ദോഹ: രാജ്യത്ത് ജോലി ചെയ്യുന്ന മുഴുവൻ തൊഴിലാളികൾക്ക് വെള്ളിയാഴ്ച നിർബന്ധമായും വാരാന്ത്യ അവധി നൽകണമെന്ന് മന്ത്രാലയത്തിന്റെ നിർദ്ദേശം. തൊഴിൽ മന്ത്രാലയമാണ് തൊഴിലുടമകൾക്കായി ഈ അറിയിപ്പ് ട്വിറ്ററിലൂടെ പുറപ്പെടുവിച്ചത്. പുതിയ തൊഴിൽ നിയമത്തിലെ 75-ാം നമ്പർ വകുപ്പിലെ വ്യവസ്ഥ വിശദീകരിച്ചാണ് മന്ത്രാലയത്തിന്റെ നിർദ്ദേശം.

പ്രവാസി തൊഴിലാളികളുടെ അവകാശങ്ങളും ചുമതലകളും വ്യക്തമാക്കിയുള്ള ബോധവൽക്കരണ പരിപാടികളുടെ ഭാഗമായാണ് വെള്ളിയാഴ്ച വാരാന്ത്യ അവധി നൽകണമെന്ന കർശനമായ നിലപാട് മന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്.

ഷിഫ്റ്റ് തൊഴിലാളികൾ ഒഴികെ രാജ്യത്തെ എല്ലാ തൊഴിലാളികൾക്കും വാരാന്ത്യത്തിൽ ഒരു ദിവസം നിർബന്ധമായും അവധി നൽകുന്നതിെനാപ്പം, കുറഞ്ഞത് 24 മണിക്കൂർ തുടർച്ചയായ മണിക്കൂർ അവധിയും മുഴുവൻ വേതനം നൽകുകയും വേണമെന്നും മന്ത്രാലയം ഓർമ്മപ്പെടുത്തുന്നു. വിവിധ സന്ദർഭങ്ങളിലായി, തൊഴിലാളിക്ക് മുഴുവൻ വേതനത്തോടും കൂടി പത്ത് ദിവസത്തെ അവധിക്കും അർഹതയുണ്ട
.
ഇതിൽ ഈദുൽ ഫിത്തറിനെർ മൂന്ന് ദിവസം, ബക്രീദിന്റെ മൂന്ന് ദിവസം, ദേശീയ ദിനം എന്നിവയാണ് അവധിദിനത്തിൽ ഉൾപ്പെടുന്നത്. ശേഷിക്കുന്ന മൂന്ന് ദിവസം തൊഴിലാളികൾക്ക് തെരഞ്ഞെടുക്കാമെന്നും നിയമത്തിൽ പറയുന്നു.

ഇത്തരം വിഷയങ്ങളിൽ പരാതി നൽകുന്നതിനു മന്ത്രാലയം കിയോസ്‌കുകൾ സ്ഥാപിച്ചിട്ടുണ്ട്. തൊഴിലാളി ചൂഷണത്തിനെതിരേ പരാതി നൽകുന്നതിന് ഹോട്ട്ലൈൻ സ്ഥാപിക്കുമെന്നും ഈയിടെ മന്ത്രാലയം അറിയിച്ചിരുന്നു.