ലണ്ടൻ: ഒരു മണിക്കൂറെങ്കിലും എക്‌സർസൈസ് ചെയ്താലോ അരമണിക്കൂർ നടന്നാലോ കുറയ്ക്കാവുന്ന കൊഴുപ്പ് മിനിറ്റുകൾ കൊണ്ട് കത്തിച്ചുകളയാൻ കഴിഞ്ഞാലോ? പൊണ്ണത്തടിയും കൊളസ്‌ട്രോളും എങ്ങനെ കുറയ്ക്കുമെന്ന് ചിന്തിച്ച് തലപുണ്ണാക്കുകയും വാഗ്ദാനങ്ങളുമായി എത്തുന്ന സർവമരുന്നും പരീക്ഷിച്ച് പരാജയപ്പെടുകയും ചെയ്യുന്നവർക്ക് ഇനി ആശ്വസിക്കാം. ഒരു മിനിറ്റ് മാത്രം നീളുന്ന ചില എക്‌സർസൈസുകൾ ചെയ്താൽ കലോറി കുറയ്ക്കാനാകുമെന്നാണ് ഗവേഷകരുടെ പുതിയ കണ്ടെത്തൽ.

ദീർഘനേരത്തെ എക്‌സർസൈസുകൾ തരുന്ന അതേ ഫലം പൊടുന്നനെ 60 സെക്കന്റുകൊണ്ട് തീവ്രമായി ചെയ്യുന്ന ചില വർക്കൗട്ടുകളിലൂടെ ലഭിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. ബെഡ്‌റൂമിൽത്തന്നെ ചെയ്യാവുന്ന എക്‌സർസൈസുകളാണ് ഹൈ ഇന്റൻസിറ്റി ഇന്റർവെൽ ട്രെയിനിങ് എന്നറിയപ്പെടുന്ന പുതിയ രീതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സ്‌കിപ്പിങ്ങ്, ബോക്‌സിങ് പഞ്ചിങ്, ചെറിയ ചാട്ടങ്ങൾ എന്നിങ്ങനെയുള്ള ചില വർക്കൗട്ടുകൾ ഒരു മിനിറ്റ് ചെയ്താൽ പത്തുമിനിറ്റോളം നടക്കുന്നതിന് തുല്യമായ ഫലംകിട്ടുമെന്നാണ് മക്മാസ്റ്റർ യൂണിവേഴ്‌സിറ്റിയിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുള്ളത്. ജീവിതത്തിരക്കിൽ തീരെ സമയമില്ലാത്തവർക്ക് എക്‌സർസൈസ് ചെയ്യാൻ കഴിയുന്നില്ലെന്ന സ്ഥിതി പരിഗണിച്ചായിരുന്നു പഠനം.

സ്‌കിപ്പിങ് പതിയെത്തുടങ്ങി വേഗംകൂട്ടുന്ന രീതിയിലുള്ള എക്‌സർസൈസ് മസിൽ ഫൈബറുകളുടെ പുളയലിന് വേഗംകൂട്ടുമെന്നും ഇത് ദീർഘനേരം ചെയ്യുന്ന എക്‌സർസൈസിന് തുല്യമായ ഫലം നിമിഷങ്ങൾക്കകം നൽകുമെന്നുമാണ് കണ്ടെത്തിയിട്ടുള്ളത്. ചടുലമായി ചാടിച്ചാടി നിന്ന് ബോക്‌സിങ് രീതിയിൽ വായുവിൽ പഞ്ച് ചെയ്താലും ഇതേ ഫലം ലഭിക്കും. തുടക്കത്തിൽ പതിയെ ചെയ്തുതുടങ്ങിയ ശേഷം പിന്നീട് ഇടിയുടേയും സ്‌കിപ്പിങ്ങിന്റേയും വേഗം കൂട്ടിക്കൂട്ടി കൊണ്ടുവരാനാണ് ഗവേഷകർ നിർദേശിക്കുന്നത്.

ഈ എക്‌സർസൈസുകൾ ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം മെച്ചപ്പെടുത്തും. ശരീരത്തിലേക്കുള്ള ഓക്‌സിജൻ പ്രവാഹം ഗണ്യമായി കൂടും. എത്രത്തോളം തീവ്രമായി ചെയ്യാനാകുമോ അത്രയും നല്ലതെന്നാണ് ഗവേഷകരുടെ അഭിപ്രായം. ആദ്യം കൂടുതൽ സമയം ചെയ്യേണ്ടിവരുമെങ്കിലും പിന്നീട് വായുവിലുള്ള ഇടിയുടേയും സ്‌കിപ്പിങ്ങിന്റേയും വേഗംകൂട്ടി സമയം കുറച്ചുകൊണ്ടുവരുന്ന രീതിയാണ് ഈ എക്‌സർസൈസുകളിൽ പരീക്ഷിച്ചത്.
കുത്തിയിരുന്ന് പൊടുന്നനെ ചാടുന്ന എക്‌സർസൈസും ഇത്തരത്തിൽ ഗുണകരമാണെന്ന് വിലയിരുത്തപ്പെടുന്നു.

