ദോഹ: രാജ്യത്ത് വരും ദിവസങ്ങളിൽ ചൂടേറിയതാവുമെന്ന് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ദോഹയിലും പരിസരത്തും താപനില 47 ഡിഗ്രിസെൽഷ്യസിലെത്തുമെന്നും കാലാവസ്ഥാ വിഭാഗം ചൂണ്ടിക്കാട്ടി. കഠിനമായ ചൂടിനോടൊപ്പം തന്നെ നേരിയ പൊടിക്കാറ്റിനും രാജ്യം സാക്ഷിയാകും.

തീരങ്ങളിൽ ശക്തമായ കാറ്റ് വീശും. അഞ്ച് മുതൽ 18 വരെ നോട്ടിക്കൽ മൈൽ വേഗതയിൽ കാറ്റ് വീശും. കടലിൽ ആറ് മുതൽ 15 വരെ നോട്ടിക്കൽ മൈൽ വേഗതയിലായിരിക്കും കാറ്റ് വീശുക. ദൂരക്കാഴ്ച നാല് മുതൽ എട്ട് കിലോമീറ്റർ വരെയായിരിക്കും. തിരമാല ഒരടി മുതൽ മൂന്നടി വരെ തീരത്തേക്ക് കയറും. കടലിൽ ആറടി വരെ ഉയരുമെന്നും കാലാവസ്ഥാ വിദഗ്ദ്ധർ വ്യക്തമാക്കി.

ഖത്തറിൽ ചൂട് വർധിച്ചുവരുന്ന സാഹചര്യത്തിൽ ജൂൺ 15 മുതൽ പുറംജോലിയിലേർപ്പെടുന്ന തൊഴിലാളികൾക്ക് മധ്യാഹ്ന വിശ്രമ നിയമം പ്രാബല്യത്തിൽ വരും. ഓഗസ്റ്റ് 31വരെ തൊഴിലാളികൾക്ക് മധ്യാഹ്ന ഇടവേള അനുവദിക്കണമെന്നാണ് നിയമം. നിയമം ലംഘിക്കുന്ന കമ്പനികളിൽനിന്നു വൻതുക പിഴ ഈടാക്കും.

കൂടാതെ കമ്പനി ഒരു മാസം വരെ പൂട്ടിയിടാനും നിയമത്തിൽ വ്യവസ്ഥയുണ്ട്. 2007 മുതലാണ് കനത്ത ചൂടിൽ നിന്ന് തൊഴിലാളികൾക്ക് ആശ്വാസം നേടാനായി ഉച്ചസമയത്ത്് വിശ്രമം അനുവദിക്കാൻ ഖത്തർ ഭരണകൂടം നിയമപരമായി തീരുമാനമെടുത്തത്.

രാവിലെ തുടർച്ചയായി അഞ്ചുമണിക്കൂറിലധികം തൊഴിലാളികളെ കൊണ്ട് തൊഴിലെടുപ്പിക്കരുതെന്ന് നിയമം നിർദേശിക്കുന്നു. നിയമലംഘനങ്ങൾ ബോധ്യപ്പെട്ടാൽ തൊഴിൽമന്ത്രാലയത്തെ നേരിട്ട് വിളിച്ചറിയിക്കാം.

ഇതിനായി ഹെൽപ് ലൈനും സജ്ജമാക്കിയിട്ടുണ്ട്. 44241101 ആണ് ഹെൽപ്പ് ലൈൻ നമ്പർ. രണ്ടര മാസം തൊഴിലാളികളുടെ ജോലി സമയക്രമം തൊഴിൽസ്ഥലത്ത് കൃത്യമായി പ്രദർശിപ്പിച്ചിരിക്കണം. തൊഴിലാളികൾക്കും തൊഴിൽ പരിശോധകർക്കും പെട്ടെന്ന് കാണാവുന്ന വിധത്തിലായിരിക്കണം ഡ്യൂട്ടി ഷെഡ്യൂൾ പ്രദർശിപ്പിക്കേണ്ടത്.