റിയാദ്: ബിനാമി സ്ഥാപനങ്ങളെ കുറിച്ച് (tasattur) വിവരം നൽകുന്ന വിദേശ തൊഴിലാളിക്ക് തൊഴിലുടമയുടെ അനുമതി കൂടാതെ തന്നെ സ്‌പോൺസറെ മാറ്റാമെന്ന് ലേബർ മിനിസ്ട്രിയും സോഷ്യൽ ഡെവലപ്‌മെന്റ് ആൻഡ് കൊമേഴ്‌സ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് മന്ത്രാലയം സംയുക്തമായി പ്രസ്താവിച്ചു. അതേസമയം തൊഴിലാളിക്ക് ബിനാമി ഇടപാടിൽ പങ്കാളിത്തം ഉണ്ടായിരിക്കരുതെന്ന നിബന്ധന കൂടി മന്ത്രാലയം വ്യക്തമാക്കി.

ബിനാമി ഇടപാടുകൾക്ക് തടയിടാൻ സ്വദേശികളും വിദേശികളും ഒരുപോലെ സഹായിക്കണമെന്നാണ് ഇരുമന്ത്രാലയങ്ങളും വെൡപ്പെടുത്തിരിക്കുന്നത്. ഇത്തരത്തിൽ ബിനാമി ഇടപാടികൾ നടത്തുന്ന സ്ഥാപനങ്ങളെ കുറിച്ച് 1900 എന്ന നമ്പരിൽ പരാതിപ്പെടാമെന്നും മന്ത്രാലയങ്ങളുടെ ട്വിറ്റർ എക്കൗണ്ട് വഴിയും വിവരം അറിയിക്കാവുന്നതുമാണ്.

വാണിജ്യ, നിക്ഷേപ നിയമ ലംഘനം നടത്തുന്നവർക്ക് രണ്ട് വർഷം വരെ തടവ്, പത്ത് ലക്ഷം റിയാൽ വരെ പിഴ, മാദ്ധ്യമങ്ങളിൽ പേര് വിവരങ്ങൾ പരസ്യപ്പെടുത്തൽ തുടങ്ങിയ ശിക്ഷ നൽകാൻ നിയമം അനുശാസിക്കുന്നുണ്ട്.  സ്വദേശികളുടെ പേരിലുള്ളതോ വിദേശ നിക്ഷേപ ലൈസൻസുള്ള വിദേശിയുടെ പേരിലുള്ളതോ ആയ സ്ഥാപനങ്ങൾ മറ്റു വിദേശികൾ നടത്തുന്നത് ബിനാമിയായി പരിഗണിക്കുമെന്ന് പത്രക്കുറിപ്പിൽ പറയുന്നു.