- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
പ്രയത്‌നത്തിനുള്ള അംഗീകാരമായി ഈ അവാർഡ്; ജനങ്ങൾക്കുവേണ്ടി വിശ്രമമില്ലാതെ പ്രവർത്തിച്ചു; എല്ലാവരോടും നന്ദിയുണ്ടെന്ന് ജനകീയ എംപി അവാർഡ് ജേതാവ് എംബി രാജേഷ്
'ജനങ്ങളേൽപ്പിച്ച ചുമതല പാർലമെന്റിന്റെ അകത്തും പുറത്തും നിറവേറ്റാൻ വിശ്രമമില്ലാതെയും കഴിവുമുഴുവൻ വിനിയോഗിച്ചും പ്രവർത്തിച്ചിട്ടുണ്ട്. ആ പ്രയത്‌നത്തിനുള്ള അംഗീകാരമാണിത്. ആ അംഗീകാരത്തിന് എല്ലാവരോടും നന്ദി പറയുന്നു,' എം ബി രാജേഷ് വിനയാന്വിതനായി. കേരളത്തിലെ ലോകസഭാംഗങ്ങളിൽ പ്രവർത്തന മികവിനുള്ള മറുനാടൻ മലയാളിയുടെ ജനകീയ എംപി പുരസ്
'ജനങ്ങളേൽപ്പിച്ച ചുമതല പാർലമെന്റിന്റെ അകത്തും പുറത്തും നിറവേറ്റാൻ വിശ്രമമില്ലാതെയും കഴിവുമുഴുവൻ വിനിയോഗിച്ചും പ്രവർത്തിച്ചിട്ടുണ്ട്. ആ പ്രയത്‌നത്തിനുള്ള അംഗീകാരമാണിത്. ആ അംഗീകാരത്തിന് എല്ലാവരോടും നന്ദി പറയുന്നു,' എം ബി രാജേഷ് വിനയാന്വിതനായി. കേരളത്തിലെ ലോകസഭാംഗങ്ങളിൽ പ്രവർത്തന മികവിനുള്ള മറുനാടൻ മലയാളിയുടെ ജനകീയ എംപി പുരസ്‌കാരത്തിന് അർഹനായ രാജേഷ്, പുരസ്‌കാരലബ്ധി സംബന്ധിച്ച വാർത്തയോട് പ്രതികരിക്കുകയായിരുന്നു.
'പാർലമെന്ററി പ്രവർത്തനം വളരെ ഗൗരവമായി നിർവ്വഹിക്കാൻ സാധിച്ചു. വളരെ കുറച്ചുമാത്രം പ്രവർത്തിച്ച സഭയാണ് പതിനഞ്ചാം ലോക്‌സഭ. ലഭ്യമായ അവസരങ്ങൾ ജനകീയ പ്രശ്‌നങ്ങൾ ഉന്നയിക്കാൻ വിനിയോഗിച്ചു. പാർലമെന്റിൽ അഞ്ഞൂറിലേറെ ചോദ്യങ്ങൾ ഉന്നയിച്ചു. 137 സംവാദങ്ങളിൽ പങ്കെടുത്തു. മണ്ഡലത്തിന്റെയും കേരളത്തിന്റെയും പൊതുവായ പ്രശ്‌നങ്ങളും ഉന്നയിക്കുകയുണ്ടായി. 93% ഹാജരുണ്ട്,ന' രാജേഷ് തന്റെ പ്രവർത്തനം വിലയിരുത്തി.
