കുവൈറ്റ് സിറ്റി: ഏഴു മാസത്തോളമായി ശമ്പളം മുടങ്ങിയ മലയാളികൾ അടക്കമുള്ള തൊഴിലാളികൾ പ്രതിഷേധവുമായി ഇന്ത്യൻ എംബസിക്കു മുന്നിലെത്തി. പ്രമുഖ കൺസ്ട്രക്ഷൻ കമ്പനിയായ ഖറാഫി നാഷണൽ കമ്പനിയിലെ തൊഴിലാളികളാണ് തങ്ങൾക്ക് ഏഴു മാസത്തെ ശമ്പളം മുടങ്ങിയെന്നും മോശമായ സാഹചര്യത്തിൽ ജീവിക്കേണ്ട അവസ്ഥയാണെന്നും വ്യക്തമാക്കിക്കൊണ്ട് എംബസിക്ക് പരാതി നൽകിയത്. ബുധനാഴ്ച രാവിലെ ഇന്ത്യൻ എംബസിയിലെത്തിയ ഇരുനൂറോളം ഇന്ത്യൻ തൊഴിലാളികൾ എംബസി ഉദ്യോഗസ്ഥർക്ക് ഇതുസംബന്ധിച്ച രേഖാമൂലം പരാതി നൽകി.

ഷൊയ്ബ ഇൻഡസ്ട്രിയൽ ഏരിയയിൽ വളരെ മോശമായ സാഹചര്യത്തിൽ ജീവിക്കുന്ന ഇവർ മൂന്നു ബസുകളിലായാണ് എംബസിയിൽ പ്രതിഷേധത്തിന് എത്തിയത്. കമ്പനി യൂനിഫോമിൽ തന്നെയാണ് ഇവർ ഉദ്യോഗസ്ഥരെ കാണാൻ എത്തിയതും. ശമ്പളം നൽകാത്തതിനോടൊപ്പം ശുചീകരണപ്രവൃത്തികൾ മുടങ്ങിയതുൾപ്പെടെയുള്ള പ്രശ്‌നങ്ങളും തൊഴിലാളികൾ എംബസി അധികൃതരെ ബോധിപ്പിച്ചു. വിവിധ രാജ്യക്കാരായ 1500ഓളം തൊഴിലാളികൾ ക്യാമ്പിൽ ദുരിത ജീവിതം നയിക്കുകയാണെന്ന് തൊഴിലാളികൾ പറഞ്ഞു. വേണ്ടത്ര വെള്ളം കിട്ടാനില്ലെന്നും വൈദ്യുതിയും വൈദ്യസഹായവുമെല്ലാം തങ്ങൾക്ക് ഇപ്പോൾ കിട്ടാക്കനിയാണെന്നും തൊഴിലാളികൾ ബോധ്യപ്പെടുത്തി.

പരാതി രേഖപ്പെടുത്തിയ എംബസി കമ്പനി അധികൃതരെ വിളിപ്പിക്കുകയും തൊഴിലാളികളുമായി ചർച്ചക്ക് അവസരമൊരുക്കുകയും ചെയ്തു. മുടങ്ങിയ ശമ്പളം കുടിശ്ശിക ഉൾപ്പെടെ ഈ മാസം 22നും മാർച്ച് ഒന്നിനും നൽകാമെന്ന് കമ്പനി അധികൃതർ ഉറപ്പുനൽകിയതോടെയാണ് തൊഴിലാളികൾ പിരിഞ്ഞുപോയത്. ഇതിൽ തന്നെ ചിലർ കമ്പനിയിൽ നിന്ന് ഇപ്പോഴേ രാജിവച്ചു കഴിഞ്ഞു. കമ്പനിയിൽ നിന്ന് തങ്ങൾക്ക് ശമ്പളം കിട്ടിയില്ലെങ്കിലും എങ്ങനെയും നാട്ടിലേക്ക് പോയാൽ മതിയെന്നും ഇവർ എംബസി ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി.

ഇതിനിടെ ജോലി രാജിവച്ച് പോയവരുടെ ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും സംബന്ധിച്ച പൂർണ വിവരങ്ങൾ ഒരാഴ്ചക്കുള്ളിൽ അറിയിക്കണമെന്നും എംബസി കമ്പനി അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സ്ഥാനപതി സുനിൽ ജെയിൻ, ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സുബാഷിഷ് ഗോൾഡർ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. ഒരാഴ്ചക്കുള്ളിൽ എംബസി പ്രതിനിധികൾ ക്യാമ്പ് സന്ദർശിക്കുമെന്ന് തൊഴിലാളികൾക്ക് സ്ഥാനപതി ഉറപ്പുനൽകിയിട്ടുണ്ട്.