ദുബായ്: ഡിപ്പൻഡന്റായി ദുബായിയിൽ എത്തിയ ശേഷം ജോലി ചെയ്യുന്നവർ നിർബന്ധമായും വർക്ക് പെർമിറ്റ് നേടിയിരിക്കണമെന്ന് തൊഴിൽ മന്ത്രാലയം. കാലാവധിയുള്ള വീസയും തൊഴിൽ മന്ത്രാലയത്തിൽ നിന്നുള്ള അനുമതിയും കൂടാതെ ജോലിയെടുക്കുന്നവരെ നിയമലംഘകരായാണു പരിഗണിക്കുകയെന്ന് അധികൃതർ വൃക്തമാക്കി.

എൻട്രി പെർമിറ്റോടു കൂടിയായിരിക്കണം രാജ്യത്ത് താമസിക്കേണ്ടത്. പ്രവാസികൾക്ക് ഇവിടെ താമസിക്കുന്നതിനുള്ള അടിസ്ഥാന രേഖയായി ഇതു കണക്കാക്കും. നിയമാനുസൃത എൻട്രി പെർമിറ്റ് ഇല്ലാത്തവർക്കെതിരേ നടപടി സ്വീകരിക്കുമെന്നും തൊഴിൽ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മന്ത്രാലയത്തിൽ നിന്ന് തൊഴിൽ പെർമിറ്റ് ലഭിച്ചവരുടെ പാസ്‌പോർട്ടിൽ താമസകുടിയേറ്റ വകുപ്പിൽ നിന്ന് വീസ പതിച്ചിരിക്കണം. ഇതിനു പുറമെ, തൊഴിൽ അവകാശങ്ങൾ സംരക്ഷിക്കുന്നതാണ് തൊഴിലുടമയും തൊഴിലാളിയും തമ്മിൽ കരാർ രൂപപ്പെടുത്തേണ്ടതും നിർബന്ധമാണ്. ഈ കരാർ ഔദ്യോഗിക രേഖയാകണമെങ്കിൽ പകർപ്പ് മന്ത്രാലയം സാക്ഷ്യപ്പെടുത്തണമെന്നും മുഹമ്മദ് പറഞ്ഞു.

ഡിപ്പൻഡന്റായി എത്തിയവർക്ക്  താഴിൽ ചെയ്യാൻ ചില ഇളവുകൾ മന്ത്രാലയം നൽകിയിട്ടുണ്ട്. ഇവർക്ക് അടിസ്ഥാനമായി വേണ്ടത് മന്ത്രാലയത്തിൽ നിന്നുള്ള തൊഴിൽ പെർമിറ്റാണ്. തൊഴിൽ അവകാശ സംരക്ഷണത്തിനായി ആശ്രിതവീസയിൽ ജോലിചെയ്യുന്നവർക്ക് കരാറുണ്ടായിരിക്കണം. ആരുടെ കീഴിലാണോ ജീവനക്കാർ രാജ്യത്തേക്കു പ്രവേശിച്ചത്, അവരും കാലാവധിയുള്ള വീസയുള്ളവരാകണമെന്നതും മന്ത്രാലയ വ്യവസ്ഥയാണ്. തൊഴിൽ പെർമിറ്റും കാലാവധിയുള്ള വീസയും ഇല്ലാത്തവർ കമ്പനികളിലും സ്ഥാപനങ്ങളിലും തൊഴിലെടുക്കുന്നത് നിയമലംഘനമാണ്. സ്‌പോൺസറും സ്‌പോൺസർക്കു കീഴിലുള്ള വ്യക്തിക്കും വീസ ഇല്ലെങ്കിൽ നിയമലംഘകർ നേരിടുന്ന അതേ ശിക്ഷാ നടപടികളാണുണ്ടാവുക. വീസാ, വർക്ക് പെർമിറ്റ് ഇവയിൽ ഏതെങ്കിലും ഒന്നിൽ വീഴ്ചവരുത്തുന്നത് രാജ്യം അനുശാസിക്കുന്ന തൊഴിൽ, കുടിയേറ്റ നിയമങ്ങൾക്കു വിരുദ്ധമാണ്. തൊഴിൽ നൽകുന്ന സ്ഥാപനങ്ങളാണു തൊഴിൽ പെർമിറ്റും അനുബന്ധ കരാറുകളും രൂപപ്പെടുത്തേണ്ടതെന്ന് മുഹമ്മദ് അഹ്മദ് അറിയിച്ചു.