- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഐ.ടി മേഖലയിലെ 'വർക്ക് ഫ്രം ഹോം' ഇളവ് പിൻവലിക്കണമെന്ന് ബിജെപി എംപി; ഐടി ജീവനക്കാർ വീട്ടിലിരുന്നു ജോലി ചെയ്യുന്നത് മറ്റു മേഖലകളെ ബാധിക്കുന്നതായും ആക്ഷേപം
ബെംഗളൂരു: കോവിഡ് സാഹചര്യത്തിൽ ഐ.ടി മേഖലയിലെ ജോലിക്കാർക്ക് നൽകിവന്നിരുന്ന വർക്ക് ഫ്രം ഹോം ഇളവ് പിൻവലിക്കണമെന്ന ആവശ്യവുമായി ബിജെപി എംപി രംഗത്ത്. ബംഗളുരുവിലെ ബിജെപി എംപി പി.സി മോഹനാണ് ഈ ആവശ്യം ഉന്നയിച്ചു രംഗത്തുവന്നത്. രാജ്യത്തെ ഐടി വിദഗ്ധരുടെ മൂന്നിലൊന്നുമുള്ള ബെംഗളൂരുവിലെ ഐ.ടി മേഖലയിൽ തുടരുന്ന വർക്ക് ഫ്രം ഹോം ഇളവ് മറ്റുതൊഴിൽ മേഖലകളെയും പ്രതികൂലമായി ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി എംപി ആവശ്യം ഉന്നയിച്ചിരിക്കുന്ന ആവശ്യം.
ഐടി ജോലിക്കാർക്ക് വർക്ക് ഫ്രം ഹോം നൽകുന്നത് കാബ്, റിക്ഷ തുടങ്ങിയ ഗതാഗത മേഖലകളിലെയും ഹോട്ടൽ ഉൾപ്പെടെയുള്ള മറ്റു മേഖലകളിലെയും തൊഴിലാളികളെ സാരമായി ബാധിച്ചു. മറ്റു മേഖലകളെല്ലാം സാധാരണ നിലയിലേക്ക് മാറികഴിഞ്ഞിട്ടും സാമ്പത്തി സ്ഥിതി വീണ്ടെടുക്കാൻ ഐടി ജോലിക്കാർ എന്തുകൊണ്ട് സംഭാവന നൽകുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. ബെംഗളൂരു പോലുള്ള നഗരത്തിൽ ഐടി ഉദ്യോഗസ്ഥർ ചിലവഴിക്കുന്ന പണം മറ്റു തൊഴിൽ മേഖലകളെ നിലനിർത്തുകയും കൂടുതൽ പ്രാപ്തമാക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ ഐടി മേഖല വർക്ക് ഫ്രം ഹോമിൽ തുടരുന്നത് അനീതിയാണെന്നും മോഹൻ പറഞ്ഞു.
നഗരത്തിലെ സേവനങ്ങൾ ഉപയോഗപ്പെടുത്താൻ ഐടി ജോലിക്കാർ ഇല്ലാത്തതിനാൽ ഇത് സാമ്പത്തിക സ്ഥിതിയേയും ബാധിച്ചു. വർക്ക് ഫ്രം ഹോം ഇളവ് പിൻവലിക്കാൻ വ്യവസായികളുമായി സംസാരിക്കാൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയോട് അഭ്യർത്ഥിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിമാനം, ട്രെയിൻ, ബസ് എന്നിവയെല്ലാം പൂർണ ശേഷിയിൽ ഓടുന്നുണ്ടെങ്കിൽ ഐടി, ബിടി തൊഴിലാളികൾക്ക് ജോലിക്ക് പോകാൻ എന്താണ് തടസമെന്നും അദ്ദേഹം ചോദിച്ചു. ജോലികൾ സാധാരണ നിലയിൽ പുനരാരംഭിക്കണം. ആവശ്യമായ മുൻകരുതലുകളെല്ലാം അവർ സ്വീകരിക്കട്ടെയെന്നും മോഹൻ പറഞ്ഞു.
അതേസമയം എംപിയുടെ ആവശ്യത്തിനെതിരേ ഐടി മേഖലകളിൽ നിന്ന് വിമർശനവും ഉയർന്നു. വർക്ക് ഫ്രം ഹോം പിൻവലിക്കണമെന്ന ആവശ്യം പരിഹാസ്യമാണെന്ന് മുതിർന്ന ഐടി ഉപദേഷ്ടാവ് ലക്ഷ്മി വിശ്വനാഥ് പ്രതികരിച്ചു. കോവിഡ് സാഹ്ചര്യത്തിൽ ജൂൺ അവസാനം വരെയെങ്കിലും ഭൂരിഭാഗം ഐടി കമ്പനികളും ജോലിക്കാർക്ക് വർക്ക് ഫ്രം ഹോം ഇളവ് തുടരുമെന്നാണ് റിപ്പോർട്ടുകൾ.