പാർലമെന്റിൽ രാജേഷ് ഉയർത്തിയ വിഷയങ്ങൾ ശ്രദ്ധേയമാണ്. മംഗലാപുരത്ത് ആദിവാസി വിദ്യാർത്ഥിയെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് പീഡിപ്പിച്ച വിഷയം പാർലമെന്റിൽ ഉന്നയിച്ചത് രാജേഷ് ആയിരുന്നു. കാശ്മീരിൽ സൈന്യത്തിനു നൽകുന്ന പ്രത്യേകാധികാരനിയമം പിൻവലിക്കണമെന്ന് ആദ്യമായി പാർലമെന്റിൽ ആവശ്യപ്പെട്ടതും ഈ യുവജനനേതാവാണ്. നിഡോ താനിയ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് രാജ്യതലസ്ഥാനത്തെ വംശീയ അതിക്രമങ്ങൾക്കെതിരെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ നടത്തിയ പ്രകടനത്തിനുനേരെ ഡൽഹി പൊലീസ് അഴിച്ചുവിട്ട മർദ്ദനം തടയാൻ രാജ്യസഭാംഗം എംപി അച്യുതൻ എംപിയ്‌ക്കൊപ്പം ഈയിടെ രാജേഷ് ഇടപെട്ടതും പൊലീസിന്റെ മർദ്ദനത്തിനിരയായതും വാർത്തയായിരുന്നു. നഴ്‌സിങ് വിദ്യാർത്ഥികളുടെ ചൂഷണം, നഴ്‌സുമാരെ കുറഞ്ഞ ശമ്പളത്തിന് രാജ്യമെങ്ങുമുള്ള ആശുപത്രികളിൽ ജോലിക്ക് നിർത്തുന്ന ചൂഷണം തുടങ്ങിയ വിഷയങ്ങൾ അദ്ദേഹം ശക്തിയുക്തം പാർലമെന്റിലുയർത്തി. വിദ്യാഭ്യാസവായ്പ, ചില്ലറവിൽപ്പനമേഖലയിലെ വിദേശനിക്ഷേപം, പ്രവാസിക്ഷേമം, അട്ടപ്പാടിയിൽ പോഷകാഹാരക്കുറവു മൂലമുള്ള ശിശുമരണം തുടങ്ങി പാവപ്പെട്ടവരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും തൊഴിലാളികളുടെയും പ്രശ്‌നങ്ങൾ ഏറ്റവുമധികം പാർലമെന്റിൽ ഉയർത്തിയതും രാജേഷിന്റെ ജനങ്ങളോടുള്ള പ്രതിബദ്ധത തെളിയിക്കുന്നു.
കോമൺവെൽത്ത് ഗെയിംസ് വേദി പണിയാൻ എത്തിച്ച കരാർ തൊഴിലാളികൾക്ക് മിനിമം കൂലി പോലും നൽകാതെ കബളിപ്പിച്ച വിഷയം പാർലമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനും കേരളത്തിൽ നിന്നുള്ള ഈ എംപി വേണ്ടിവന്നു. വാഹന ഇൻഷൂറൻസ് കമ്പനികൾക്ക് വേണ്ടി കേന്ദ്രസർക്കാർ കൊണ്ടുവന്ന ഒരു ബിൽ രണ്ടുവർഷത്തോളം തടഞ്ഞുവയ്ക്കാൻ കഴിഞ്ഞത് രാജേഷിന്റെ വലിയൊരു നേട്ടമായി പറയണം. വാഹനാപകട മരണങ്ങൾക്ക് നൽകുന്ന പരമാവധി നഷ്ടപരിഹാരം പത്തുലക്ഷമാക്കി നിജപ്പെടുത്തുന്ന നിയമത്തിനെതിരെയാണ് രാജേഷ് ഭേദഗതി നിർദ്ദേശം അവതരിപ്പിച്ചത്. അപകടത്തിനിരയായ വ്യക്തി, അപകടം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് മരിക്കുന്നത് എങ്കിൽ ആ വ്യക്തി അപകടത്തിൽ നിന്നേറ്റ പരിക്കുമൂലമാണ് മരിച്ചത് എന്നു തെളിയിക്കേണ്ട ബാധ്യത മരിച്ചയാളുടെ ബന്ധുക്കൾക്കാവുമെന്നും ഇതേ ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു.
ഇൻഷൂറൻസ് കമ്പനികളെ സഹായിക്കുന്നതിനു വേണ്ടിയുള്ള ഇത്തരം വ്യവസ്ഥകൾക്കെതിരെ രാജേഷ് ഓരോ സമ്മേളനത്തിലും ഭേദഗതി നിർദ്ദേശം അവതരിപ്പിച്ചതോടെ രാഷ്ട്രീയഭേദമനേ്യ എംപിമാരുടെ പിന്തുണ സമാഹരിക്കാനായി. രാജേഷിനെയും ബിജെപി എംപി യശ്വന്ത് സിൻഹയേയും ഈ ബിൽ പാസാക്കാനായി പ്രത്യേക ചർച്ചയ്ക്ക് മന്ത്രി ക്ഷണിച്ചെങ്കിലും രാജേഷ് വഴങ്ങിയില്ല. രാഷ്ട്രീയാതീതമായി ബില്ലിനോട് ഉയർന്ന എതിർപ്പുമൂലം പാർലമെന്റിൽ ബിൽ പരാജയപ്പെടുമോ എന്ന ഭയത്തിൽ ചർച്ചയ്ക്കിടയിൽ തന്നെ ബിൽ മാറ്റിവച്ചു. രാജ്യസഭയിൽ നിന്ന് എംപിമാരുടെ നോട്ടക്കുറവുമൂലം പാസായി വന്ന ബിൽ ആയിരുന്നു ഇത്. ഈ ലോകസഭാകാലയളവിൽ ബിൽ പാസാക്കുന്നത് തടയാൻ രാജേഷിനായി. ഇക്കണോമിക് ടൈംസ് അടക്കമുള്ള ദേശീയ പത്രങ്ങൾ വളരെ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്ത വിഷയമായിരുന്നു, ഇത്.
