ഭൂമിയെ തൊട്ടു തൊട്ടില്ലെന്ന മട്ടിൽ കടന്ന് പോകുന്ന ഭീമാകാരമായ ഉൽക്കകളെ മനുഷ്യർ ഇനിയും ഗൗരവമായെടുത്തില്ലെങ്കിൽ മനുഷ്യവർഗവും മറ്റ് ജന്തുജാലങ്ങളും ഭൂമിയിൽ നിന്നും അധികം വൈകാതെ ഇല്ലാതാകുമെന്നാണ് ശാസ്ത്രലോകം മുന്നറിയിപ്പേകിയിരിക്കുന്നത്.ദിനോസറുകളെ ഭൂമുഖത്ത് നിന്നും തുടച്ചു നീക്കിയതും സൈബീരിയയിലെ 2000 സ്‌ക്വയർ കിലോമീറ്റർ ഇല്ലാതാക്കിയതുമായ ഉൽക്കയെ പോലുള്ളവ ഇനിയും ഭൂമിയെ തകർക്കാനെത്തുമെന്നാണ് ശാസ്ത്രജ്ഞന്മാർ പ്രവചിക്കുന്നത്. അതിനാൽ ലോകാവസാനത്തിന് ഒരുങ്ങിയിരിക്കാനും ശാസ്ത്രലോകം മുന്നറിയിപ്പേകുന്നു. അതായത് 65 മില്യൺ വർഷങ്ങൾക്ക് മുമ്പുണ്ടായത് പോലുള്ള ഭീമൻ ഉൽക്കാപതനങ്ങൾ ഇനിയും ഭൂമിയെ കാത്തിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ അടുത്ത കാലം വരെ ഇത്തരം പ്രവചനങ്ങളെ പരിഹാസത്തോടെയായിരുന്നു മിക്കവരും വരവേറ്റിരുന്നത്.

എന്നാൽ ഇപ്പോൾ ഇത്തരം ഉൽക്കാഭീഷണികളെ ലോകമാകമാനമുള്ള ശാസ്ത്രജ്ഞരും എൻജിനീയർമാരും അത്യന്തം ഗൗരവത്തോടെയാണ് പരിഗണിച്ച് വരുന്നത്. അതിനാൽ ഇവയെക്കുറിച്ച് ഇവർ നിരന്തരം സൂക്ഷ്മമായി നിരീക്ഷിച്ച് വരുന്നുമുണ്ട്. ഇവയെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങളെക്കുറിച്ച് വരെ ഇന്ന് ആലോചിച്ച് വരുന്നുണ്ട്. ഇതിനായി നാസയ്ക്ക് കീഴിൽ പ്ലാനറ്ററി ഡിഫെൻസ് കോഓർഡിനേഷൻ ഓഫീസ് പോലുമുണ്ട്. ഇത്തരം ഭീമൻ ഉൽക്കാ ഭീഷണിയെ നേരിടുന്നതിനെ ശാസ്ത്രലോകം എത്ര മാത്രം ഗൗരവത്തോടെയാണ് സമീപിക്കുന്നുവെന്നതിനുള്ള തെളിവാണിത്. ഇത്തരത്തിലുള്ള ഉൽക്കാപതനങ്ങളെ എത്രത്തോളം ഫലപ്രദമായി പ്രതിരോധിക്കാൻ സാധിക്കുമെന്നുള്ള ഗവേഷണം നടത്തുകയാണീ ഓഫീസിന്റെ ലക്ഷ്യം.

ദിനോസറുകളെ വർഷങ്ങൾക്ക് മുമ്പ് കൊന്നൊടുക്കിയതിന് സമാനമായ വലുപ്പമുള്ള ഉൽക്കകളെ ഈ അടുത്ത കാലത്ത് ഭൂമിയുടെ സമീപത്ത് കണ്ടെത്തിയെന്നാണ് ഗവേഷകർ സാക്ഷ്യപ്പെടുത്തുന്നത്. എത്രയോ കാലമായി നിരവധി ചെറിയ ഉൽക്കകൾ ഭൂമിയുടെ ഉപരിതലത്തിൽ പതിച്ച് ഉണ്ടാക്കിയ നിരവധി നാശനഷ്ടങ്ങൾ ഇനിയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും സൂചനയുണ്ട്. 1908ൽ സൈബീരിയയിലെ വന പ്രദേശത്ത് വൻ ഉൽക്ക പതിച്ചതിനെ തുടർന്നായിരുന്നു 2000 സ്‌ക്വയർ കിലോമീറ്റർ പ്രദേശത്ത് സർവനാശം വിതയ്ക്കപ്പെട്ടിരുന്നത്.ഈ ഉൽക്കയ്ക്ക് 50 മീറ്റർ നീളമായിരുന്നു ഉണ്ടായിരുന്നത്. ഭൂമിക്കടുത്ത് കൂടെ ഇത്തരത്തിലുള്ള നിരവധി വസ്തുക്കൾ നിരന്തരം കടന്ന് പോകുന്നുണ്ടെങ്കിലും ഇവയിൽ വെറും ഒരു ശതമാനത്തെ മാത്രമേ തിരിച്ചറിയാൻ സാധിക്കുന്നുള്ളുവെന്നതാണ് യാഥാർത്ഥ്യം.

നിർഭാഗ്യവശാൽ ഒരു വൻ ഉൽക്ക ഭൂമിയുടെ ഉപരിതലത്തിൽ പതിക്കുയാണെങ്കിൽ അതുണ്ടാക്കുന്ന സർവനാശം നമുക്ക് ഭാവനയിൽ പോലും കാണാൻ പറ്റാത്തതാണെന്നാണ് ശാസ്ത്രജ്ഞന്മാർ മുന്നറിയിപ്പേകുന്നത്. ഓരോ അഞ്ച് ലക്ഷം വർഷങ്ങൾ കൂടുമ്പോഴും ഭൂമിയിൽ ഭീമൻ ഉൽക്ക പതിക്കുകയും ആഗോള പരിസ്ഥിതിയിൽ വൻ പ്രത്യാഘാതമുണ്ടാക്കുമെന്നുമാണ് നിലവിൽ ഗവേഷകർ കണക്കാക്കിയിരിക്കുന്നത്.നിലവിൽ അറിയപ്പെടുന്ന ആസ്റ്ററോയ്ഡുകളുടെ സ്ഥാനം ഓൺലൈൻ ഡാറ്റാബേസിലൂടെ കൃത്യമായി കണക്കാക്കുന്നതിനുള്ള സംവിധാനങ്ങളുണ്ടെങ്കിലും അവയുടെ ആന്തരിക തലത്തെക്കുറിച്ചുള്ള അറിവ് ഗവേഷകർക്ക് കുറവാണ്. ഭൂമിയിൽ പതിക്കുന്ന ഉൽക്കകളുടെ അവശിഷ്ടങ്ങൾ പരിശോധിച്ചുള്ള അറിവ് മാത്രമാണ് ഗവേഷകർക്ക് ഇക്കാര്യത്തിലുള്ളത്.ഏതായാലും ഇത്തരത്തിലുള്ള ഭീമൻ ഉൽക്കകളിലൊന്ന് ഭൂമിയിൽ പതിച്ചാൽ ഇവിടെ സർവനാശമുണ്ടാകുമെന്നുറപ്പാണ്.