കണ്ണൂർ: കടന്നപ്പള്ളി പാണപ്പുഴയിൽ ഫർണിച്ചർ നിർമ്മാണ സ്ഥാപനത്തിന് മുന്നിൽ നിർത്തിയിട്ട വാഹനവും ഒന്നര ലക്ഷത്തിന്റെ മര ഉരുപ്പടികളും മോഷ്ടിച്ച കേസിൽ മുഖ്യസൂത്രധാരൻ കൂടി അറസ്റ്റിൽ. മയ്യിൽ കമ്പിൽ ചേലേരിമുക്ക് സ്വദേശി പി.ആരിഫി(27)നെയാണ് പരിയാരം ഇൻസ്പെക്ടർ കെ.വി ബാബുവിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ ഏപ്രിൽ ഒൻപതിനാണ് പാണപ്പുഴയിലെ ഫർണിച്ചർ വ്യാപാരി രമേശന്റെ ഉടമസ്ഥതയിലുള്ള കെ.എൽ. 13. എക്സ് 3634 നമ്പർ പിക് അപ്പ്വാനും മര ഉരുപടികളും പ്രതികൾ മോഷ്ടിച്ചത്.

സംഭവ ശേഷം പ്രതി മലപ്പുറം ജില്ലയിൽ സ്വകാര്യ ഹോട്ടലിൽ താമസിച്ച് ജോലി ചെയ്തു വരികയായിരുന്നു ഇയാൾ. കേസിൽ നേരത്തെ കമ്പിൽ സ്വദേശി നിഹാദി(20)നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ റിമാന്റിൽ കഴിയുകയാണ്. ദിവസങ്ങളായി വാഹനത്തിലെത്തി കവർച്ച മുതൽ നിരീക്ഷിച്ച പ്രതികൾ വാഹനം മണിക്കുറുകൾക്കുള്ളിൽ കടത്തികൊണ്ടുപോകുകയായിരുന്നു. കർണാടകയിലെ കൂർഗ്, ഷിമോഗ തുടങ്ങിയ സ്ഥലങ്ങളിൽ കൊണ്ട് വിൽപ്പന നടത്തുകയാണ് പതിവ് രീതി.

മോഷ്ടിച്ച വാഹനം കൂട്ടുപുഴയിൽ നിന്നും മര ഉരുപ്പടികൾ മാങ്ങാട്ട് നിന്നും പൊലീസ് കണ്ടെത്തി. ഒന്നേ മുക്കാൽ ലക്ഷം രൂപയ്ക്കാണ് മോഷ്ടിച്ച മര ഉരുപ്പടികൾ അടങ്ങിയ പിക് അപ് വാൻ പ്രതികൾ വിൽപ്പന നടത്തിയത്. വൻ വാഹന മോഷണ സംഘത്തിലെ മുഖ്യ സൂത്രധാരന്മാരാണ് പിടിയിലായവർ. അറസ്റ്റിലായ പ്രതിയെ ഇന്ന് പയ്യന്നൂർ കോടതിയിൽ ഹാജരാക്കും. അതേസമയം മറ്റൊരു കൂട്ടുപ്രതിയും പൊലീസിന്റെ കസ്റ്റഡിയിലായതായി വിവരമുണ്ട്. ഇയാളെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തു വരികയാണ്.

സംഘത്തിൽ എസ്‌ഐ രൂപ മധുസൂദനൻ, ഗ്രേഡ് എസ്‌ഐ പുരുഷോത്തമൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ നൗഫൽ അഞ്ചില്ലത്ത്, സി.പി.ഒ സോജി എന്നിവരമുണ്ടായിരുന്നു.