എംപി ഫണ്ട് വിനിയോഗത്തിൽ പ്രത്യേക മാനദണ്ഡം അവതരിപ്പിച്ച് എംപിമാർക്ക് മാതൃകയായതും എടുത്തുപറയേണ്ടകാര്യമാണ്. ഫണ്ട് ചെലവഴിക്കുന്നതിന് മുൻഗണനാക്രമം നിശ്ചയിക്കുകയാണ് രാജേഷ് ചെയ്തത്. ഇതനുസരിച്ച് പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം, മാനസികവും ശാരീരികവുമായ പ്രശ്‌നം നേരിടുന്നവർക്കുള്ള സഹായം, സ്‌പോർട്‌സ്, സാംസ്‌കാരിക മേഖലകൾ എന്നിങ്ങനെയായിരുന്നു, ക്രമം. വികലാംഗരായ 57 പേർക്ക് പ്രത്യേക സൈക്കിൾ, അമ്പതു വായനശാലകൾക്ക് സർക്കാർ നൽകുന്നതിലുമധികം ഗ്രാൻഡ്, ക്യാപ്റ്റൻ ലക്ഷ്മിയുടെ സ്മാരകമായി ഒറ്റപ്പാലത്ത് കേരളത്തിലെ ഒരേയൊരു സൗജന്യ ഡയാലിസിസ് യൂണിറ്റ് തുടങ്ങിയവയൊക്കെ എംപി ഫണ്ടിൽ നിന്ന് അനുവദിച്ചു. പാലക്കാട് മണ്ഡലത്തിലെ എല്ലാ സർക്കാർ, ഹയർ സെക്കണ്ടറി സ്‌കൂളുകൾക്കും ലാബും ലൈബ്രറിയും പണിയാനും കായികമികവുള്ള സ്‌കൂളുകൾക്ക് മൾട്ടിജിം പണിയാനും ആവശ്യമായ പണം അനുവദിച്ചു. തകർന്നുകിടന്നിരുന്നു തൃശ്ശൂരിൽ നിന്ന് പാലക്കാട്ടേക്കുള്ള ദേശീയപാതയുടെ ഭാഗം നന്നാക്കാൻ കേന്ദ്രപദ്ധതിയിൽ നിന്ന് എംബി രാജേഷും പികെ ബിജുവും സംയുക്തമായി ഇടപെട്ട് 19 കോടി 70 ലക്ഷം രൂപ വാങ്ങിക്കൊടുത്തതും ശ്രദ്ധേയമായി.
വോട്ടെടുപ്പിന്റെ ആദ്യഘട്ടം മുതൽ തന്നെ മികച്ച ജനപിന്തുണ ലഭിച്ച എംപിയാണ് എംബി രാജേഷ്. 2009 ലെ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം മണ്ഡലങ്ങളിലും പ്രകടമായ യുഡിഎഫ് തരംഗം അതിജീവിച്ച് ഇടതുപക്ഷത്തിന്റെ പാലക്കാടൻ കോട്ട കാത്ത ഈ യുവ എംപി വിദ്യാർത്ഥി സംഘടന പ്രവർത്തനത്തിലൂടെയാണ് രാഷ്ട്രീയത്തിൽ എത്തുന്നത്. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും, തിരുവനന്തപുരം ലോ അക്കാദമി കോളജിൽ നിന്ന് നിയമ ബിരുദവുമുണ്ട്. എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ എന്നീ സംഘടനകളുടെ സംസ്ഥാന, ദേശീയ കമ്മറ്റികളുടെ ഭാരവാഹിയായിരുന്ന രാജേഷ് കന്നിയങ്കത്തിൽ കോൺഗ്രസിലെ സതീശൻ പാച്ചേനിയെ പരാജയപ്പെടുത്തിയാണ് ലോക്‌സഭയിൽ എത്തിയത്.
പിആർഎസ് ലെജിസ്ലേറ്റീവ് റിസർച്ചിൽ പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം കേരളത്തിൽ നിന്നുള്ള 20 എംപിമാരിൽ ഏറ്റവുമധികം ചർച്ചകളിൽ പങ്കെടുത്ത എംപി രാജേഷാണ്. 134 ചർച്ചകളിൽ പങ്കെടുത്ത രാജേഷ് ലോക്‌സഭയിൽ 513 ചോദ്യങ്ങൾ ചോദിച്ചു. 2013 ഡിസംബർ വരെയുള്ള കണക്കുകൾ പ്രകാരം എംബി രാജേഷിന് ലോക്‌സഭയിൽ 93 ശതമാനം ഹാജരുണ്ട്. ലോക്‌സഭാംഗങ്ങളുടെ ദേശീയ ശരാശരിയിൽ 76 ശതമാനം ഹാജരും സംസ്ഥാന ശരാശരിയിൽ 79 ശതമാനം ഹാജരുമുണ്ട്.
