മനാമ: ബഹ്‌റൈൻ സീറോ മലബാർ സൊസൈറ്റിയുടെ ഈ വർഷത്തെ 'വർക് ഓഫ് മേഴ്‌സി' അവാർഡിന് കോട്ടയം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന 'നവജീവൻ ട്രസ്റ്റ്' സ്ഥാപകനും മാനേജിങ് ട്രസ്റ്റിയുമായ പി.യു.തോമസിനെ തെരഞ്ഞെടുത്തതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കാരുണ്യ മേഖലയിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തുന്ന വ്യക്തികൾക്കും സംഘടനകൾക്കുമാണ് അവാർഡ് നൽകി വരുന്നത്. 50001രൂപയും ഫലകവും അടങ്ങുന്ന അവാർഡ് ഈ മാസം 25ന് വൈകീട്ട് 'സിംസ്' ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.

അശരണരായ മാനസിക രോഗികളുടെ പുനരധിവാസത്തിനുവേണ്ടി ഒരു സാധാരണ മനുഷ്യൻ നടത്തുന്ന അസാധാരണങ്ങളായ പ്രവർത്തനങ്ങൾക്ക് ബഹ്‌റൈൻ പ്രവാസി സമൂഹം നൽകുന്ന അംഗീകാരമാണ് ഈ അവാർഡെന്ന് 'സിംസ്' പ്രസിഡന്റ് ഫ്രാൻസിസ് കൈതാരത്ത് പറഞ്ഞു. 1991ൽ ആരംഭിച്ച 'നവജീവൻ' ട്രസ്റ്റിന്റെ പ്രവർത്തനങ്ങളിലൂടെ ആയിരക്കണക്കിന് മനോരോഗികൾക്ക് ചികിത്സയൊരുക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും പി.യു.തോമസിനു കഴിഞ്ഞിട്ടുണ്ട്.

കൂടാതെ, കോട്ടയം മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള ആതുരാലയങ്ങളിലെ പാവപ്പെട്ട രോഗികൾക്കും മറ്റും നൽകുന്ന സൗജന്യ ഭക്ഷണ വിതരണത്തിലൂടെ ദിവസം പ്രതി 5,000ത്തിലധികം ആളുകളാണ് തോമസിന്റെ കാരുണ്യ പ്രവർത്തനങ്ങളുടെ ഗുണഫലം അനുഭവിക്കുന്നത്. സൗജന്യ ആംബുലൻസ് സേവനം, മെഡിക്കൽ ക്യാമ്പുകൾ തുടങ്ങിയ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. കാരുണ്യ മേഖലയിലെ പ്രവർത്തനങ്ങളുടെ പേരിൽ നിരവധി പുരസ്‌കാരങ്ങൾ പി.യു.തോമസിനെ തേടിയെത്തിയിട്ടുണ്ട്. ഈ വർഷത്തെ 'വർക് ഓഫ് മേഴ്‌സി' അവാർഡിനൊപ്പം 'സിംസി'ന്റെ നവീകരിച്ച 'ക്രിസ്റ്റൽ ജൂബിലി ഗുഡ്വിൻ ഹാളി'ന്റെ സമർപ്പണവും നടക്കും. 'സിംസ്' മാഗസിനും ചടങ്ങിൽ പ്രകാശനം ചെയ്യും. സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങളിലെ പ്രമുഖർ പങ്കെടുക്കും. ബഹ്‌റൈൻ റോയൽ ചാരിറ്റി ഓർഗനൈസേഷൻ സെക്രട്ടറി ജനറൽ ഡോ.മുസ്തഫ അസയിദ് മുഖ്യാതിഥിയായിരിക്കും.

റവ.ഡോ.ഡേവിസ് ചിറമേൽ, മുരുകൻ എസ്. തെരുവോരം, ലഫ്.ജനറൽ (റിട്ട.) ശൈഖ് ദുഐജ് ഖലീഫ ബിൻ ദുഐജ് ആൽ ഖലീഫ എന്നിവരാണ് മുൻ വർഷങ്ങളിൽ ഈ അവാർഡ് നേടിയത്. വാർത്താസമ്മേളനത്തിൽ സെക്രട്ടറി ബിജു ജോസഫ്, വൈസ് പ്രസിഡന്റ് ബെന്നി വർഗീസ്, പ്രോഗ്രാം കോഓഡിനേറ്റർ പി.ടി. ജോസഫ്, കോർഗ്രൂപ്പ് ചെയർമാൻ ജോസഫ് കെ.തോമസ് തുടങ്ങിയവർ സംസാരിച്ചു.