എക്‌സർസൈസ് 1

കാലുകൾ ഷോർഡർ ലെവലിൽ അകറ്റിവച്ച് നിൽക്കുക. പാദങ്ങളിൽ ഭാരം വരുന്ന രീതിയിൽ പതിയെ താഴോട്ട് ഇരിക്കുക. കാൽമുട്ട് 90 ഡിഗ്രി ആകുന്ന ക്രമത്തിലേക്കാണ് താഴേണ്ടത്. എന്നിട്ട് പൊടുന്നനെ പറ്റുന്നത്ര ഉയരത്തിലേക്ക് ആ പൊസിഷനിൽ നിന്ന് ചാടുക. ഇത് ചെയ്യാൻ പറ്റുന്നത്രയും ആവർത്തിക്കുക.

എക്‌സർസൈസ് 2

ഇടുപ്പിന്റെ ലെവലിൽ കാലുകൾ അകറ്റി നിൽക്കുക. നിൽക്കുന്നിടത്തുതന്നെ ഓടുന്നതുപോലെ കാലുകൾ ചലിപ്പിക്കുക. നിന്നുകൊണ്ടുള്ള ഓട്ടത്തിനിടയിൽ കാൽമുട്ടുകൾ പരമാവധി ഉയർത്താൻ ശ്രമിക്കണം. ഓട്ടത്തിൽ ബാലൻസ് ലഭിച്ചുതുടങ്ങിക്കഴിഞ്ഞാൽ മുഷ്ടി ചുരുട്ടി ഇരുകൈകൾകൊണ്ടും മാറിമാറി വായുവിൽ ബോക്‌സിങ് പഞ്ച് ചെയ്തു തുടങ്ങുക. ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമായ എക്‌സർസൈസാണിത്.

എക്‌സർസൈസ് 3

ആയാസം ഏറ്റവും കൂടിയതും ഏറ്റവും ഗുണകരവുമായ അഭ്യാസമാണിത്. നിന്നുകൊണ്ട് കൈകൾ താഴ്‌ത്തി കുനിഞ്ഞ് കൈപ്പത്തികൾ നിലത്ത് പതിച്ചുവയ്ക്കുക. കൈപ്പത്തികൾ ഉറപ്പിച്ചശേഷം കാലുകൾ പിന്നോട്ടു നീട്ടി ചാടുകയും അങ്ങനെ നെഞ്ച് നിലത്ത് മുട്ടി കമഴ്ന്നുവീഴുന്ന പൊസിഷനിൽ വരികയും ചെയ്യുക. അവിടെനിന്ന് തിരിച്ച് കാലുകൾ ഉയർത്തിച്ചാടി കൈപ്പത്തികൾക്ക് അരികിൽ കുത്തി രണ്ടാമത്തെ പൊസിഷനിലേക്ക് തിരിച്ചെത്തുക. ചാടുമ്പോൾ നെഞ്ചിലേക്ക് കാൽമുട്ടുകൾ പതിയുംവിധം വരുത്താൻ ശ്രമിക്കുക. ആദ്യമെല്ലാം ഒന്നോ രണ്ടോ തവണയേ ചെയ്യാനാകൂ. സൂക്ഷിച്ചുചെയ്തില്ലെങ്കിൽ മറിഞ്ഞുവീണെന്നും വരാം. എന്നാൽ പതിയെപ്പതിയെ ബാലൻസ് ലഭിക്കുന്നതോടെ ഇത് അഞ്ചോ ആറോ തവണ ചെയ്യുന്നതിലൂടെത്തന്നെ വലിയ ഗുണം ലഭിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ഈ എക്‌സർസൈസുകളെല്ലാം ആദ്യം പതിയെ പരീക്ഷിച്ച് ബാലൻസ് ഉറപ്പിച്ച ശേഷമേ വേഗം കൂട്ടാവൂ. വേഗം കൂട്ടുന്നതിനനുസരിച്ച് സമയം കുറച്ചുകൊണ്ടുവരാനും കഴിയും. വാമപ്പിനായി രണ്ടുമിനിറ്റ് സ്‌കിപ്പിങ് മതിയാകും. 20 മിനിറ്റ് ജോഗിങ്ങിന്റെ ഫലം ഇതിലൂടെ ലഭിക്കുമെന്നും വിദഗ്ദ്ധർ പറയുന്നു.