയാണ് വിസ്തരിച്ചത്. അനധികൃത മരം മുറിയെ സംബന്ധിച്ച് കൃത്യ സ്ഥല സീൻ മഹസർ തയ്യാറാക്കുകയും വീഡിയോ സി ഡി തയ്യാറാക്കുകയും ചെയ്ത തെന്നൂർ വില്ലേജ് അസിസ്റ്റന്റ് കൃഷ്ണകുമാർ , മരത്തടികൾക്ക് വില നിശ്ചയിച്ച വാല്യുവർ പാലോട് ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ചർ സതീശൻ , തടികളുടെ ചെക്ക് മെഷർമെന്റ് എടുത്ത പാലോട് ഫോറസ്റ്റ് റെയിഞ്ചാഫീസർ ഷാനവാസ് , സർക്കാർ ഭൂമിയിൽ നിന്ന് മരംമുറിക്കും മുമ്പ് ഫോറസ്റ്റ് ഡിവിഷൻ അസിസ്റ്റന്റ് കൺസർവേറ്ററിൽ നിന്നും മുൻകൂർ അനുമതി വാങ്ങണമെന്നത് തെളിയിക്കുന്നതിനായി തിരുവനന്തപുരം സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ അസി. ഫോറസ്റ്റ് കൺസർവേറ്റർ ജനാർദ്ദനൻ , കൺട്രോളിങ് അഥോറിറ്റിയുടെ അനുമതിയില്ലാതെ സർക്കാർ ഭൂമിയിൽ നിന്ന് പ്രതികൾ മരങ്ങൾ മുറിച്ചു കടത്തിയെന്ന് പൊലീസിൽ പരാതിപ്പെട്ട നെടുമങ്ങാട് അഡീ. തഹസിൽദാർ പി. എൻ. വേണു , വിജിലൻസ് കേസ് രജിസ്റ്റർ ചെയ്ത വിജിലൻസ് മുൻ ഡിവൈഎസ്‌പി കെ. മോഹൻകുമാർ , അന്വേഷണ ഉദ്യോഗസ്ഥരും വിജിലൻസ് ഡിവൈഎസ്‌പിമാരുമായ കെ. ബി. രവി , എം. സെയ്ബുദീൻ , ബി . വർഗ്ഗീസ് , സി. വിനോദ് എന്നിവരെ വരും ദിവസങ്ങളിൽ സാക്ഷികളായി വിസ്തരിക്കും.

2005 ഒക്ടോബർ 18 ന് വിതുര പൊലീസ് തടികൾ ലോഡ് ചെയ്ത് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറി പിടികൂടിയപ്പോഴാണ് സംഭവം പുറം ലോകമറിഞ്ഞത്. തടി കയറ്റിയ ലോറി പിടിച്ചെടുത്ത് സി ആർ പി സി സെക്ഷൻ 102 (മോഷണമുതലെന്ന് സംശയിച്ച് വസ്തുക്കൾ പിടിച്ചെടുക്കൽ) പ്രകാരമാണ് വിതുര പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഒക്ടോബർ 20 ന് എ. എസ്. സാ മില്ലിൽ നിന്നും തടികൾ പിടിച്ചെടുത്ത് സീഷർ മഹസറും തയ്യാറാക്കി.

കൃത്യ സ്ഥലം പാലോട് പൊലീസ് സ്റ്റേഷൻ ലോക്കൽ ലിമിറ്റിനകമാകയാൽ കേസ് പാലോട് പൊലീസിന് കൈമാറി. തടിമില്ലുകളിലടക്കം ഒതുക്കം ചെയ്തതും മറ്റിടങ്ങളിൽ മാർവാട് ചെയ്തതുമായ തടികൾ പിടിച്ചെടുത്ത പാലോട് എസ്‌ഐയും സിഐയും 7 പ്രതികളെയും തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്ത് അന്വേഷിച്ച കേസിൽ അഴിമതി കുറ്റകൃത്യങ്ങൾ കൂടി ഉൾപ്പെട്ടതിനാൽ സൗത്ത് സോൺ ഐ ജി ഡി ജി പി ക്കും വിജിലൻസ് ഡയറക്ടർക്കും റിപ്പോർട്ട് ചെയ്ത് വിജിലൻസ് കേസേറ്റടുക്കുകയായിരുന്നു. 2014 മെയ് 9 നാണ് തിരുവനന്തപുരം പൂജപ്പുര വിജിലൻസ് സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് - 1 ഡിവൈഎസ്‌പി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.