കഴിഞ്ഞ അഞ്ച് വർഷ കാലയളവിൽ എംബി രാജേഷ് 513 ചോദ്യങ്ങൾ പാർലമെന്റിൽ ചോദിച്ചു. തന്റെ മണ്ഡലത്തെ#ിലെ തന്നെ റെയിൽവെ കോച്ച് ഫാക്ടറി വിഷയത്തിൽ പാർലമെന്റിൽ നിരവധി തവണ രാജേഷ് ചോദ്യം ഉന്നയിച്ചിട്ടുണ്ട്. 2009 ജൂലൈ 26 നാണ് രാജേഷ് ആദ്യമായി കോച്ച് ഫാക്ടറിക്കായി പാർലമെന്റിൽ ചോദ്യം ചോദിച്ചത്. തുടർന്ന് 2010, 2011, 2012 വർഷങ്ങളിൽ വിവിധ സെഷനുകളിലായി പലതവണ കോച്ച് ഫാക്ടറിക്കായി രാജേഷ് ശബ്ദമുയർത്തി. വിദ്യാഭ്യാസ വായ്പ ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് വേണ്ടി2009 ജൂലൈ 23 ന് ചോദ്യം ഉന്നയിച്ചതാണ് ശ്രദ്ധേയമായ മറ്റൊരു ഇടപെടൽ. കേരളത്തിലെ കേര കർഷകരുടെ പ്രശ്‌നങ്ങൾ പാർലമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നു. ദുരഭിമാനഹത്യകൾ തടയുന്നതിന് കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് ചോദ്യം ഉന്നയിച്ചു. കേരളത്തിനായി ഐഐടി, ഗൾഫിൽ നിന്ന് മടങ്ങിയെത്തുന്നവർക്ക് പുനരധിവാസ പാക്കേജ്, പ്രവാസികളുടെ വോട്ടവകാശം തുടങ്ങിയ വിഷയങ്ങളും ഈ യുവനേതാവ് ഉന്നയിച്ചു.
ഐപിഎൽ അഴിമതി പാർലമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയും അനേ്വഷണം ആവശ്യപ്പെടുകയും ചെയ്തു. ഉത്സവ കാലത്ത് കേരളത്തിന് പുറത്ത് ജോലി ചെയ്യുന്നവർക്കായി പ്രത്യേക ട്രെയിനുകളും ഫ്‌ളൈറ്റുകളും ആവശ്യപ്പെട്ടു. എൻഡോസൾഫാൻ ദുരിത ബാധിതർക്കായി പ്രത്യേക സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ടതും ശ്രദ്ധേയമായി. കേരള ഗൾഫ് സെക്ടറിലേക്കുള്ള വിമാന നിരക്ക്, ഐപിഎൽ ഫണ്ടിന്റെ ആഭ്യന്തര ഓഡിറ്റ്, ന്യൂനപക്ഷ സ്ഥാപനങ്ങൾക്ക് പ്രത്യേക ഫണ്ട്, പ്ലാച്ചിമട ട്രെ#െബ്യൂണൽ ബിൽ, കേരളത്തിന് അധിക വൈദ്യുതി എന്നീ വിഷയങ്ങളും രാജേഷ് പാർലമെന്റിന്റെ ശ്രദ്ധയിൽകൊണ്ടുവന്നു.
പതിനഞ്ചാം ലോക്‌സഭയുടെ പതിനഞ്ച് സെഷനുകളിലെ രാജേഷിന്റെ ഹാജർ നില ഇപ്രകാരം :
2009 ആദ്യ സെഷൻ 100 %, ബഡ്ജറ്റ് സെഷൻ 100%, ശൈത്യകാല സമ്മേളനം 100%
2010 ബഡ്ജറ്റ് സെഷൻ 100%, മൺസൂൺ സെഷൻ 92%, ശൈത്യകാല സമ്മേളനം 96%
2011 ബഡ്ജറ്റ് സെഷൻ 74%, മൺസൂൺ സെഷൻ 96%, ശൈത്യകാല സമ്മേളനം 100%
2012 ബഡ്ജറ്റ് സെഷൻ 100%, മൺസൂൺ സെഷൻ 74%, ശൈത്യകാല സമ്മേളനം 95%
2013 ബഡ്ജറ്റ് സെഷൻ 81%, മൺസൂൺ സെഷൻ 95%, ശൈത്യകാല സമ്മേളനം 100%